Tuesday, July 8, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

ഗര്‍ഗ്ഗഭാഗവതസുധ – ഗോപികാദി ശ്രീകൃഷ്ണ പരിവാരജനനം

by Punnyabhumi Desk
Oct 31, 2012, 03:51 pm IST
in സനാതനം

ചെങ്കല്‍ സുധാകരന്‍

2. ഗോപികാദി ശ്രീകൃഷ്ണ പരിവാരജനനം

ഭൂഭാരപരിഹാരാര്‍ത്ഥം ഗോലോകനാഥനായ ശ്രീകൃഷ്ണന്‍ ഭൂമിയിലവതരിക്കാന്‍ തീരുമാനിച്ചു. ബ്രഹ്മാവ് തുടങ്ങിയ ദേവന്മാരോട്, തങ്ങളുടെ സ്ത്രീകളോടൊപ്പം, ഭൂമിയില്‍ പിറക്കുവാന്‍ ആജ്ഞാപിച്ചു. ഇതുകേട്ട രാധാദേവി പ്രണയവിഹ്വലയായി വിരഹഭീതിയോടെ പറഞ്ഞു. ‘ ഭഗവാനേ, ഭൂഭാരം തീര്‍ക്കുവാന്‍ അങ്ങ് ഭൂമിയിലേക്കു പോവുകയാണല്ലോ. പ്രാണനാഥാ, അങ്ങു പോയിക്കഴിഞ്ഞാല്‍, എനിക്കെങ്ങനെ പ്രാണന്‍ ധരിക്കാനാകും? ‘ ഇതുകേട്ട് ശ്രീഭഗവാന്‍ പുഞ്ചിരിതൂകി. അദ്ദേഹം ‘ത്വയാ സഹഗമിഷ്യാമി മാശോകം കുരു രാധികേ’ എന്നു പറഞ്ഞ് ദേവിയെ സമാധാനിപ്പിച്ചു.

‘ പക്ഷെ ദേവദേവ, വൃന്ദാവനവും ഗോവര്‍ദ്ധനവുമില്ലാത്തിടത്ത് എനിക്കൊരു സുഖവുമുണ്ടാവില്ല’. രാധാദേവിയുടെ ആവലാതിക്ക് ഭഗവാന്‍ സമാധാനമുണ്ടാക്കി. ഗോലോകത്തില്‍നിന്ന് എണ്‍പത്തിനാലു നാഴിക സ്ഥലം, ഗോവര്‍ദ്ധനം, യമുന എന്നിവയെ ഭൂമിയിലെത്തിച്ചു.

തുടര്‍ന്ന് ബ്രഹ്മാവ് ചോദിച്ചു.

‘ അഹം കുത്ര ഭവിഷ്യാമി
കുത്ര ത്വം ച ഭവിഷ്യസി
ഏതേ കുത്ര ഭവിഷ്യന്തി
കൈര്‍ഗ്യഹൈഃ കൈശ്ച നാമഭിഃ’

(ദേവദേവ, ഞാന്‍ എവിടെയാണ് ജനിക്കേണ്ടത്? അങ്ങും? ഈ ദേവന്മാര്‍ എവിടെ ഏതേതു ഗൃഹങ്ങളില്‍ ഏതേതു പേരുകളില്‍ പിറക്കണം?)

ഗോലോകനാഥന്‍ അതിന് മറുപടി പറഞ്ഞു:

‘ബ്രഹ്മാവേ, വസുദേവപത്‌നിയായ ദേവകിയില്‍ ഞാന്‍ അവതരിക്കും മഥുരയില്‍. ആദിശേഷന്‍ രോഹിണിയിലും. ശ്രീദേവി രുഗ്മിണിയായും പാര്‍വ്വതി ജാംബവതിയായും തുളസി സത്യയായും ഭൂമി സത്യഭാമയായും ദക്ഷിണ ലക്ഷ്മണയായും വിരജ കാളിന്ദിയായും ഗംഗ മിത്രവിന്ദയായും പിറക്കും. രുഗ്മിണിയില്‍ കാമദേവന്‍ പ്രദ്യുമ്‌നനായി ജനിക്കും. ബ്രഹ്മാവേ, അങ്ങ് പ്രദ്യുമ്‌നപുത്രനായി അനിരുദ്ധന്‍ എന്നപേരില്‍ ജാതനാകും’.

