ചെങ്കല്‍ സുധാകരന്‍
3. കംസചരിതം
നാരദമുനി പറഞ്ഞ ഗോപീയൂഥ കഥകേട്ട് ബഹുലാശ്വമഹാരാജാവ് അതീവ സന്തുഷ്ടനായി. കൂടുതല്‍ ജിജ്ഞാസയോടെ, അദ്ദേഹം നാരദമഹര്‍ഷിയോട് ചോദിച്ചു:
‘സംസകോfയം പുരാ ദൈത്യോ
മഹാബല പരാക്രമഃ
തസ്യജന്മാനി കര്‍മാണി
ബ്രൂഹി ദേവര്‍ഷിസത്തമം.’
(ദേവര്‍ഷേ, കംസന്‍ പൂര്‍വ്വജന്മത്തില്‍ ആരായിരുന്നു? മഹാബലവാനും പരാക്രമശാലിയുമായിരുന്ന ആ കംസനെപ്പറ്റി പറഞ്ഞുതന്നാലും)
‘മഹാരാജാവേ, കേള്‍ക്കുക.’ നാരദന്‍ മറുപടി പറയാന്‍ തുടങ്ങി: ‘പാലാഴിമഥനം കഴിഞ്ഞ് ദേവാസുരയുദ്ധം ഉണ്ടായി. കാലനേമി എന്ന അസുരന്‍ ആ യുദ്ധത്തില്‍ കൊല്ലപ്പെട്ടു. ‘ശുക്രേണ ജീവിതസ്തത്ര സഞ്ജീവന്യാfഥ വിദ്യയാ’ (അവനെ ശുക്രാചാര്യര്‍ മൃതസഞ്ജീവിനി വിദ്യയാല്‍ പുനര്‍ജ്ജീവിപ്പിച്ചു.) അവന് മഹാവിഷ്ണുവുമായി യുദ്ധം ചെയ്യാനുള്ള ആഗ്രഹമുണ്ടായി. അയാള്‍ നേരെ മന്ദരപര്‍വ്വതത്തില്‍ ചെന്ന് ബ്രഹ്മാവിനെ തപസ്സുചെയ്തു. നൂറ് ദിവ്യവര്‍ഷം കഴിഞ്ഞു. അയാള്‍ അസ്ഥിമാത്രശോഷനായി. ചുറ്റും പുറ്റ് മൂടി. ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ടു. ഇഷ്ടവരം ചോദിച്ചുകൊള്ളാന്‍, ബ്രഹ്മാവ് ആ അസുരനോട് പറഞ്ഞു.
കാലനേമി സന്തുഷ്ടനായി. അയാള്‍ ബ്രഹ്മാവിനോട്,
‘ബ്രഹ്മാണ്ഡേ മേ സ്ഥിതാ ദേവാഃ
വിഷ്ണുമൂലാ; മഹാബലാഃ
തേഷാം ഹസ്‌തൈര്‍ ന മേ മൃത്യുഃ
പൂര്‍ണ്ണാനാമപി മാ ഭവേത്’.
(ഈ ബ്രഹ്മാണ്ഡത്തിലെ പൂര്‍ണ്ണനായ വിഷ്ണുവോ വിഷ്ണുവംശജരായ ദേവഗണങ്ങളോ എന്നെ കൊല്ലാന്‍ പാടില്ല). എന്ന വരം ആവശ്യപ്പെട്ടു. അപ്പോള്‍ ബ്രഹ്മാവ് പറഞ്ഞു.
‘ദുര്‍ല്ലഭോfയം വരോ ദൈത്യ (ഹേ അസുരേശ്വരാ, ഈവരം ദുര്‍ല്ലഭമാണ്.) എങ്കിലും, നിന്റെ ആഗ്രഹം കാലാന്തരേണ സാധിക്കുന്നതാണ്’.
പിന്നീട്, കാലനേമി ഉഗ്രസേനപത്‌നിയില്‍ പിറന്നു. കംസന്‍ എന്ന പേരില്‍ വളര്‍ന്നു. മല്ലയുദ്ധത്തിനായി സേനാസമേതം യമുനാതടത്തില്‍ താവളമടിച്ചു. ജരാസന്ധസേനയിലെ കുവലയാപീഡം എന്ന ആന (അതിന് ആയിരം മദയാനകളുടെ ബലമുണ്ട്) ചങ്ങലപൊട്ടിച്ച് പലേടം പാഞ്ഞ്, അവസാനം, കംസന്റെ മുന്നിലെത്തി. അയാള്‍ അതിന്റെ തുമ്പിക്കൈ പിടിച്ചുവലിച്ച് നിലത്തടിച്ചു. അതിനെ നൂറ് യോജനയ്ക്കപ്പുറം നിന്ന ജരാസന്ധസേനയുടെ മധ്യത്തിലേക്കെറിഞ്ഞു.
