തിരുവനന്തപുരം: ശിവഗിരി മഠാധിപതിയും ശ്രീ നാരായണ ധര്‍മസംഘം പ്രസിഡന്റുമായിരുന്ന സ്വാമി ശാശ്വതീകാനന്ദയുടെ ദുരൂഹ മരണത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐയെ ഏല്‍പ്പിക്കും വരെ ശ്രീനാരായണ ധര്‍മവേദി സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നു സംസ്‌ഥാന ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ പറഞ്ഞു. ശ്രീനാരായണ ധര്‍മവേദി ജില്ലാ കമ്മിറ്റി സെക്രട്ടേറിയറ്റിനു മുന്‍പില്‍ സംഘടിപ്പിച്ച ഉപവാസം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശിവഗിരി ധര്‍മസംഘം പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ ഉദ്‌ഘാടനം ചെയ്‌തു.
ശാശ്വതീകാനന്ദയുടെ മാതാവ് കൗസല്യ 41 നിലവിളക്കുകളില്‍ തിരി തെളിച്ചു. ശിവഗിരി മഠത്തിലെ സന്യാസിമാരായനിര്‍മാനന്ദ, കൃഷ്‌ണാനന്ദ, വിശ്വജ്‌ഞാനാനന്ദ, സംവിധാനന്ദ എന്നിവരും ധര്‍മവേദി സംസ്‌ഥാന വൈസ് ചെയര്‍മാന്‍ ഡോ. ബിജു രമേശ്, മാത്യു സ്‌റ്റീഫന്‍, റിട്ട. ജഡ്‌ജി ഹരിദാസ്, ശിവരാജ വിജയന്‍, എം.ബി. ശ്രീകുമാര്‍ എന്നിവരും പ്രസംഗിച്ചു.
സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തിലെ ദുരൂഹതയെപ്പറ്റി സിബിഐ അന്വേഷിക്കണമെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആവശ്യപ്പെട്ടു. പത്തനംതിട്ട എസ്‌എന്‍ഡിപി യൂണിയന്റെ സ്വാമി ശാശ്വതീകാനന്ദ അനുസ്‌മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു. സ്വാമിയുടെ മരണം എല്ലാവര്‍ക്കും വലിയ നഷ്‌ടമായിരുന്നു. പക്ഷേ, ഇവിടെയൊരാള്‍ക്ക് അതു ലാഭമായി.
സ്വാമിയുടെ സ്‌മാരകമായി ചിലത് ഉണ്ടാക്കി പിന്നെ വിറ്റവരാണ് അവര്‍. ശ്രീനാരായണ ഗുരു സമാധിയായപ്പോള്‍ പോലും തര്‍ക്കം തുടങ്ങിയവരാണു നമ്മള്‍. അത് ഇന്നും തുടരുന്നു. ഇതൊക്കെ അവസാനിപ്പിക്കേണ്ട സമയം കഴിഞ്ഞു. സ്വാമി ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പിന്നാലെഏറെ വിവാദങ്ങള്‍ ഉണ്ടായിരുന്നു. മരിച്ചിട്ടും അതു തുടരുന്നു. സ്വാമിയുടെ മരണത്തിനു പിന്നിലെ സത്യം എന്തെന്ന് അറിയുന്നവരും വിവാദമുണ്ടാക്കുകയാണ്. ഇതിലൊക്കെ ആനന്ദം കൊള്ളുന്നവര്‍ ഗുരുനിന്ദയാണു ചെയ്യുന്നത്. സ്വന്തം ആത്മീയ നേതാവു മരിച്ചാല്‍ ഇങ്ങനെ ആനന്ദിക്കുന്നവര്‍ നമ്മുടെ സമുദായത്തിലല്ലാതെ കാണുമോ? – വെള്ളാപ്പള്ളി ചോദിച്ചു.
Discussion about this post