മറ്റുള്ളവരുടെ ജനനവും കേള്‍ക്കുക. ‘ അഷ്ടവസുക്കളില്‍ ദ്രോണന്‍ നന്ദനായി അവതരിക്കും. ദ്രോണപത്‌നിയായ ധര യശോദയായി പിറക്കും. സുചന്ദ്രന്‍ വൃഷഭാനു ആകും. കലാവതി കീര്‍ത്തിയായി ജനിക്കും. അവര്‍ക്കു പുത്രിയായി രാധാദേവിയും അവതരിക്കും’.

ഭഗവാന്‍ തുടര്‍ന്നു. ‘ ബ്രഹ്മന്‍, ആമ്പാടിയില്‍, എന്റെ സഖികളായി അതീവസുന്ദരികളായ, ലക്ഷണയുക്തരായ, നൂറുയൂഥം ഗോപികമാരുണ്ടായിരിക്കും’.

‘ഭഗവാന്‍, യൂഥം എന്നാല്‍ എന്താണ്?’ ബ്രഹ്മാവ് ആരാഞ്ഞു.

‘ഹേ, ദീനബന്ധോ! ഹേ ദേവ!
ജഗത് കാരണ കാരണ!
യൂഥസ്യലക്ഷണം സര്‍വ്വം
തന്മേ ബ്രൂഹി പരേശ്വരാ!’

(ദേവേശ്വരാ, യൂഥത്തിന്റെ ലക്ഷണം പറഞ്ഞുതന്നാലും).

‘ബ്രഹ്മാവേ, കേള്‍ക്കുക. പത്തുകോടിയാണ് ഒരു അര്‍ബ്ബുദം, പത്ത് അര്‍ബ്ബുദം ചേര്‍ന്നാല്‍ ഒരു യൂഥമാകും, അങ്ങനെയുള്ള നൂറു യൂഥം ഗോപികമാരാണ് ആമ്പാടിയുണ്ടാവു!

ഗോലോകവാസികളും എന്റെ ദ്വാരപാലികമാരും ഗോപീയൂഥങ്ങളിലുള്‍പ്പെടും. എന്റെ പരിചാരിണികളും ഗോവര്‍ദ്ധനവാസിനികളും ഗോപീയൂഥങ്ങളായി ആമ്പാടിയിലെത്തും.

ഗോപീയൂഥങ്ങള്‍ പലവകയുണ്ട്. യമുനായൂഥം, ഗംഗായൂഥം, രേവായൂഥം, മധുമാധവീയൂഥം, വിരജായൂഥം, ലളിതായൂഥം, വിശാഖായൂഥം, മായായൂഥം എന്നിങ്ങനെ. കൂടാതെ, ശ്രുതിരൂപകള്‍, മിഥിലാപുര വാസിനികള്‍, കോസലവാസിനികള്‍, അയോദ്ധ്യാവാസിനികള്‍, യജ്ഞസീതാരൂപിണികള്‍, പുളിന്ദീരൂപിണികള്‍ എന്നിങ്ങനെ വേറെയും എന്റെ പൂര്‍വ്വാവതാരങ്ങളില്‍ ആര്‍ക്കെല്ലാം ഞാന്‍ വരം നല്‍കിയിട്ടുണ്ടോ അവരെല്ലാം ഗോപീയൂഥങ്ങളിലുള്‍പ്പെടും.’