‘തദത്ഭുതം ബലംദൃഷ്ട്വാ
പ്രസന്നോ മഗധേശ്വരഃ
അസ്തിം പ്രാപ്തിം ദദൗകന്യേ
തസ്‌മൈ കംസായ ശംസിതേ’
(കംസന്റെ ബലം കണ്ടറിഞ്ഞ ജരാസന്ധന്‍ അതീവസന്തുഷ്ടനായി. അസ്തി, പ്രാപ്തി എന്നീ പെണ്‍മക്കളെ കംസന് ദാനം ചെയ്തു.)
ധനബന്ധുബല വര്‍ദ്ധിതനായ കംസന്‍ മദമത്തനായി. ദ്വന്ദ്വയുദ്ധം കാംക്ഷിച്ച്, അയാള്‍ മാഹിഷ്മതീപുരിയിലെത്തി. അവിടെ അഞ്ച് രാജകുമാരന്മാരുണ്ടായിരുന്നു. ചാണുരന്‍, മുഷ്ടികന്‍, കൂടന്‍, തോശലകന്‍, ശലന്‍ എന്നീ നാമങ്ങളില്‍. കംസന്‍ അവരെ ദ്വന്ദ്വയുദ്ധത്തിനായി ക്ഷണിച്ചു. തോല്‍ക്കുന്നവര്‍ ജയിക്കുന്നയാളുടെ ദാസരാകണമെന്ന വ്യവസ്ഥയില്‍. ഏവരേയും അനായാസം തോല്പിച്ച്, കംസന്‍ അവരെ തന്റെ ദാസന്മാരാക്കി.
തുടര്‍ന്ന്, ആ അസുരാഗ്രണി പ്രവര്‍ഷണഗിരിയിലെത്തി. ദ്വിവിദന്‍ എന്ന വാനരനെ ജയിച്ചു. അവന്‍ കംസന്റെ ദാസ്യം സ്വീകരിച്ചു. ഋശ്യമൂകാചലത്തിലെ ഹയവദനനായ കേശിയെന്ന ഘോരാസുരനെ തോല്പിച്ചു. അവന്റെ മുതുകിലേറി മഹേന്ദ്രപര്‍വ്വതത്തില്‍ ചെന്നു. കംസനെ കണ്ട് ക്രുധനായ ശ്രീ പരശുരാമനെ വണങ്ങി. അദ്ദേഹത്തെ പ്രദക്ഷിണം വച്ചു. തന്റെ വിഷ്ണുചാപം കുലയ്ക്കുന്നപക്ഷം കംസനെ അനുഗ്രഹിക്കാമെന്നും അല്ലാത്തപക്ഷം, സസൈന്യം വധിക്കുമെന്നും ഭാര്‍ഗ്ഗവരാമന്‍ പറഞ്ഞു. കംസന്‍ തെല്ലും കൂസാതെ വിഷ്ണുചാപം കുലച്ചു. ഇടിവെട്ടീടുംവണ്ണമുള്ള ഞാണൊലികേട്ട് ദിഗ്ഗജങ്ങള്‍പോലും ഞെട്ടിവിറച്ചു. ചാപം, ഭൃഗുരാമപാദാന്തികത്തില്‍ വച്ച്, കംസന്‍, നമസ്‌ക്കരിച്ചു. അവിടുത്തെ ദാസനായ ഞാന്‍ കാലനേമി എന്ന അസുരനാണ്. ക്ഷത്രിയനല്ല എന്ന് അറിയിച്ചു. പരശുരാമന്‍ പ്രസാദിച്ചു. അനുമോദിച്ചു. വിഷ്ണുചാവം കംസന് സമ്മാനിച്ചു. ആ വില്ല് ത്രിപുരദഹനത്തിന് ഭഗവാന്‍വിഷ്ണു മഹാദേവന് നല്‍കിയതാണ്. ക്ഷത്രിയനിഗ്രഹത്തിന് മഹാദേവന്‍ തനിക്കു നല്‍കിയതാണെന്നും, മഹര്‍ഷി, കംസനെ അറിയിച്ചു. ഒപ്പം,
‘യത് കോദണ്ഡം വൈഷ്ണവം തത്
യേന ഭംഗീഭവിഷ്യതി
പരിപൂര്‍ണ്ണതമേനാfത്ര
സോfപി ത്വാം ഘാതിയിഷ്യതി.’
