ബെയ്‌ജിങ്: കൈലാസനാഥന്റെ സവിധത്തിലേക്ക് ഇനി വിമാനത്തില്‍ പറന്നുചെല്ലാം. ഹിന്ദുക്കളുടെ പ്രമുഖ തീര്‍ഥാടന കേന്ദ്രമായ ഹിമാലയത്തിലെ കൈലാസത്തിലേക്കും മാനസസരസ്സിലേക്കും വിമാനയാത്ര സാധ്യമാക്കി ടിബറ്റില്‍ ചൈന പുതിയ വിമാനത്താവളം തുറന്നു.കൈലാസവും ശിവന്‍ പാര്‍വതിക്കു സമ്മാനിച്ചതെന്നു വിശ്വസിക്കുന്ന മാനസസരസ്സും സ്‌ഥിതിചെയ്യുന്ന നഗാരി പ്രദേശത്താണു പുതിയ ഗണ്‍സാ വിമാനത്താവളം. 4500 മീറ്റര്‍ റണ്‍വേയുള്ള വിമാനത്താവളം സമുദ്രനിരപ്പില്‍ നിന്നു 4200 മീറ്റര്‍ ഉയരത്തിലാണ്.
4556 മീറ്റര്‍ ഉയരത്തിലാണു മാനസസരസ്സ്.ടിബറ്റിലെ നാലാമത്തെ വിമാനത്താവളമാണിത്. നിര്‍മാണത്തിലുള്ള അഞ്ചാമതു വിമാനത്താവളം ഒക്‌ടോബറില്‍തുറന്നു കൊടുത്തേക്കും. ഈ വിമാനത്താവളങ്ങള്‍ വഴി ടിബറ്റിലേക്കു വിനോദസഞ്ചാരികളുടെ വന്‍ പ്രവാഹമാണു ചൈന ലക്ഷ്യമിടുന്നത്.
ഇന്ത്യ – നേപ്പാള്‍ അതിര്‍ത്തിയോടു ചേര്‍ന്നു സ്‌ഥിതിചെയ്യുന്ന മാനസസരസ്സിലേക്ക് ഇതുവരെ ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകര്‍ നേപ്പാള്‍ വഴിയാണു പ്രധാനമായും പോയിരുന്നത്. കഠ്‌മണ്ഡുവില്‍ നിന്നു ദുര്‍ഘടം പിടിച്ച പാതയിലൂടെ മൂന്നുദിവസം നീളുന്ന വാഹനയാത്ര നടത്തേണ്ടതുണ്ട്.ബുദ്ധ, ജൈന മത വിശ്വാസികളുടെ കൂടി തീര്‍ഥാടന കേന്ദ്രമായ കൈലാസത്തില്‍ ദേവാലയങ്ങളോ പ്രതിഷ്‌ഠകളോ ഇല്ല. തീര്‍ഥാടകര്‍ മാനസസരോവരത്തെയും കൈലാസത്തെയും പ്രദക്ഷിണം ചെയ്‌തു മടങ്ങും. സരോവരത്തിലെ തീര്‍ഥവും കല്ലുകളും പ്രസാദമായി സ്വയം എടുക്കും.
Discussion about this post