ഗോപീകായൂഥങ്ങളുടെ വിവരണം കേട്ട് ബ്രഹ്മാവ് അത്ഭുതപരതന്ത്രനായി അദ്ദേഹം ഭഗവാനോട് ചോദിച്ചു:-

‘ഏതാഃ കഥം വ്രജേ ഭാവ്യാഃ
കേനപുണ്യേന കൈര്‍വ്വരൈഃ
ദുര്‍ല്ലഭം ഹി പദം തദൈ്വ
യോഗിഭിഃ പുരുഷോത്തമ!’

(ഹേ, പുരുഷോത്തമ, ഏതു പുണ്യത്താലാണ്, ഏതേതുവരങ്ങളാലാണ് ഇവര്‍, ആമ്പാടിയില്‍ ജനിക്കാന്‍ പോകുന്നത്?)

ഇതുകേട്ട ഗോലോകനാഥന്‍ ബ്രഹ്മാവിനോട് ശ്രുതിരൂപകളായ ഗോപികാകഥ പറഞ്ഞു: ‘ഒരിക്കല്‍ ശ്രുതികള്‍ ശ്രീഹരിയെ സ്തുതിച്ച് പ്രസന്നനാക്കി, അവരുടെ ആഗ്രഹം അറിഞ്ഞ ഹരി, തന്റെ ജ്യോതിസ്വരൂപം കാട്ടിക്കൊടുത്തു. ആ രൂപസൗകുമാര്യത്തില്‍ ശ്രുതികള്‍ ആകൃഷ്ടരായി. ഹരിയോട് തങ്ങളുടെ ഭര്‍ത്താവാകണമെന്ന് അഭ്യര്‍ത്ഥിച്ചു. ആ ആഗ്രഹം സാധിക്കുവാന്‍ പ്രയാസമാണെങ്കിലും നിങ്ങള്‍, ഭാരതഖണ്ഡത്തില്‍, ദ്വാപരാന്തത്തില്‍, ഗോപികമാരായി പിറന്ന് ആഗ്രഹം പൂരിപ്പിച്ചുകൊള്ളുവിന്‍ എന്നു പറഞ്ഞ് അനുഗ്രഹിച്ചു.’

ത്രിലോകേശനായ ശ്രീഭഗവാന്‍, മിഥിലാപുരവാസിനികള്‍ ഗോപികമാരായ കഥ, തുടര്‍ന്നു പറഞ്ഞു. ‘ ഞാന്‍, ശ്രീരാമാവതാരത്തില്‍ സീതാസ്വയംവരത്തിനായി മിഥിലയിലെത്തി. എന്നെക്കണ്ട സീതാസഖിമാര്‍ എന്ന മനസാവരിച്ചു. അവരുടെ ആഗ്രഹം, ദ്വാപരാന്തത്തില്‍ സാധിച്ചുകൊടുക്കാമെന്ന് അനുഗ്രഹിച്ചു. അവരാണ് മിഥിലാപുരവാസിനികള്‍ എന്നറിയപ്പെടുന്ന ഗോപികമാര്‍. അതുപോലെ, വനവാസഘട്ടത്തില്‍ ദണ്ഡകാരണ്യവാസികളായ ഋഷിമാരും, സീതയെപ്പോലെ പ്രേമപൂര്‍വ്വം, എന്നെ സേവിക്കാന്‍ ആഗ്രഹിച്ചു. അവര്‍ക്കും ദ്വാപരയുഗത്തില്‍, വൃന്ദാവനത്തില്‍ വച്ച്, ആഗ്രഹം സാധിക്കുമെന്ന് ഞാന്‍, അനുഗ്രഹിച്ചു. അവര്‍ ഋഷിരൂപാഗോപികമാര്‍ എന്നു പറയപ്പെടുന്നു.