(വിഷ്ണുവിനെക്കാള്‍ പരിപൂര്‍ണ്ണതമനായ ഏതൊരാള്‍ ഈ ചാപം ഭഞ്ജിക്കുമോ ആ ആള്‍ നിന്നെ വധിക്കും) എന്നും കൂടി ഓര്‍മ്മിപ്പിച്ചു.
പിന്നീട്, ആരും വീരാഗ്രണിയായ കംസനെ എതിര്‍ക്കാന്‍ ധൈര്യപ്പെട്ടില്ല. ഏവരും ആ അസുരന് കീഴടങ്ങി. അഘാസുരന്‍, അരിഷ്ടന്‍, ധേനുകന്‍, നരകന്‍, തൃണാവര്‍ത്തന്‍, ബകന്‍ എന്നിവരെ ജയിച്ച് സഖ്യത്തിലായി. ദേവന്മാരുമായുള്ള യുദ്ധത്തില്‍ പരസ്പരം സഹായിക്കാമെന്ന് നരകനുമായി സന്ധിചെയ്തു. ബാണാസുരനുമായി യുദ്ധമുണ്ടായി. ബാണന് കംസനെ ജയിക്കാന്‍ കഴിഞ്ഞില്ല. മഹാദേവന്റെ നിര്‍ദ്ദേശമനുസരിച്ച് ബാണനും കംസനോട് സന്ധിചെയ്തു. ശ്രീകൃഷ്ണപരമാത്മാവിനു മാത്രമേ കംസനെ വധിക്കാനാവൂ എന്നും മഹാദേവന്‍ ബാണനെ അറിയിച്ചു. തുടര്‍ന്ന്, വത്സാസുരനെ കീഴ്‌പ്പെടുത്തി. അതിനുശേഷം അയാള്‍ മ്ലേച്ഛ ദേശത്തെത്തി. കാലയവനനെ പോരിനു വിളിച്ചു. അവര്‍ തമ്മില്‍ അതിഘോരമായ യുദ്ധമുണ്ടായി. കംസന്റെ ബലവേഗങ്ങളില്‍ അത്ഭുതപരതന്ത്രനായ യവനന്‍ കംസന് വിധേയനായി.
സ്വര്‍ഗ്ഗം കീഴ്‌പ്പെടുത്തുകയായിരുന്നു കംസന്റെ അടുത്ത ലക്ഷ്യം. അയാള്‍ ജൃംഭിതവീര്യനായി വര്‍ദ്ധിതബലനായി അമരാവതിയിലെത്തി. ഇന്ദ്രനെ വെല്ലുവിളിച്ചു. അതിഭീകരമായ യുദ്ധം! ദേവന്മാര്‍ ഭയന്നോടി.കംസന്‍ ദേവസൈന്യത്തെ തുരത്തി. ഐരാവതത്തെ പിടിച്ച് നിലത്തടിച്ചു. തുമ്പിപിടിച്ച് ഞെരിച്ചു. അത് രണഭൂമി വിട്ടോടി ദേവധാനിയിലെത്തി നിശ്ചലം നിന്നു. കംസന്‍ വൈഷ്ണവചാപം കുലച്ചു. ശേഷിച്ച ദേവസൈന്യം ഭയന്നോടി. ദേവേന്ദ്രന്‍ തൊഴുകൈയുമായി കംസന്റെ മുന്നില്‍ചെന്ന് അഭയം യാചിച്ചു. പരാജയം സമ്മതിച്ചു. ദേവന്മാരെല്ലാം പരാജയപ്പെട്ടതറിഞ്ഞ് കംസന്‍, ദേവസിംഹാസനവും ഛത്രചാമരങ്ങളുമെടുപ്പിച്ച് മഥുരയിലേക്കു പോയി.’
