തിരുവനന്തപുരം: തലസ്‌ഥാനത്തെ ഏറ്റവും പഴക്കമേറിയ മള്‍ട്ടി സ്‌പെഷ്യല്‍റ്റി ആശുപത്രികളിലൊന്നായ മുറിഞ്ഞപാലത്തെ ജിജി ഹോസ്‌പിറ്റല്‍ ഇന്ന് അടച്ചു പൂട്ടും. ഗോകുലം ഗോപാലന് ആശുപത്രി കൈമാറിയതായും ആറു മാസത്തിനു ശേഷം കൂടുതല്‍ സജ്‌ജീകരണങ്ങളോടെ ഇതേ പേരില്‍ ആശുപത്രി പുനരാരംഭിക്കുമെന്നും ഉടമ ഡോ.ജി. വേലായുധന്‍ അറിയിച്ചു. ജിജി എന്നത് ഇനി ഗോകുലം ഗോപാലന്റെ ചുരുക്കപ്പേരായിരിക്കുമെന്നു മാത്രം. ഇതേ സമയം തങ്ങള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കാതെയും, പുതിയ ആശുപത്രി തുറക്കുമ്പോള്‍ അവിടെ ജോലി നല്‍കാമെന്നു രേഖാമൂലം ഉറപ്പു നല്‍കാതെയും ആശുപത്രി പൂട്ടാനുള്ള നീക്കത്തെ എതിര്‍ക്കുമെന്ന് ആശുപത്രി ജീവനക്കാരുടെ സംയുക്‌ത സമരസമിതി അറിയിച്ചു.
മുപ്പത്തിയഞ്ചു വര്‍ഷം പഴക്കമുള്ള ആശുപത്രി കാലഹരണപ്പെട്ടുവെന്നും, സ്‌ഥലപരിമിതിയും സജ്‌ജീകരണങ്ങളുടെ അപര്യാപ്‌തതയുംമൂലം മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയാത്ത അവസ്‌ഥയിലാണെന്നും ഡോ. വേലായുധന്‍. തനിക്ക് 82 വയസ്സായി. രോഗിയുമായി. മൂന്നു വര്‍ഷമായി പുറത്തുപോലും ഇറങ്ങാനാവാതെ ആശുപത്രിയുടെ എട്ടാം നിലയിലെ മുറിയില്‍ തനിച്ചു കഴിയുകയാണ്. ഈ നിലയില്‍ ഒറ്റയ്‌ക്ക് ആശുപത്രി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്തതിനാലാണു ഗോകുലം ഗോപാലനു വിറ്റതെന്ന് അദ്ദേഹം വിശദീകരിച്ചു.
ജീവനക്കാര്‍ക്കെല്ലാം ഒരു മാസത്തെ ശമ്പളവും, ജോലിചെയ്‌ത ഓരോ വര്‍ഷത്തിനും 15 ദിവസത്തെ വീതം ശമ്പളവും ആനുകൂല്യമായി നല്‍കുമെന്നു ഡോ. വേലായുധന്‍ അറിയിച്ചുവെങ്കിലും ഇതു ജീവനക്കാര്‍ക്കു സ്വീകാര്യമല്ല. ആശുപത്രിയില്‍ 350ഓളം ജീവനക്കാരുണ്ട്. പലരും മുപ്പതിലേറെ വര്‍ഷമായി ഇവിടെ പണിയെടുക്കുന്നു. ജീവനക്കാരുടെ വിയര്‍പ്പുകൊണ്ടു പടുത്തുയര്‍ത്തിയ ആശുപത്രി കൈമാറുമ്പോള്‍ അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കി അവരെ പറഞ്ഞയയ്‌ക്കാതെ വില്‍ക്കുന്നത് അംഗീകരിക്കാനാവില്ല എന്നതാണ് ജീവനക്കാരുടെ നിലപാട്.
ആശുപത്രി പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായി ആറുമാസം അടച്ചിടുകയാണെന്നും, ഈ കാലയളവില്‍ ജീവനക്കാര്‍ക്കു മുഴുവന്‍ ശമ്പളവും നല്‍കുമെന്നും, പുതിയ ആശുപത്രി തുടങ്ങുന്നമുറയ്‌ക്ക് ഗോകുലം ഗോപാലന്റെ കൂടി സാന്നിധ്യത്തില്‍ നല്‍കിയ ഉറപ്പ് ഡോ. വേലായുധന്‍ ലംഘിച്ചിരിക്കുകയാണെന്നും അവര്‍ ആരോപിച്ചു. എന്നാല്‍ താന്‍ അങ്ങനെയൊരു ഉറപ്പ്‌നല്‍കിയട്ടില്ലെന്ന് ഡോ. വേലായുധന്‍. മുന്നൂറ്റിയന്‍പതു കുടുംബങ്ങളെ പട്ടിണിയിലേക്കു തള്ളിവിടാതെ ആശുപത്രി പ്രവര്‍ത്തിപ്പിച്ചു കൊണ്ടു തന്നെ അറ്റകുറ്റപ്പണി നടത്തണമെന്നും, അല്ലാത്തപക്ഷം ജീവനക്കാര്‍ ഇവിടംവിട്ട് പോകില്ലെന്നും സംയുക്‌ത സമരസമിതി പ്രസ്‌താവനയില്‍ പറയുന്നു.
Discussion about this post