സീതാപരിത്യാഗശേഷം ഞാന്‍ അനേകം യാഗങ്ങള്‍ നടത്തി. ആ യജ്ഞങ്ങളില്‍ എന്റെ പത്‌നീസ്ഥാനത്ത് കാഞ്ചനസീതകളെ നിര്‍മ്മിച്ചുവച്ചു. അനേകം യജ്ഞങ്ങള്‍! അനേകം കാഞ്ചനസീതകള്‍! എന്റെ കരസ്പര്‍ശത്താല്‍, ആ പ്രതിമകള്‍ക്ക് ജീവന്‍ വച്ചു. തങ്ങളെ പത്‌നീഭാവത്തില്‍ സ്വീകരിക്കണമെന്ന് അവ അപേക്ഷിച്ചു. ദ്വാപരാന്തത്തില്‍ ഗോപികമാരായി ജനിച്ച് മനോരഥപൂര്‍ത്തിവരുത്തുവാന്‍ അവയെയും അനുഗ്രഹിച്ചു. യജ്ഞസീതാഗോപികമാര്‍ അവരാണ്’

കോസലവാസിനികള്‍, മിഥിലാവാസിനികള്‍, ശ്രുതിരൂപകള്‍, യജ്ഞസീതമാര്‍ തുടങ്ങിയ ഗോപീയൂഥങ്ങള്‍ ആവിര്‍ഭവിച്ച കഥ, ഭഗവാന്‍, ബ്രഹ്മാവിനെ അറിയിച്ചു. ഇതുപോലെ, മറ്റു യൂഥങ്ങളും, ഹരിരഞ്ജനതല്പരരായവര്‍ക്കുണ്ടായ പുനര്‍ജ്ജന്മങ്ങളാണെന്ന് ശ്രീഗര്‍ഗ്ഗാചാര്യര്‍ വിവരിച്ചു.

ഈ കഥയുടെ പൊരുളെന്താണ്? നമുക്ക് താത്വികമായി ചിന്തിക്കാം. നിരീഹഭക്തിയുടെ നിറവാര്‍ന്ന കഥകളാണ് ഗോപികാകഥ! ഋഷിരൂപാഗോപികമാരുടെ കഥ ഗര്‍ഗ്ഗാചാര്യര്‍ വര്‍ണ്ണിക്കുന്നതിലൂടെ തന്നെ ഇക്കാര്യം സ്പഷ്ടമാകുന്നുവല്ലോ. ‘ഗോപീ’ എന്ന ശ്ബദവും ഈ തത്ത്വം പ്രകടമാക്കുന്നു! ‘ഗോ’ ശബ്ദത്തിന് ഇന്ദ്രിയമെന്നു ‘പീ’ എന്നതിന്, പാനം ചെയ്യുന്നത് എന്നും അര്‍ത്ഥമുണ്ട്. ഇന്ദ്രിയദ്വാരാ പാനം ചെയ്യുന്നവര്‍ ഗോപികമാര്‍! സര്‍വേന്ദ്രിയങ്ങളാലും ഈശ്വരനെ ആസ്വദിച്ചുകൊണ്ടിരിക്കുന്നവരാണ് ഗോപികള്‍ എന്നു സാരം! ഭക്തിപരവശരായ സര്‍വ്വജീവജാലങ്ങളും ഗോപികമാരാണ്, നൂറ് യൂഥം ഗോപികമാരെന്നാല്‍, സര്‍വ്വജീവജാലങ്ങളുമെന്നര്‍ത്ഥം!

