ന്യൂഡല്‍ഹി: ജീവനക്കാരുടെ മുടങ്ങിക്കിടന്ന നാലു മാസത്തെ ശമ്പളം ഡിസംബറോടെ കൊടുത്തുതീര്‍ക്കുമെന്ന കമ്പനി അധികൃതരുടെ ഉറപ്പിന്മേല്‍ കിങ്ഫിഷര്‍ എയര്‍ലൈന്‍സിലെ ജീവനക്കാര്‍ നടത്തിവന്ന പണിമുടക്ക് ഒത്തുതീര്‍ന്നു. ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ പൈലറ്റുമാരും എഞ്ചിനീയമാരുമായി വെവ്വേറെ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഒത്തുതീര്‍പ്പ് വ്യവസ്ഥ അംഗീകരിക്കപ്പെട്ടത്. മാര്‍ച്ചിലെ ശമ്പളം 24 മണിക്കൂറിനുള്ളിലും ഏപ്രിലിലെ ശമ്പളം ഒക്‌ടോബര്‍ 31നകവും നല്‍കാനും ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ടെന്ന് എഞ്ചിനീയര്‍മാരുടെ സംഘടനയുടെ നേതാവ് സുഭാഷ്ചന്ദ്ര അറിയിച്ചു. വ്യവസ്ഥകള്‍ അംഗീകരിച്ചുകൊണ്ട് എഴുതിനല്‍കണമെന്ന നിബന്ധനയും കമ്പനി ഉപേക്ഷിച്ചതായി നേതാക്കള്‍ അറിയിച്ചു.
ഇന്നു മുതല്‍ ജീവനക്കാര്‍ ജോലിയില്‍ തിരികെ പ്രവേശിക്കുമെന്നാണ് കിംഗ്ഫിഷര്‍ സിഇഒ സഞ്ചയ് അഗര്‍വാള്‍ അറിയിച്ചത്. തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ കിംഗ്ഫിഷര്‍ ചെയര്‍മാനായ വിജയ് മാല്യയ്ക്കെതിരെ ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രി നടക്കുന്ന ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ പ്രതിഷേധപ്രകടനം നടത്തുമെന്നു ജീവനക്കാരുടെ പ്രതിനിധികള്‍ പറഞ്ഞിരുന്നു.
Discussion about this post