ദേവസ്വം ഓര്‍ഡിനന്‍സുമായി മുന്നോട്ടുപോകാനുള്ള യു.ഡി.എഫ് സര്‍ക്കാരിന്റെ നീക്കം വന്‍ വിവാദത്തിന് വഴിമരുന്നിട്ടിരിക്കുകയാണ്. ഹിന്ദുസമൂഹത്തെയും ഭക്തരെയും ഉള്‍ക്കൊള്ളിക്കാതെയുള്ള ക്ഷേത്രഭരണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്ന് വ്യക്തം. ഹൈന്ദവ ആരാധനാലയങ്ങള്‍ക്കുമേല്‍ പിടിമുറുക്കാനുള്ള രാഷ്ട്രീയ മേലാളന്മാരുടെ ലക്ഷ്യം ഒന്നുകൂടി അരക്കിട്ടുറപ്പിക്കുന്നതാണ് നിര്‍ദ്ദിഷ്ട ദേവസ്വം ഓര്‍ഡിനന്‍സ്.
വളരെക്കാലമായി ഹിന്ദുസമൂഹം ആവശ്യപ്പെടുന്നതാണ് ക്ഷേത്രഭരണത്തിനുള്ള പങ്കാളിത്തം. രാഷ്ട്രീയപാര്‍ട്ടികള്‍ ക്ഷേത്രഭരണം കുത്തകയാക്കിവച്ചിട്ട് പതിറ്റാണ്ടുകളായി. ക്ഷേത്രങ്ങളുടെ നിലനില്‍പ്പുതന്നെ ഭക്തജന സാന്നിദ്ധ്യമാണ്. ഭക്തന്‍ നല്‍കുന്ന സമ്പത്തും പ്രയത്‌നവുമാണ് ക്ഷേത്രങ്ങളുടെ വളര്‍ച്ചയ്ക്കു നിദാനം. അതുകൊണ്ടുതന്നെ ക്ഷേത്രഭരണത്തില്‍ ഭക്തജനപങ്കാളിത്തം അനിവാര്യമാണ്. ഒന്നുകൂടി വ്യക്തമായിപ്പറഞ്ഞാല്‍ പൂര്‍ണ്ണമായും ഹിന്ദുസമൂഹത്തിന്റെ പങ്കാളിത്തമാണ് ക്ഷേത്രഭരണത്തില്‍ വേണ്ടത്.
മറ്റു മതക്കാരുടെ ആരാധനാലയങ്ങള്‍ ഭരിക്കാനുള്ള അവകാശം ആ മതത്തില്‍പ്പെട്ടവര്‍ക്കുതന്നെയാണ്. അവരുടെ അവകാശങ്ങളില്‍ കൈകടത്താനുള്ള ചെറിയനീക്കംപോലും വന്‍പ്രതിഷേധത്തിനു വഴിവയ്ക്കും. എന്നാല്‍ ഭൂരിപക്ഷ ഹൈന്ദവസമൂഹം അസംഘിടതരായിരിക്കുന്നു എന്ന കാരണത്താല്‍ രാഷ്ട്രീയക്കാര്‍ കാലാകാലങ്ങളായി ക്ഷേത്രഭരണം തങ്ങളുടെ കൈകളില്‍ ഭദ്രമാക്കിവച്ചിരിക്കുന്നു. എത്രയോ വര്‍ഷങ്ങളായി വിവിധഹൈന്ദവസംഘടനകളും പരിവാര്‍ സംഘടനകളും ഭക്തജന പങ്കാളിത്തത്തിനുവേണ്ടി ആവശ്യമുന്നയിച്ചിട്ടും മാറി മാറി അധികാരത്തില്‍ വരുന്ന ഇടതുവലതുമുന്നണികള്‍ മുഖംതിരിക്കുകയാണ്. കേരളത്തിന്റെ സാമൂഹ്യ സാഹചര്യത്തില്‍ ക്ഷേത്രഭരണം ഹൈന്ദവസമൂഹത്തിന്റെ കൈകളില്‍ എത്തിയാല്‍ അത് രാഷ്ട്രീയമായി ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവയ്ക്കും എന്ന തിരിച്ചറിവാണ് അവരെ ഇതില്‍നിന്ന് തടയുന്നതെന്ന് വ്യക്തം.
ഹൈന്ദവജനത ഇക്കാര്യത്തില്‍ ഒന്നുകൂടി ജാഗരൂകരാകേണ്ടിയിരിക്കുന്നു. ക്ഷേത്രങ്ങളെ അവിശ്വാസികളുടെയും രാഷ്ട്രീയക്കാരുടെയും കൈകളില്‍നിന്ന് മോചിപ്പിച്ച് യഥാര്‍ത്ഥ ഭക്തജനങ്ങളുടെ കൈയില്‍ ഭരണം ഏല്‍പ്പിക്കുക എന്നത് ഹൈന്ദവജനതയുടെ അഭിമാനപ്രശ്‌നമാണ്. ഇത് പ്രാവര്‍ത്തികമാക്കണമെങ്കില്‍ അതിശക്തമായ പ്രക്ഷോഭം അനിവാര്യമാണ്. അതിലുപരി ഹൈന്ദവ ജനതയുടെ ആവശ്യഭിലാഷങ്ങള്‍ സാര്‍ത്ഥകമാകണമെങ്കില്‍ അവര്‍ക്ക് രാഷ്ട്രീയമായി മേല്‍ക്കൈയുള്ള ഭരണം കേരളത്തിലുണ്ടാകണം. ന്യൂനപക്ഷ സമ്മര്‍ദ്ദത്തിന്റെ പിടിയില്‍ അകപ്പെട്ടിരിക്കുകയാണ് ഇപ്പോഴത്തെ ഭരണം. ഇടതുപക്ഷം അധികാരത്തിലെത്തിയാലും ക്ഷേത്രങ്ങളെ അവര്‍ കുത്തകയാക്കി വയ്ക്കാന്‍ ശ്രമിക്കും.
ഈ സാഹചര്യങ്ങളെ അതിജീവിക്കുവാന്‍തക്കവണ്ണം ഒരു രാഷ്ട്രീയമാറ്റത്തിന് കേരളത്തിലെ ഹിന്ദുസമൂഹം തയ്യാറെടുക്കണം. അതിനുമുന്നോടിയായി ക്ഷേത്ര വിമോചനം എന്ന മുദ്രാവാക്യവുമായി അതിശക്തമായ പ്രക്ഷോഭവുമായി കേരളത്തിലെ ഹിന്ദുസമൂഹം മുന്നോട്ടുവരേണ്ടിയിരിക്കുന്നു. ഇതിന് ഹൈന്ദവാചാര്യന്മാരും ഹിന്ദുസമുദായസംഘടനാ നേതാക്കളും മുന്നിട്ടിറങ്ങണം. അതിലൂടെമാത്രമേ ക്ഷേത്രങ്ങളെ രാഷ്ട്രീയക്കാരുടെ കൈകളില്‍നിന്ന് മോചിപ്പിക്കാന്‍ കഴിയൂ.
Discussion about this post