ന്യൂഡല്‍ഹി: ഞായറാഴ്ച നടക്കുന്ന കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയില്‍ കൊടിക്കുന്നില്‍ സുരേഷ് കേന്ദ്രമന്ത്രിയാകും. കേരളത്തില്‍ നിന്നുള്ള മറ്റു മന്ത്രിമാര്‍ക്ക് സ്ഥാനനഷ്ടമുണ്ടായില്ലെങ്കില്‍ കേരളത്തിന്റെ ഏഴാമത്തെ കേന്ദ്രമന്ത്രിയാകും കൊടിക്കുന്നില്‍. മാവേലിക്കരയില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് കൊടിക്കുന്നില്‍ സുരേഷ്.
ഇപ്പോ കേരളത്തില്‍ നിന്ന് ആറ് കേന്ദ്രമന്ത്രിമാരാണുള്ളത്. വകുപ്പുകളില്‍ മാറ്റം വരാനിടയുണ്ടെങ്കിലും ഇവരെയെല്ലാം തന്നെ പുന:സംഘടനയിലും നിലനിര്‍ത്താനാണ് സാധ്യത. എ കെ ആന്റണി, വയലാര്‍ രവി, ഇ അഹമ്മദ്, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ വി തോമസ്, കെ സി വേണുഗോപാല്‍ എന്നിവരാണ് നിലവില്‍ കേരളത്തില്‍ നിന്നുള്ള മന്ത്രിമാര്‍.
ശശി തരൂരിന്റെയും പേര് മന്ത്രിസ്ഥാനത്തേക്ക് ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ കൊടിക്കുന്നില്‍ സുരേഷ് മന്ത്രിസ്ഥാനത്തെത്തുന്ന സാഹചര്യത്തില്‍ തരൂരിന്റെ തിരിച്ചു വരവിന് സാധ്യതയില്ല. എ ഐ സി സി സെക്രട്ടറി സ്ഥാനവും കൊടിക്കുന്നില്‍ സുരേഷ് വഹിച്ചിരുന്നു. പുന:സംഘടന മുന്‍നിര്‍ത്തി അംബികാ സോണിയും സുബോധ് കാന്ത് സഹായിയും രാജി സന്നദ്ധത കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ കണ്ട് അറിയിച്ചിട്ടുണ്ട്.
അതേസമയം പാര്‍ട്ടി എല്പിക്കുന്ന ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കാന്‍ സന്നദ്ധനാണെന്നു കൊടിക്കുന്നില്‍ സുരേഷ് എംപി മാധ്യമങ്ങളോടു പറഞ്ഞു. ഞായറാഴ്ച ഡല്‍ഹിയില്‍ തന്നെ ഉണ്ടാകണമെന്ന നിര്‍ദേശം തനിക്കു ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രി സ്ഥാനത്തേക്കുറിച്ചുള്ള അഭ്യൂഹ ങ്ങളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു കൊടിക്കുന്നില്‍ സുരേഷ്.
Discussion about this post