ന്യൂയോര്‍ക്ക്: സാന്‍ഡി കൊടുങ്കാറ്റ് അമേരിക്കയില്‍ നാശം വിതയ്ക്കുന്നു. പത്ത് സംസ്ഥാനങ്ങളില്‍ ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ പതിനഞ്ചുപേര് മരിച്ചു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ന്യൂജേഴ്‌സി,ന്യൂയോര്‍ക്ക്, മേരിലാന്‍ഡ്, പെനിസില്‍വാനിയ, അത്‌ലാന്റ, പടിഞ്ഞാറന്‍ വെര്‍ജീനിയ വടക്കന്‍ കാലിഫോര്‍ണിയ എന്നിവിടങ്ങളിലാണ് സാന്‍ഡി ഏറ്റവുമധികം നാശം വിതച്ചത്. ഇവിടങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. തീരപ്രദേശങ്ങളില്‍ വൈദ്യുതിബന്ധം തകരാറിലായി. ആയിരക്കണക്കിന് വീടുകള്‍ തകര്‍ന്നതായാണ് വിവരം.
ന്യൂയോര്‍ക്കില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ഇവിടെ വൈദ്യുതി വിതരണം പൂര്‍ണമായും തടസപ്പെട്ടു. രണ്ട് പേര്‍ ന്യൂജേഴ്‌സിയിലും രണ്ട് പേര്‍ പെന്‍സില്‍വാനിയയിലും കൊല്ലപ്പെട്ടു. ലോവര്‍ മാന്‍ഹട്ടനിലും കൊടുങ്കാറ്റ് നാശം വിതച്ചു. ഈസ്റ്റ് റിവറും ഹഡ്‌സന്‍ റിവറും കരകവിഞ്ഞതോടെ സബ്‌വേകളിലും ടണലുകളിലും വെള്ളപ്പൊക്കമുണ്ടായി. പ്രദേശത്തെ ആറുനിലകെട്ടിടം തകര്‍ന്നു. നഗരത്തില്‍ കടല്‍വെള്ളം ഇരച്ചുകയറി. കൊടുങ്കാറ്റില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ലാ ഗാര്‍ഡിയ രാജ്യാന്തര വിമാനത്താവളം വെള്ളത്തിനടിയിലായി. കൊടുങ്കാറ്റിനെ തുടര്‍ന്ന് ഇതിനകം പന്ത്രണ്ടായിരത്തോളം വിമാന സര്‍വീസുകള്‍ റദ്ദാക്കി. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന 3.75 ലക്ഷം പേരെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി.
ന്യൂയോര്‍ക്ക് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചു. സ്‌കൂളുകള്‍ക്കും മറ്റു പൊതുസ്ഥാപനങ്ങള്‍ക്കും അവധി നല്‍കിയിട്ടുണ്ട്. അമേരിക്കയിലെ പ്രമുഖ ആണവകേന്ദ്രങ്ങളും കൊടുങ്കാറ്റ് ഭീഷണിയിലാണ്. ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് തുടര്‍ച്ചയായ രണ്ടാം ദിവസവും അടച്ചു. നോര്‍ത്ത് കരോലിനയില്‍ കപ്പല്‍ മുങ്ങി ഒരാള്‍ മരിച്ചു. കപ്പലിലെ 14 പേരെ രക്ഷപ്പെടുത്തിയെങ്കിലും ക്യാപ്റ്റന്‍ ഉള്‍പ്പെടെ നിരവധി പേരെ കാണാതായി. പൂര്‍ണമായും വെള്ളത്തിനടിയിലായ അത്‌ലാന്റെ നഗരത്തില്‍ നിന്നും ഏകദേശം 30,000 പേരെ മാറ്റിപാര്‍പ്പിച്ചു.
മണിക്കൂറില്‍ 80 കിലോ മീറ്റര്‍ വേഗത്തില്‍ സാന്‍ഡി ആഞ്ഞുവീശാനിടയുണ്ടെന്നാണ് നാഷണല്‍ ഹറിക്കേണ്‍ സെന്റര്‍ നല്‍കുന്ന മുന്നറിയിപ്പ്. വ്യോമ റെയില്‍ റോഡ് ഗതാഗതത്തെ ബാധിച്ച കൊടുങ്കാറ്റും പേമാരിയും വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ അറിയിച്ചിരുന്നു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ഒബാമ ആഹ്വാനം ചെയ്തിട്ടുണ്ട്. വോട്ടെടുപ്പിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തെയും സാന്‍ഡി ഭീതി ബാധിച്ചിരിക്കുകയാണ്.
കൊടുങ്കാറ്റ് ഭീഷണിയെത്തുടര്‍ന്ന് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച പെന്‍സില്‍ വാനിയ, മെരിലാന്‍ഡ്, വിര്‍ജീനിയ, വാഷിംഗ്ടണ്‍ തുടങ്ങി 9 സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് രംഗം തണുത്ത മട്ടിലാണ്. മത്സര രംഗത്തുളള ബറാക്ക് ഒബാമയും മിറ്റ് റോനിയും ജോ ബൈഡനും ഇത്തരം തീരദേശ സംസ്ഥാനങ്ങളിലെ പ്രചരണങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. നേരത്തേ വോട്ട് ചെയ്യാനുളള സൗകര്യം ഉപയോഗപ്പെടുത്താന്‍ വോട്ടര്‍മാരോട് ആവശ്യപ്പെടാനുളള നീക്കത്തിലാണ് ഇരുപക്ഷവുമിപ്പോള്‍.
Discussion about this post