ഭഗവദ്ദര്‍ശനത്താല്‍ ആര്‍ദ്രചിത്തരാവുകയും ഭഗവല്ലയം പ്രാപിക്കുന്നതിന് കാംക്ഷിക്കുകയും ചെയ്യുന്നവരാണ് ഭക്തന്മാര്‍! ആ ആശയത്തിന്റെ മകുടോദാഹരണമാണ് ഗോപീയൂഥങ്ങളുടെ കഥ! ഋഷി രൂപാഗോപീകഥതന്നെ നോക്കാം. ആരണ്യവാസഘട്ടത്തില്‍ രാമചന്ദ്രപ്രഭുവിനെ ദര്‍ശിച്ച ഋഷികള്‍ക്ക് സീതാസമാനം ശ്രീഹരിയെ സേവിക്കണമെന്ന് ആഗ്രഹമുണ്ടായത്രേ! സീത, സമര്‍പ്പിതഭക്തിയുടെ പ്രതീകമാണ്. ഋഷിമാര്‍ക്ക്, സര്‍വ്വവും ഈശ്വരനിലര്‍പ്പിച്ച്, നിരീഹഭക്തിയുടെ മാര്‍ഗ്ഗം സ്വീകരിച്ച്, നിത്യതൃപ്തരാകാന്‍ ആശയുണ്ടായി എന്നാണ് ഇതിനര്‍ത്ഥം. ആവിധം ഉണ്ടായ ആഗ്രഹസാഫല്യമായാണ് ഋഷിരൂപികളായ ഗോപികമാരുടെ കഥയെ കാണേണ്ടത്.

മിഥിലാവാസിനികളുടെയും അയോദ്ധ്യാവാസിനികളുടെയും യജ്ഞസീതാഗോപികകളുടേയും കഥ മേല്‍ക്കാണിച്ച പ്രകാരം ചിന്തിക്കുന്നത് യുക്തഭദ്രമായിരിക്കും. ആരൊക്കെ ഭഗവാനെ പ്രാപിക്കാനാഗ്രഹിച്ചുവോ അവരൊക്കെ ഗോപികമാരായി മാറി. കാഞ്ചനസീതകള്‍പോലും. രാമന്റെ കരസ്പര്‍ശം അവയിലും ചൈതന്യമുണ്ടാക്കിയെന്നും പ്രതിമകള്‍ മനുഷ്യഭാവമുള്‍ക്കൊണ്ട് ഭഗവത്പദം കൊതിച്ചുവെന്നും സൂചന! സാമാന്യയുക്തിക്ക് സമ്മതമാകില്ലായിരിക്കാം. പക്ഷേ, ഭക്തിയുടെ സങ്കല്പം അതല്ല. കല്ലും ആര്‍ദ്രമായിത്തീരുകയെന്നത് ഭക്തിഭാവത്തിന്റെ സവിശേഷതയാണ്. മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലുമിരിക്കുന്ന ദൈവികചൈതന്യം ഇവിടെ വിശദമാകുന്നു. ‘സാ ത്വസ്മിന്‍ പരമാനുരക്തി’ (ഈശ്വരനിലുള്ള പരമപ്രേമമാണ് ഭക്തി) എന്ന നാരദീയവചനം പ്രപഞ്ചനം ചെയ്യാന്‍ ഗോപീയൂഥങ്ങളുടെ കഥ സഹായകമാണ്. ഗര്‍ഗ്ഗാചാര്യര്‍ അത് സവിസ്തരം പ്രതിപാദിക്കുന്നു. എല്ലാ ഗോപീയൂഥങ്ങളും ശ്രീഭഗവാന്റെ ഭക്തഗണങ്ങളാണെന്ന സത്യമാണ് ആചാര്യര്‍ വിശദമാക്കുന്നത്.
—————————————————————————————————————————–
ഗ്രന്ഥകര്‍ത്താവിനെക്കുറിച്ച്:-

ചെങ്കല്‍ സുധാകരന്‍
1950 മാര്‍ച്ച് ഏഴാം തീയതി നെയ്യാറ്റിന്‍കര താലൂക്കിലെ ചെങ്കല്‍ ദേശത്ത് കുറ്ററക്കല്‍ വീട്ടില്‍ ജനനം. പരേതരായ ആര്‍.ഗോവിന്ദപ്പിള്ളയും വി.ഭാര്‍ഗവി അമ്മയും അച്ഛനമ്മമാര്‍. കേരള സര്‍വകലാശാലയില്‍ നിന്നും മലയാളസാഹിത്യത്തില്‍ എം.എ, എം.ഫില്‍, ബിഎഡ് ബിരുദങ്ങള്‍ നേടി. ചേര്‍ത്തല എന്‍.എന്‍.എസ് കോളേജിലും വിവിധ സര്‍ക്കാര്‍ കലാലയങ്ങളിലും ജോലി ചെയ്തു. 2005 മാര്‍ച്ചില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ അധ്യാപകനായി വിരമിച്ചു. ഇപ്പോള്‍ ഏറ്റുമാനൂരപ്പന്‍ കോളേജിലെ മലയാളവിഭാഗത്തില്‍ ജോലിചെയ്യുന്നു. അഗ്രപൂജ എന്നപേരില്‍ ഒരു കാവ്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തിലെ ആനുകാലികങ്ങളില്‍ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചു വരുന്നു.

തിരുവനന്തപുരം സര്‍ക്കാര്‍ കോളേജിലെ ചരിത്രവിഭാഗം അധ്യാപികയായിരുന്ന ഡോ.ആര്‍ .അയിഷ ,ഭാര്യ. മക്കള്‍ : മാധവന്‍ , ഗായത്രി.

വിലാസം: ഗായത്രി, ടി.സി. 6/199 – 7, സൗപര്‍ണ്ണികാ ഗാര്‍ഡന്‍സ്, നേതാജി റോഡ്,

വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം – 695 013, മൊബൈല്‍: 9447089049

പ്രസാധകക്കുറിപ്പ്:-
വ്യാസമഹാഭാരതവും മഹാഭാഗവതവും പോലെ അത്ര പ്രചാരമുള്ള ഒരു കൃതിയല്ല ഗര്‍ഗ്ഗഭാഗവതം. ഈ കൃതി ഗര്‍ഗ്ഗാചാര്യനാല്‍ വിരചിതമായി എന്ന് വിശ്വസിക്കപ്പെടുന്നു. ഗര്‍ഗ്ഗഭാഗവതകഥകളും അവയ്ക്കുള്ള ശ്രീ.ചെങ്കല്‍ സുധാകരന്റെ നിരീക്ഷണവുമാണ് ഗര്‍ഗ്ഗഭാഗവതസുധ ഒന്നാംഭാഗം എ്ന്ന ഈ കൃതി. ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ശ്രീ.ചെങ്കല്‍ സുധാകരന്റെ ആദ്യ കൃതിയാണിത്. ഈ കൃതിയുടെ പാരായണത്താല്‍ ഓരോ ഭക്തന്റെയും മനസ്സ് ശ്രീകൃഷ്ണലീലകളിലൂടെ കടന്ന് അഷ്ടരാഗവിമുക്തനായി പരമാനന്ദമനുഭവിക്കട്ടെ എന്ന് ഞങ്ങള്‍ ആശിക്കുന്നു.

കൃഷ്ണഭക്തകേരളം ഈ കൃതിയേയും അതിന്റെ മൂല്യത്തെപ്രതി സ്വീകരിക്കുമെന്ന പ്രതീക്ഷയോടെ,

മാളുബന്‍ പബ്ലിക്കേഷന്‍സ്

ഗര്‍ഗ്ഗഭാഗവതസുധ -ഭാഗം 1 സമ്പൂര്‍ണ്ണ ഗ്രന്ഥത്തിന് എഴുതുക:-

MaluBen Publications
Arayoor P.O., (via) Amaravila
Thiruvananthapuram – 695 122
Mobile: 98469 98425
email: [email protected]

ShareTweetSend

Related News

സനാതനം

ശിവരാത്രി മഹോത്സവം

സനാതനം

അഖണ്ഡ നാമജപം മുഴങ്ങുന്ന അഭേദാശ്രമം നാമവേദി

സനാതനം

ഭാരതത്തില്‍ ദീപാവലി ആഘോഷത്തിന്റെ പ്രസക്തി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies