ബര്‍ലിന്‍: ഈവര്‍ഷം ദ ക്ഷിണാഫ്രിക്കയില്‍ ന ടന്ന ലോകകപ്പ് ഫുട്‌ബോളില്‍ ജര്‍മനി പങ്കെടുത്ത മത്സരങ്ങളുടെയും ഫൈനലിന്റെയും ഫലം കൃത്യമായി പ്രവചിച്ച് ലോക ശ്രദ്ധ പിടിച്ചുപറ്റിയ രണ്ടരവയസുകാരന്‍ പോള്‍ എന്ന നീരാളി ഓര്‍മയായി. പശ്ചിമജര്‍മനിയിലെ ഒബര്‍ഹ്യൂസനിലെ സീ ലൈഫ് അക്വേറിയത്തില്‍ തിങ്കളാഴ്‌ച രാത്രിയായിരുന്നു അന്ത്യം. ഇന്നലെ രാവിലെ അക്വേറിയത്തിലെ ജീവനക്കാരാണ് പോള്‍ ചത്തു കിടക്കുന്നത് ആദ്യം കണ്ടത്. അവര്‍ പിന്നീട് തങ്ങളുടെ വെബ്‌സൈറ്റു വഴി വിവരം അറിയിക്കുകയായിരുന്നു.
ലോകകപ്പ് ഫുട്‌ബോളിനേക്കാള്‍ ലോകശ്രദ്ധ പോള്‍ നേടിയിരുന്നു. സെമിഫൈനലില്‍ ജര്‍മനിക്കെതിരേ സ്‌പെയിന്‍ വിജയിക്കുമെന്ന് പ്രവചിച്ചതോടെ ഈ നീരാളിയുടെ ജീവന് നേരേ ഭീഷണിവരെ ഉയര്‍ന്നു. ജര്‍മന്‍ ഫുട്‌ബോള്‍ ആരാധകരില്‍ ചിലര്‍ നീരാളിയെ ഉപയോഗിച്ച് ഉണ്ടാക്കാവുന്ന ഭക്ഷണ വിഭവങ്ങളുടെ കുറിപ്പടിവരെ തയാറാക്കിയിരുന്നു.
അതേസമയം, പോള്‍ എല്ലാവരുടേയും ഹൃദയം കീഴടക്കിയിരുന്നെന്ന് സീ ലൈഫ് അക്വേറിയത്തിന്റെ ജനറല്‍ മാനേജര്‍ സ്റ്റെഫാന്‍ പോര്‍വോള്‍ പറ ഞ്ഞു. പ്രായാധിക്യമാണ് മരണകാരണം. മൃതദേഹം കോള്‍ഡ് സ്റ്റോറേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം സംബ ന്ധിച്ച് സീ ലൈഫ് മാനേജ്‌മെന്റ് പിന്നീട് തീരുമാനമെടുക്കും. അക്വേറിയത്തിന്റെ സ്വന്തം സ്ഥലത്ത് പോളിന് സ്ഥിരമായ സ്‌മാരകം ഒരുക്കുമെന്നും പോര്‍വോള്‍ പറഞ്ഞു.
മത്സരങ്ങളുടെ കൃത്യമായ പ്രവചനത്തെത്തുടര്‍ന്ന് പോളിന്റെ ടാങ്കില്‍ ലോകകപ്പില്‍ പങ്കെടുത്ത രാജ്യങ്ങളുടെ പതാകകളും ട്രോഫിയുടെ പകര്‍പ്പും സ്ഥാപിച്ചിരുന്നു. തങ്ങളുടെ ടീമിന് വിജയം പ്രവചിച്ച പോളിനെ സ്‌പെയിന്‍കാര്‍ ആദരവോടെയാണ് കണ്ടിരുന്നത്. ആയിരക്കണക്കിനു സ്‌പെയിന്‍കാരാണ് പോളിനെ കാണാന്‍ ജര്‍മനിയിലെത്തിയിരുന്നത്. പോളിനെക്കുറിച്ച് പുസ്‌തകം, സിനിമ എന്നിവ തയാറാക്കുന്നതിനും പരസ്യത്തില്‍ അഭിനയിപ്പിക്കുന്നതിനും കരാര്‍ നിലവിലുണ്ട്.
പ്രകോപനപരമായ പ്രസംഗങ്ങളിലൂടെയും നടപടികളിലൂടെയും ലോക ശ്രദ്ധയിലുള്ള ഇറാന്‍ പ്രസിഡന്റ് മഹ്‌മൂദ് അഹമ്മദി നെജാദിന്റെ വിമര്‍ശനത്തിനും പോള്‍ ഇരയായിട്ടുണ്ട്. 2018 ലെ ലോകകപ്പ് ഫുട്‌ബോളിന്റെ ആതിഥേയത്വം ഇംഗ്ലണ്ട് നേടുമെന്ന് പോള്‍ പ്രവചിച്ചിരുന്നു. ഇതേത്തുടര്‍ന്നു `പ്രവചനജോലി’യില്‍നിന്നു പോള്‍ വിരമിച്ചു. ഇംഗ്ലണ്ടില്‍ ഡോര്‍സെറ്റിലെ വെയ്‌മൗത്തിലെ സീ ലൈഫ് ഹാച്ചറിയില്‍ 2008ല്‍ ആണ് പോളിന്റെ ജനനം. ജര്‍മന്‍ എഴുത്തുകാരന്‍ ബോയ് ലോണ്‍സെയുടെ ദ സ്‌ക്വിഡ്, പോള്‍ ഒക്‌ടോപസ് എന്ന കവിതയില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് നീരാളിക്ക് പോള്‍ എന്ന പേരിട്ടത്.
പോളിന്റെ പിന്‍ഗാമിയാക്കാന്‍ പ്രായം കുറഞ്ഞൊരു നീരാളിയെ വളര്‍ത്താന്‍ അക്വേറിയം അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. പുതിയ നീരാളിക്കും പോള്‍ എന്ന പേര് നല്‌കുമെന്ന് സീ ലൈഫ് അധികൃതര്‍ വ്യക്തമാക്കി. ഇതിനു പുറമേ, പോളിന്റെ പേരില്‍ ലഭിച്ച പണം ഉപയോഗിച്ച് ഗ്രീക്ക് ദ്വീപായ സകിന്‍തോസില്‍ കടലാമകളെ സംരക്ഷിക്കുന്നതിനായി ഒരു സെന്റര്‍ സ്ഥാപിക്കാനും ആലോചനയുണ്ട്.
Discussion about this post