Monday, July 7, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

ഗര്‍ഗ്ഗഭാഗവതസുധ – ഗോലോകധാമം

by Punnyabhumi Desk
Oct 26, 2012, 12:25 pm IST
in സനാതനം

ചെങ്കല്‍ സുധാകരന്‍

1. ഗോലോകധാമം

ശ്രീകൃഷ്ണകഥകളാല്‍ പ്രസിദ്ധമായ ഒരു അനശ്വരകൃതിയാണ് ഗര്‍ഗ്ഗഭാഗവതം. വ്യാസഭാഗദവതത്തിലുള്ളതും ഇല്ലാത്തതുമായ ഒട്ടധികം കഥകള്‍ ഗര്‍ഗ്ഗാചാര്യര്‍ തന്റെ കൃതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരിക്കല്‍ യോഗിമുഖ്യനായ ഗര്‍ഗ്ഗാചാര്യര്‍, നൈമിശാരണ്യത്തിലെത്തി. അദ്ദേഹത്തെ കണ്ട് സന്തുഷ്ടനായ ശൗനികന്‍, ഭക്ത്യാദരപൂര്‍വ്വം പൂജിച്ച്, മഹര്‍ഷിയെ ആസനസ്ഥനാക്കി.

‘സതാം പര്യടനം ധന്യം
ഗൃഹീണാം ശാന്തയേ സ്മൃതം
നൃണാമന്തസ്തമോഹാരീ
സാധുരേവ ന ഭാസ്‌കരഃ’

(ഗൃഹസ്ഥന്മാര്‍ക്ക് ശാന്തിയരുളുകയാണ് സജ്ജനപര്യടനലക്ഷ്യം. ജനഹൃദയത്തിലെ തമസ്സകറ്റുന്നത് സജ്ജനങ്ങളാണ്, സൂര്യനല്ല) എന്നുപറഞ്ഞ് മുനിയെ സ്തുതിച്ചു. തുടര്‍ന്ന്, ഇപ്രകാരം ചോദിച്ചു; പ്രഭോ, അങ്ങ് എന്റെ ഒരു സംശയം ദൂരീകരിച്ചാലും. മഹാവിഷ്ണുവിന്റെ അവതാരം എത്രവിധമുണ്ട്?

സത്കഥാവിവരണത്തില്‍ സന്തുഷ്ടനായ ഗര്‍ഗ്ഗമഹര്‍ഷി പറയാന്‍ തുടങ്ങി: ബ്രഹ്ജ്ഞാ, ‘അങ്ങയുടെ ചോദ്യം നന്ന്. വക്താവിനും ശ്രോതാവിനും സുഖം നല്കുന്നതാണല്ലോ ഭഗവത്കഥാകീര്‍ത്തനം! ഇതിന്ന് ഞാന്‍, മറ്റു രണ്ടുപേരുടെ സംവാദം കേള്‍പ്പിക്കാം.’

മഹാമുനി തുടര്‍ന്നു: മിഥിലയില്‍, ശാന്തനും ശ്രീകൃഷ്ണഭക്തനുമായ ബഹുലാശ്വന്‍ എന്ന ഒരു രാജാവുണ്ടായിരുന്നു. ഒരിക്കല്‍ തന്റെ രാജധാനിയിലെത്തിയ നാരദമഹര്‍ഷിയെ ആദരിച്ചാസനസ്ഥനാക്കിയ ശേഷം അദ്ദേഹം ചോദിച്ചു. മഹാമുനേ, ആദ്യന്തരഹിതനായ ശ്രൂപുരുഷോത്തമന്‍ എന്തിനായിട്ടാണ് അവതാരങ്ങളെടുത്തത്?


നാരദമഹര്‍ഷി ബഹുലാശ്വമഹാരാജാവിന്റെ ഉത്കണ്ഠ ശമിപ്പിക്കുമാറ്, ഭഗവാന്റെ അവതാരോദ്ദേശ്യം വിവരിക്കാന്‍ തുടങ്ങി. ‘മഹാരാജാവേ, അവതാരങ്ങള്‍ പലവിധമുണ്ട്. അംശാവതാരം, ആവേശാവതരാം, കലാവതാരം, പൂര്‍ണ്ണാവതാരം, പരിപൂര്‍ണ്ണതമാവതരാം എന്നിങ്ങനെ. ഇവയില്‍, ശ്രീകൃഷ്ണഭഗവാന്റേത് പരിപൂര്‍ണ്ണതമാവതാരമാണ്’.