ബാക്കി കഥ ‘വ്യാസഭാഗവത’ത്തിലൂടെ വായനക്കാര്‍ക്ക് സുപരിചിതം! കംസന്‍, ദേവകീവസുദേവന്മാരെ തുറുങ്കിലടച്ചതും ശ്രീഭഗവാന്റെ ജനനവും ആമ്പാടിയില്‍ വളര്‍ന്നതും ഒക്കെ. തുടരെത്തുടരെയുണ്ടായ വധശ്രമങ്ങളില്‍ നിന്നെല്ലാം രക്ഷപ്പെട്ട ഭഗവാന്‍ മഥുരയിലേക്കു ക്ഷണിക്കപ്പെട്ടതും മല്ലന്മാരെയും കുവലയാപീഡത്തെയും വധിച്ചശേഷം കംസനിഗ്രഹം നടത്തിയതും സുവിദിതമാണ്.
ആരാണീ കംസന്‍ അഥവാ കാലനേമി? നാശകാരി, സ്വയം മദിച്ച് ദേഹാഭിമാനത്താല്‍ മത്തനാകുന്ന മനുഷ്യന്റെ പ്രതീകമാണ് കാലനേമി. അത്തരമൊരാള്‍ ഒരിക്കലും സച്ചിന്താനിരതനാവുകയില്ല. അയാളുടെ എല്ലാ പ്രവൃത്തികളിലും ആസുരത പ്രകടിതമാകും. സജ്ജനനിന്ദയായിരിക്കും പ്രധാനകൃത്യം. അതിനാലാണയാള്‍ മഹാവിഷ്ണുവിനോട് യുദ്ധം ചെയ്യാനാഗ്രഹിച്ചത്. ലോകവ്യാപ്തമായ ഈശ്വരീയതതന്നെ മഹാവിഷ്ണു. ആ ശക്തിയെ വെല്ലാനുള്ള ശ്രമം ആസുരതയുണ്ടാക്കും. അസുരത്വം എത്ര ജൃംഭിച്ചാലും ദൈവികശക്തിയെ തോല്പിക്കാനാവില്ലെന്ന സൂക്ഷ്മഭാവം ഈ കഥയില്‍ നിറഞ്ഞുനില്‍ക്കുന്നു.
നാശത്തിന്റെ ആള്‍രൂപമാണ് കംസന്‍. അസുരാഗ്രണിയായ അയാള്‍ ദേഹശക്തിയില്‍ അഹങ്കരിച്ചു. അജ്ഞതയാണ് ദേഹോfഹമെന്നഭാവം വളര്‍ത്തുന്നത്.
ജരാസന്ധനുമായുള്ള ബന്ധം ഇവിടെ ശ്രദ്ധിക്കേണ്ടതാണ്. സമാനചിന്തയുള്ളവരുമായി ചേര്‍ന്ന് സത്തായതിനെ ചെറുക്കുകയെന്നത് നീചത്വമാണ്. കുവലയാപീഡം ദേഹാഭിമാനത്തിന്റെ മൂര്‍ത്തിയുമാണ്. അതിനോടേറ്റ് കംസന്‍ തന്റെ അമിതബലം പ്രദര്‍ശിപ്പിച്ചു. ജരാസന്ധന്റെ പുത്രിമാര്‍, അസ്തിയും പ്രാപ്തിയും കംസന്റെ പത്‌നിമാരായി. അസ്തി ഉണ്മയാകുന്നു. നിലനില്‍പ്! പ്രാപ്തി ലക്ഷ്യമാകുന്നു. എത്തിച്ചേരല്‍! ഇവയാണ് കംസന്റെ ഭാര്യമാര്‍. തന്റെ നില (അസ്തിത്വം) ദൃഢതരമാക്കാനും ലക്ഷ്യം (പ്രാപ്തി) വേഗമാക്കാനുമുള്ള സംസാരിയുടെ ശ്രമംതന്നെയാണ് അസ്തിപ്രാപ്തികള്‍!
ദേഹാഭിമാനി ഐന്ദ്ര്യസുഖങ്ങളില്‍ ഭ്രമിക്കും. അതാണ് മാഷ്മതീകുമാരരായ ചാണൂരാദികളെ കൂട്ടാളികളാക്കിയതില്‍ നിന്നറിയേണ്ടത്. അവരെ മല്ലയുദ്ധത്തില്‍ തോല്‍പ്പിച്ച് ദാസന്മാരാക്കി എന്നാണ് പറഞ്ഞിരിക്കുന്നതെങ്കിലും അവരുമായുള്ള ചങ്ങാത്തമാണ് ആ അസുരേശ്വരനെ മദമത്തനാക്കിയത്. അഞ്ചിന്ദ്രിയങ്ങളുടെ സഖാവായിത്തീര്‍ന്ന കംസന്‍ എവിടേക്കെന്നില്ലാതെ പാഞ്ഞുകയറി. ആരേയും വെല്ലുവിളിച്ചു. ദേഹാഭിമാനി ഇന്ദ്രിയസുഖിയുമാകുമ്പോഴുള്ള അവസ്ഥയാണിത്.