ബഹുലാശ്വന്‍ ജിജ്ഞാസുവായി. അദ്ദേഹം ദേവര്‍ഷിയോട് ചോദിച്ചു: ‘ഋഷീശ്വരാ, ഏതുകാരണത്താലാണ് ശ്രീകൃഷ്ണാവതാരമുണ്ടായത്? ബ്രഹ്മജ്ഞനായ അങ്ങ് എനിക്കു പറഞ്ഞുതന്നാലും’. കരുണാമയനായ നാരദര്‍ഷി ബഹുലാശ്വമഹാരാജാവിന്റെ ദാഹശമനാര്‍ഥം പറഞ്ഞുതുടങ്ങി: ‘അസുരാംശജാതരായ രാജാക്കന്മാരാല്‍ ഭൂമിദേവി അസഹനയായി. അതീവദുഃഖിതയായ ദേവി ബ്രഹ്മസന്നിധിയിലെത്തി തന്റെ ആവലാതി അറിയിച്ചു. പിതാമഹന്‍ ഭൂമിദേവിയേയും മഹാദേവനേയും മറ്റു ദേവന്മാരേയും കൂട്ടി വൈകുണ്ഠത്തിലെത്തി. കാര്യമറിഞ്ഞ ശ്രീഹരി പ്രശ്‌നപരിഹാരത്തിന് ഗോലോകപതിയായ ശ്രീകൃഷ്ണഭഗവാനെ ആശ്രയിക്കാന്‍ ബ്രഹ്മാവിനോടു പറഞ്ഞു.

മഹാവിഷ്ണുവിനാല്‍ നീതരായ ദേവമുഖ്യന്മാര്‍ ഭൂമിദേവിയുമൊത്ത് ബ്രഹ്മാണ്ഡത്തിനു പുറത്തിറങ്ങി. അവിടെ, വേറെ, അനേകകോടി ബ്രഹ്മാണ്ഡങ്ങള്‍ കാണായി.

‘ഇന്ദ്രായണ ഫലാനീവ
ലുഠന്ത്യാനി വൈ ജലേ
വിലോക്യ വിസ്മിതാഃ സര്‍വ്വേ
ബഭുവശ്ചികിതാ ഇവ’.

(വിരജാനദിയില്‍ ഉരുണ്ടുകളിക്കുന്ന ഫലങ്ങള്‍പോലെ അനവധി ബ്രഹ്മാണ്ഡങ്ങളെ കണ്ട് ദേവന്മാര്‍ ഭയചകിതരായി.)

ആ നദീതീരത്ത് ആയിരം ഫണമാര്‍ന്ന ആദിശേഷന്‍! ആദിശേഷന്റെ മടിയില്‍ ഗോലോകം! മുന്നോട്ടുനീങ്ങിയ വിഷ്ണ്വാദി ദേവന്മാരെ കൃഷ്ണദൂതന്മാര്‍ തടഞ്ഞു. തങ്ങള്‍ തടയപ്പെടേണ്ടവരല്ലെന്നും ദേവപാലകരായ ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരാണെന്നും, ദേവന്മാര്‍ അറിയിച്ചു. കൃഷ്ണദാസന്മാര്‍ അകത്തുചെന്നറിയിച്ചതിനാല്‍, ചന്ദ്രാനന എന്ന കൃഷ്ണസഖി ദേവന്മാരുടെ മുന്നിലെത്തി.

അവള്‍ ചോദിച്ചു.

‘കസ്യാണ്ഡസ്യാധിപോ ദേവാഃ
യൂയം സര്‍വ്വേ സമാഗതാഃ
(ഇവിടെയെത്തിയ നിങ്ങള്‍, ഏതു ബ്രഹ്മാണ്ഡത്തിന്റെ അധിപന്മാരാണ്?)

ഇതുകേട്ട് ദേവന്മാര്‍ പരിഭ്രമിച്ചു. ‘ എന്ത്, വേറെയും ബ്രഹ്മാണ്ഡങ്ങളോ?’ അവരുടെ അമ്പരപ്പുകണ്ട് ചന്ദ്രാനന പറഞ്ഞു: ‘ദേവകളെ, ബ്രഹ്മാണ്ഡങ്ങള്‍ കോടിക്കണക്കിനുണ്ട്. നിങ്ങള്‍ക്ക് സ്വവസതി ഏതെന്നുപോലും അറിയില്ലല്ലോ?’
ഏവരും ലജ്ജിതരായി. അപ്പോള്‍, ശ്രീ മഹാവിഷ്ണു അവളോടു പറഞ്ഞു: ‘ ഏതു ബ്രഹ്മാണ്ഡമാണോ വാമനമൂര്‍ത്തിയുടെ കാല്‍നഖം തട്ടിയുടഞ്ഞത്, അതാണ് ഈ ദേവന്മാരുടെ വസതി’.

ചന്ദ്രാനന അതുകേട്ട് സന്തോഷിച്ചു. ദേവന്മാരെ അഭിനന്ദിച്ചു. ശ്രീകൃഷ്ണാന്തഃപുരത്തിലേക്കു പ്രവേശിക്കാന്‍ അവര്‍ക്ക് അനുമതി നല്‍കി. ദേവന്മാര്‍ ഗോലോകാന്തര്‍ഭാഗം കണ്ട് വിസ്മിതരായി. ഗിരിരാജനായ ഗോവര്‍ദ്ധനം! കോടിക്കണക്കിന് ഗോക്കള്‍! കല്പവൃക്ഷങ്ങള്‍! ലതാകുഞ്ജങ്ങള്‍! അതിശയനീയസൗന്ദര്യമാര്‍ന്ന ഗോപികമാര്‍!

മുപ്പത്തിരണ്ടു വനം ചുഴുന്ന നിജനികുഞ്ജം! മുന്നിലായി പടര്‍ന്നു പന്തലിച്ചു നില്ക്കുന്ന പേരാല്‍! രത്‌നം പടുത്തു മോഹനമായ വിശാലാങ്കണം. വിനയാന്വിതരായി നില്‍ക്കുന്ന ദേവകോടികള്‍! അവിടെ ആയിരം ഇതളുള്ള ഒരു താമര! അതിന്മീതെ ഏഴിതളുള്ള മറ്റൊന്ന്. രണ്ടാമത്തേതിനു മുകളില്‍ മൂന്നു സോപാനങ്ങളോടുകൂടിയ ഒരു ഹേമസിംഹാസനം! അതില്‍ രാധാസഹിതനായ സാക്ഷാല്‍ ശ്രീകൃഷ്ണഭഗവാന്‍!

വശ്യമോഹനമായ ശ്രീകൃഷ്ണരൂപം കണ്ട് വിഷ്ണുവും ബ്രഹ്മാവും മഹാദേവനുമുള്‍പ്പെടെയുള്ളവര്‍ ആശ്ചര്യത്താല്‍ മതിമറന്നു. അവര്‍ സാഷ്ടാംഗം നമസ്‌കരിച്ചു. മഹാവിഷ്ണു ദേവമദ്ധ്യത്തില്‍നിന്ന് മുന്നോട്ടുനീങ്ങി, മല്ലെ മെല്ലെ ശ്രീകൃഷ്ണരൂപത്തില്‍ വിലയം പ്രാപിച്ചു. പൂര്‍ണ്ണനായ നരസിംഹമൂര്‍ത്തിയും സീതാസമേതനായ രാമനും യജ്ഞമൂര്‍ത്തിയായ നാരായണനും ശ്രീകൃഷ്ണരൂപത്തില്‍ ലയിച്ചു ചേരുന്നതായി കണ്ടു. ഈ കാഴ്ച ദേവന്മാരെ ആശ്ചര്യസ്തബ്ധരാക്കി. ശ്രീകൃഷ്ണഭഗവാന്‍ പരിപൂര്‍ണ്ണതമനാണെന്നറിഞ്ഞ് ഏവരും ഭഗവാനെ സ്തുതിച്ചു.

(ഏതൊരു ദേവനിലാണോ സര്‍വദേവതേജസ്സും ലയിക്കുന്നത് ആ ദേവനാണ് പരിപൂര്‍ണ്ണതമന്‍)

അവസാനം ദുഷ്ടഭാരത്താലസഹ്യയായ ഭൂമിദേവിയുടെസങ്കടവും അവര്‍, ശ്രീകൃഷ്ണനെ അറിയിച്ചു. ഇതുകേട്ട് ശ്രീകൃഷ്ണഭഗവാന്‍ ദേവന്മാരോട് പറഞ്ഞു.