ഇന്ദ്രിയസുഖാസക്തിയും ദേഹഭാവവും മുറ്റിയ ഒരാള്‍ അഷ്ടരോഗങ്ങളില്‍ പെട്ടുപോവുക സ്വാഭാവികം. കാമം, ക്രോധം, ലോഭം, മോഹം, മദം, ദംഭം, മാത്സര്യം, അസൂയ എന്നിവയുമായി ബന്ധം സ്ഥാപിക്കുക ആസുരീഭാവത്തിന്റെ സ്വഭാവമാണ്. ദ്വിവിദന്‍, കേശി, അഘന്‍, അരിഷ്ടന്‍, നരകന്‍, ധേനുകന്‍, തൃണാവര്‍ത്തന്‍, ബകന്‍ എന്നിവര്‍ ആ രാഗങ്ങളുടെ പ്രതീകങ്ങളാണ്. എല്ലാവരും, ചാണുരാദികളും ദ്വിവിദന്‍ മുതലായവരും, കംസനോട് ആമരണസഖ്യം പ്രാപിച്ച സഖാക്കളായിരുന്നു!
ഭൗതികസുഖങ്ങളൊന്നൊന്നായി നേടി ഇന്ദ്രിയാധിനാഥനായ ഇന്ദ്രനെയും വെന്നു. മനസ്സാണ് ഇന്ദ്രിയനാഥന്‍! മഹര്‍ഷിമാര്‍ മനസ്സിനെ ജയിക്കുന്നതുപോലെയല്ല, കംസന്‍ ജയിച്ചത്. ഇന്ദ്രന്റെ ഛത്രചാമരങ്ങളുമെടുപ്പിച്ചാണ് കംസന്‍, സ്വര്‍ല്ലോകത്തില്‍നിന്നും മടങ്ങിയത്. അവയാകട്ടെ, അധികാരചിഹ്നവും. മനസ്സില്‍ അധികാരശക്തിയെക്കുറിച്ച് ലോകം തന്റെ അധീനത്തിലെന്നു ഭാവിച്ചു എന്നുസാരം!
കംസകഥയിലെ ഉത്തരാര്‍ദ്ധം അയാള്‍ക്ക് സിദ്ധിവരുത്തുവാനുതകുന്ന കാര്യങ്ങളാല്‍ നിറഞ്ഞുനില്ക്കുന്നു. പരിപൂര്‍ണ്ണതമനായ ശ്രീകൃഷ്ണനാല്‍ മാത്രമേ തനിക്ക് നാശമുണ്ടാകാവൂ എന്ന വരംതന്നെ പ്രധാനം. കംസന്‍ ഓരോ നിമിഷവും വിപരീതഭക്തിയിലൂടെ ശ്രീകൃഷ്ണനെത്തന്നെ ചിന്തിച്ചുകൊണ്ടേയിരുന്നു. കൃഷ്ണന്‍ മുകുന്ദനുമാണല്ലോ. മുക്തിദാനം ചെയ്യുന്നവനാണു മുകുന്ദന്‍! ‘മുകും ദാദാതി ഇതി മുകുന്ദഃ’ എന്നാണല്ലോ! ഇതിനിടയില്‍ കാലത്തിന്റെ ആക്രമണം കംസനെ തെല്ലൊന്നുലച്ചു. കാലയവനനുമായുള്ള യുദ്ധം അതാണ്. പക്ഷേ, അശ്രാന്തപരിശ്രമിയായ ആ ശക്തന്‍ കുറേക്കാലം കാലത്തേയും വെന്ന് വിരാജിക്കുന്നു. പക്ഷേ, കാലാധീശ്വരനായ ഈശ്വരനോടുതന്നെ ഏറ്റാലോ? പരാജയം തന്നെ. കംസന്റെ ഭൗതികശക്തി പ്രഭാവങ്ങള്‍ക്കൊന്നും ഭഗവാനെ വെല്ലാന്‍ കഴിഞ്ഞില്ല. ധനദേഹ ഇന്ദ്രിയബലങ്ങളെല്ലാം ക്ഷയിച്ച്, കംസന്‍, ഭഗവത്‌സ്പര്‍ശമേറ്റ് സായൂജ്യം പ്രാപിക്കുന്ന കാഴ്ച അത്യന്തം വിസ്മയംതന്നെ.
—————————————————————————————————————————–
ഗ്രന്ഥകര്‍ത്താവിനെക്കുറിച്ച്:-
ചെങ്കല്‍ സുധാകരന്‍
1950 മാര്‍ച്ച് ഏഴാം തീയതി നെയ്യാറ്റിന്‍കര താലൂക്കിലെ ചെങ്കല്‍ ദേശത്ത് കുറ്ററക്കല്‍ വീട്ടില്‍ ജനനം. പരേതരായ ആര്‍.ഗോവിന്ദപ്പിള്ളയും വി.ഭാര്‍ഗവി അമ്മയും അച്ഛനമ്മമാര്‍. കേരള സര്‍വകലാശാലയില്‍ നിന്നും മലയാളസാഹിത്യത്തില്‍ എം.എ, എം.ഫില്‍, ബിഎഡ് ബിരുദങ്ങള്‍ നേടി. ചേര്‍ത്തല എന്‍.എന്‍.എസ് കോളേജിലും വിവിധ സര്‍ക്കാര്‍ കലാലയങ്ങളിലും ജോലി ചെയ്തു. 2005 മാര്‍ച്ചില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ അധ്യാപകനായി വിരമിച്ചു. ഇപ്പോള്‍ ഏറ്റുമാനൂരപ്പന്‍ കോളേജിലെ മലയാളവിഭാഗത്തില്‍ ജോലിചെയ്യുന്നു. അഗ്രപൂജ എന്നപേരില്‍ ഒരു കാവ്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തിലെ ആനുകാലികങ്ങളില്‍ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചു വരുന്നു.
തിരുവനന്തപുരം സര്‍ക്കാര്‍ കോളേജിലെ ചരിത്രവിഭാഗം അധ്യാപികയായിരുന്ന ഡോ.ആര്‍ .അയിഷ ,ഭാര്യ. മക്കള്‍ : മാധവന്‍ , ഗായത്രി.
വിലാസം: ഗായത്രി, ടി.സി. 6/199 – 7, സൗപര്‍ണ്ണികാ ഗാര്‍ഡന്‍സ്, നേതാജി റോഡ്,
വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം – 695 013, മൊബൈല്‍: 9447089049
പ്രസാധകക്കുറിപ്പ്:-
വ്യാസമഹാഭാരതവും മഹാഭാഗവതവും പോലെ അത്ര പ്രചാരമുള്ള ഒരു കൃതിയല്ല ഗര്‍ഗ്ഗഭാഗവതം. ഈ കൃതി ഗര്‍ഗ്ഗാചാര്യനാല്‍ വിരചിതമായി എന്ന് വിശ്വസിക്കപ്പെടുന്നു. ഗര്‍ഗ്ഗഭാഗവതകഥകളും അവയ്ക്കുള്ള ശ്രീ.ചെങ്കല്‍ സുധാകരന്റെ നിരീക്ഷണവുമാണ് ഗര്‍ഗ്ഗഭാഗവതസുധ ഒന്നാംഭാഗം എ്ന്ന ഈ കൃതി. ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ശ്രീ.ചെങ്കല്‍ സുധാകരന്റെ ആദ്യ കൃതിയാണിത്. ഈ കൃതിയുടെ പാരായണത്താല്‍ ഓരോ ഭക്തന്റെയും മനസ്സ് ശ്രീകൃഷ്ണലീലകളിലൂടെ കടന്ന് അഷ്ടരാഗവിമുക്തനായി പരമാനന്ദമനുഭവിക്കട്ടെ എന്ന് ഞങ്ങള്‍ ആശിക്കുന്നു.
കൃഷ്ണഭക്തകേരളം ഈ കൃതിയേയും അതിന്റെ മൂല്യത്തെപ്രതി സ്വീകരിക്കുമെന്ന പ്രതീക്ഷയോടെ,
മാളുബന്‍ പബ്ലിക്കേഷന്‍സ്
ഗര്‍ഗ്ഗഭാഗവതസുധ -ഭാഗം 1 സമ്പൂര്‍ണ്ണ ഗ്രന്ഥത്തിന് എഴുതുക:-
MaluBen Publications
Arayoor P.O., (via) Amaravila
Thiruvananthapuram – 695 122
Mobile: 98469 98425
email: [email protected]
Discussion about this post