‘ഹേ സുരജ്ജ്യേഷ്ഠ! ഹേ ശംഭോ!
ദേവാഃ ശൃണുത മദ്വചഃ
യാദവേഷു ച ജന്യദ്ധ്വ-
മംശൈഃ സ്ത്രീഭിര്‍ മദാജ്ഞയാ.’

(ഹേ ബ്രഹ്മശങ്കരന്മാരേ, ദേവന്മാരേ, കേട്ടാലും. നിങ്ങള്‍ സ്ത്രീകളോടൊത്ത് യദുകുലത്തില്‍ പിറക്കുവാന്‍! ഞാനും അവിടെത്തന്നെ അവതരിച്ച് ഭൂഭാരം അവസാനിപ്പിച്ചുകൊള്ളാം).

ഏതേതു ദേവന്മാര്‍ ഏതേതു നാമത്തില്‍ ഏതേതു ഭവനങ്ങളില്‍ ജനിക്കണമെന്നും എല്ലാമറിയിച്ച്, ദേവന്മാരെ സന്തുഷ്ടരാക്കിയ ശേഷം, ഭഗവാന്‍ അന്തര്‍ധാനം ചെയ്തു. ഈ കഥയുടെ സൂക്ഷ്മതലമെന്താണെന്ന് പരിശോധിക്കാം. ആരിലുമുണ്ടാകുന്ന ആസുരഭാവം, ദൈവശക്തിയിലാശ്രയിച്ച് പരിഹരിക്കാം. ഭൂമിദേവിയും ദേവന്മാരും ശ്രീകൃഷ്ണഭഗവാനില്‍ പരിപൂര്‍ണ്ണസമര്‍പ്പണം ചെയ്യുകയാണല്ലോ? ആമയങ്ങള്‍ നീങ്ങുവാന്‍ ഈശ്വരനല്ലാതെ മറ്റാരുമില്ലെന്ന ശുദ്ധഭക്തിയാണ് ഇക്കഥയുടെ പൊരുള്‍!

ഭൂമിദേവിയുടെ ദുഃഖം ലോകം (ലോകര്‍) ആസുരസ്വഭാവരായതിനാല്‍ ഉണ്ടായതാണ്. അസുരര്‍ എന്നാല്‍, അസുക്കളില്‍ – ഇന്ദ്രിയങ്ങളില്‍ – രമിക്കുന്നവര്‍ എന്നാണര്‍ത്ഥം. ലൗകിക സുഖാലസ്യം തന്നെയാണ്. ഗര്‍ഗ്ഗാചാര്യര്‍ സൂചിപ്പിക്കുന്ന ആസുരത! ഇത്തരം ഭാരം പരിഹരിക്കാന്‍ എന്താണു ചെയ്യേണ്ടത? ശരണാഗതി തന്നെ. അതിനാണ് ഭൂമിദേവി ബ്രഹ്മാവിനെ ശരണം പ്രാപിച്ചത്. മനുഷ്യര്‍ തിരിച്ചറിവിലൂടെ ഈശ്വരാര്‍പ്പണബുദ്ധിയുള്ളവനായി എന്നു സാരം. ‘ബുദ്ധിനം സാരഥിം വിദ്ധി’ എന്ന ഉപനിഷദ്വാക്യമനുസരിച്ച് ബ്രഹ്മാവ് ഗുരുവാകുന്നു. ഗുരു കാട്ടിയ പാതയിലൂടെ വിഷ്ണുവിന്റെ മുന്നിലെത്തി ലോകവ്യാപ്തമായ ദൈവീഭാവമാണ് വിഷ്ണു! ‘ വേവഷ്ടിനം ഇതി’. ലോകം നിറഞ്ഞ ഈശ്വരഭാവത്തെ ഗുരു മനസ്സിലാക്കിക്കൊടുത്തു. എന്നാല്‍, അപ്പോഴും ലബ്ധകന് പൂര്‍ണ്ണതത്ത്വമുള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല.

അന്വേഷണം തുടര്‍ന്നു. സൂക്ഷ്മമായ അന്വേഷണങ്ങളിലൂടെ പരംപൊരുള്‍ വ്യക്തമായി. ഗോലോകേശനായ സാക്ഷാല്‍ ശ്രീകൃഷ്ണന്‍ പ്രത്യക്ഷനായി എന്നതിനര്‍ഥം അതാണ്. വിരജാനദിയും അതിലെ ബ്രഹ്മാണ്ഡങ്ങളും വിസ്മയമുളവാക്കി. ഉള്ളിലെ ഗര്‍വങ്ങളെല്ലാമൊടുങ്ങി എന്നാണിതിന് അര്‍ത്ഥം! അതിനുശേഷമാണ് ഭഗവദ്ദര്‍ശനമുണ്ടായത്. ആയിരം ഫണമാര്‍ന്ന അനന്തന്റെ മടിത്തട്ടിലാണ് ഗോലോകം! കാലത്തിനധീനമായ പ്രപഞ്ചംതന്നെയാണിത്. ദിനം, പക്ഷം, മാസം, വര്‍ഷം എന്നിങ്ങനെയുള്ള കാലപരിച്ഛേദങ്ങള്‍ തന്നെയാണ് അനന്തഫണങ്ങള്‍! സുദീര്‍ഘകാലത്തെ തപസ്വാധ്യായങ്ങളിലൂടെ പ്രപഞ്ചപ്പൊരുള്‍ കണ്ടെത്തുകയാണ് സാധകന്‍!

ഗോലോകത്തില്‍ ആയിരം ഇതളുള്ള താമരയും അതിനുമീതെ ഏഴിതളുള്ള മറ്റൊന്നും. ആ താമയക്കുമേല്‍ മൂന്നുപടികളുള്ള ഒരു സുവര്‍ണസിംഹാസനം. ആ സിംഹാസനത്തില്‍ രാധാസഹിതനായ ശ്രീകൃഷ്ണന്‍! ഇത് അത്യന്തം അര്‍ഥവത്തായ സങ്കല്പം തന്നെ. സഹസ്രദലപത്മം പ്രപഞ്ചത്തിന്റെ പ്രതീകമാണ്. ഏഴിതളുകളുള്ള താമര സപ്തധാതുക്കളാര്‍ന്ന ശരീരം! സിംഹാസനത്തിലെ മൂന്നു പടികള്‍ ത്രിഗുണങ്ങള്‍! ഈ പ്രപഞ്ചസാരം കണ്ടെത്തിയ സഫലജന്മം ആസുരപീഡ ഒഴിഞ്ഞ് സതതശാന്തി കൈക്കൊള്ളുന്നു.

‘മാ ഭൈഷ്ട്യം’ എന്നു പറഞ്ഞ് ശ്രീകൃഷ്ണഭഗവാന്‍ ദേവന്മാര്‍ക്ക് അഭയം നല്കി. ഭൂമിയില്‍ അവതാരമെടുക്കാന്‍ അവരോടാജ്ഞാപിച്ചു. മനുഷ്യരില്‍ ദേവത്വം (നന്മ) ഉണ്ടാക്കുക എന്നതാണിവിടെ ഉദ്ദിഷ്ടമായിരിക്കുന്നത്. ആസുരത മാറി സുരഭാവം വളര്‍ന്നു! അതിലൂടെ ഭൂമിയുടെ ഭാരം ഇല്ലാതാക്കി.

ഈ കഥാരഹസ്യം ഇന്നും ഏറെ ശ്രദ്ധേയമാണ്. മനുഷ്യര്‍ ഇപ്പോള്‍ മനനം ചെയ്യാത്തവരായി മാറിയിരിക്കുന്നു. കാമലോഭാദികളാല്‍ സ്വയം മറന്നിരിക്കുന്നു. സ്വാര്‍ത്ഥം മുറ്റി, സ്വന്തവാളാല്‍ സ്വയം വെട്ടിയും തമ്മില്‍ വെട്ടിയും നശിക്കുന്നു. ഇതല്ലെങ്കില്‍ മറ്റേതൊന്നാണ് ആസുരത!

വിവേകമുദിച്ച്, മനനശക്തി വീണ്ടെടുത്ത്, ദൗഷ്ട്യത്തിനുപകരം നന്മ നിറയ്ക്കണമെന്ന ഉപദേശമാണ് കഥയിലെ അന്തഃസത്ത! അപ്പോഴാണ്, എല്ലാവരുടേയും ഹൃദയം ‘ഗോലോക’ മായിത്തീരുന്നത്. അങ്ങനെയുള്ള ഗോലോകത്തിലേ പരമാനന്ദമാകുന്ന ശ്രീകൃഷ്ണന്‍ അവതരിക്കുകയുള്ളൂ.
—————————————————————————————————————————–
ഗ്രന്ഥകര്‍ത്താവിനെക്കുറിച്ച്:-

ചെങ്കല്‍ സുധാകരന്‍
1950 മാര്‍ച്ച് ഏഴാം തീയതി നെയ്യാറ്റിന്‍കര താലൂക്കിലെ ചെങ്കല്‍ ദേശത്ത് കുറ്ററക്കല്‍ വീട്ടില്‍ ജനനം. പരേതരായ ആര്‍.ഗോവിന്ദപ്പിള്ളയും വി.ഭാര്‍ഗവി അമ്മയും അച്ഛനമ്മമാര്‍. കേരള സര്‍വകലാശാലയില്‍ നിന്നും മലയാളസാഹിത്യത്തില്‍ എം.എ, എം.ഫില്‍, ബിഎഡ് ബിരുദങ്ങള്‍ നേടി. ചേര്‍ത്തല എന്‍.എന്‍.എസ് കോളേജിലും വിവിധ സര്‍ക്കാര്‍ കലാലയങ്ങളിലും ജോലി ചെയ്തു. 2005 മാര്‍ച്ചില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ അധ്യാപകനായി വിരമിച്ചു. ഇപ്പോള്‍ ഏറ്റുമാനൂരപ്പന്‍ കോളേജിലെ മലയാളവിഭാഗത്തില്‍ ജോലിചെയ്യുന്നു. അഗ്രപൂജ എന്നപേരില്‍ ഒരു കാവ്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തിലെ ആനുകാലികങ്ങളില്‍ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചു വരുന്നു.

തിരുവനന്തപുരം സര്‍ക്കാര്‍ കോളേജിലെ ചരിത്രവിഭാഗം അധ്യാപികയായിരുന്ന ഡോ.ആര്‍ .അയിഷ ,ഭാര്യ. മക്കള്‍ : മാധവന്‍ , ഗായത്രി.

വിലാസം: ഗായത്രി, ടി.സി. 6/199 – 7, സൗപര്‍ണ്ണികാ ഗാര്‍ഡന്‍സ്, നേതാജി റോഡ്,

വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം – 695 013, മൊബൈല്‍: 9447089049

പ്രസാധകക്കുറിപ്പ്:-
വ്യാസമഹാഭാരതവും മഹാഭാഗവതവും പോലെ അത്ര പ്രചാരമുള്ള ഒരു കൃതിയല്ല ഗര്‍ഗ്ഗഭാഗവതം. ഈ കൃതി ഗര്‍ഗ്ഗാചാര്യനാല്‍ വിരചിതമായി എന്ന് വിശ്വസിക്കപ്പെടുന്നു. ഗര്‍ഗ്ഗഭാഗവതകഥകളും അവയ്ക്കുള്ള ശ്രീ.ചെങ്കല്‍ സുധാകരന്റെ നിരീക്ഷണവുമാണ് ഗര്‍ഗ്ഗഭാഗവതസുധ ഒന്നാംഭാഗം എ്ന്ന ഈ കൃതി. ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ശ്രീ.ചെങ്കല്‍ സുധാകരന്റെ ആദ്യ കൃതിയാണിത്. ഈ കൃതിയുടെ പാരായണത്താല്‍ ഓരോ ഭക്തന്റെയും മനസ്സ് ശ്രീകൃഷ്ണലീലകളിലൂടെ കടന്ന് അഷ്ടരാഗവിമുക്തനായി പരമാനന്ദമനുഭവിക്കട്ടെ എന്ന് ഞങ്ങള്‍ ആശിക്കുന്നു.

കൃഷ്ണഭക്തകേരളം ഈ കൃതിയേയും അതിന്റെ മൂല്യത്തെപ്രതി സ്വീകരിക്കുമെന്ന പ്രതീക്ഷയോടെ,

മാളുബന്‍ പബ്ലിക്കേഷന്‍സ്

ഗര്‍ഗ്ഗഭാഗവതസുധ -ഭാഗം 1 സമ്പൂര്‍ണ്ണ ഗ്രന്ഥത്തിന് എഴുതുക:-

MaluBen Publications
Arayoor P.O., (via) Amaravila
Thiruvananthapuram – 695 122
Mobile: 98469 98425
email: [email protected]

ShareTweetSend

Related News

സനാതനം

ശിവരാത്രി മഹോത്സവം

സനാതനം

അഖണ്ഡ നാമജപം മുഴങ്ങുന്ന അഭേദാശ്രമം നാമവേദി

സനാതനം

ഭാരതത്തില്‍ ദീപാവലി ആഘോഷത്തിന്റെ പ്രസക്തി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies