Friday, May 9, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

ഗര്‍ഗ്ഗഭാഗവതസുധ – ശ്രീരാധികാജനനം

by Punnyabhumi Desk
Nov 14, 2012, 02:00 pm IST
in മറ്റുവാര്‍ത്തകള്‍, സനാതനം

ചെങ്കല്‍ സുധാകരന്‍

4. ശ്രീരാധികാജനനം

ഹരികഥാശ്രവണത്തില്‍ അതീവതത്പരനായ ബഹുലാശ്വമഹാരാജാവ് ശ്രീനാരദനോട് വീണ്ടും ചോദിച്ചു.

‘ശ്രീരാധയാ പൂര്‍ണ്ണതമസ്തു സാക്ഷാദ്-
ഭൂത്വാവ്രജേ കിം ചരിതം ചകാര
തദ്ബ്രൂഹി മേ ദേവഋഷേ! ഋഷീശ!
ത്രിതാപ ദുഃഖാത് പരിപാഹിമാം ത്വം’

(പരിപൂര്‍ണ്ണതമാവതാരമായ ശ്രീകൃഷ്ണന്‍ രാധാസമേതം അവതരിച്ച് ഏതേതു ലീലകളാണനുഷ്ഠിച്ചത്? ദേവര്‍ഷേ, അങ്ങ്, ആ ലീലകള്‍ വിവരിച്ച്, എന്നെ, താപത്രയത്തില്‍നിന്നും രക്ഷിച്ചാലും) വക്താവും ശ്രോതാവും (നാരദനും ബഹുലാശ്വനും) കൃഷ്ണചരിതകീര്‍ത്തനശ്രവണങ്ങളില്‍ അധികം താത്പര്യമുള്ളവരാണ്. നാരായണസങ്കീര്‍ത്തനം എത്ര ചെയ്താലും മടുക്കാത്ത നാരദരും ഭഗവത്കഥ എത്രകേട്ടാലും മതിവരാത്ത ബഹുലാശ്വനും! പിന്നെ കഥനശ്രവണങ്ങള്‍ രസപ്രദമാകാതിരിക്കുന്നതെങ്ങനെ?

നാരദന്‍ മറുപടി പറഞ്ഞു:

‘അഥ പ്രഭോസ്തസ്യ പവിത്രലീലാം
സുമംഗലാം സംശൃണുതാം പരസ്യ
അഭൂത്‌സദാം യോ ഭൂവി രക്ഷണാര്‍ത്ഥം.
നകേവലം കംസവധായ കൃഷ്ണഃ’

(പരാല്‍പരനായ ശ്രീഭഗവാന്റെ മംഗളകരമായ ലീലകള്‍ ഞാന്‍ പറഞ്ഞുകേള്‍പ്പിക്കാം. ശ്രീകൃഷ്ണാവതാരം കംസവധത്തിന് മാത്രമായിരുന്നില്ല. സജ്ജനസംരക്ഷണത്തിനുംകൂടി ആയിരുന്നു.)

നന്ദന്‍, മഹാനന്ദന്‍, ഉപനന്ദന്‍, വൃഷഭാനു എന്നിവര്‍ പ്രസിദ്ധരായ യദുശ്രേഷ്ഠരായിരുന്നു. അവരുടെ കുലഗുരുവാകട്ടെ, ശ്രീഗര്‍ഗ്ഗാചാര്യരും വൃഷഭാനു സുന്ദരിയും സുശീലയുമായ കീര്‍ത്തിയെ വിവാഹം ചെയ്തു. അവരുടെ പുത്രിയായി രാധാദേവി ജനിച്ചു.

‘അഥൈവ രാധാ വൃഷഭാനു പത്‌ന്യാ-
മാവേശ്യരൂപം മനസഃ പരാഖ്യം
കളിന്ദജാകൂലനികുഞ്ജദേശേ
സുമന്ദിരേ സാവതതാര രാജന്‍!’

(മഹാരാജാവേ, രാധ, വൃഷഭാനു പത്‌നിയില്‍ ആവേശിച്ചു. കീര്‍ത്തി ഗര്‍ഭവതിയായി. യമുനാതീരത്തിലെ വൃഷഭാനുവിന്റെ മന്ദിരത്തില്‍ രാധാദേവി ജനിച്ചു.) രാധാവതാരസമയം ചില സവിശേഷതകളുള്ളതായിരുന്നു. മധ്യാഹ്നാകാശമിരുണ്ടു. ഗ്രഹങ്ങള്‍ ശുഭസ്ഥാനങ്ങളില്‍ ശോഭിച്ചു. ദേവന്മാര്‍ നന്ദനത്തിലെ സുരഭിലകുസുമങ്ങള്‍ വര്‍ഷിച്ചു. നദികളില്‍ ജലം തെളിഞ്ഞൊഴുകി. ദിക്കുകള്‍ പ്രഭാപ്രസരിതങ്ങളായി. താമരപ്പൂമ്പൊടി പേറിയ ശീകരമാരുതന്‍ മന്ദമന്ദം വീശി.

ശരച്ചന്ദ്രസുന്ദരമുഖിയായ പുത്രിയെക്കണ്ട് മാതാപിതാക്കള്‍ ആനന്ദഭരിതരായി. അവര്‍ ഉടന്‍തന്നെ, ബ്രാഹ്മണര്‍ക്ക് രണ്ടുലക്ഷം പശുക്കളെ ദാനം ചെയ്തു. കീര്‍ത്തിസഖികളുടെ ലാളനമേറ്റ് രാധ, ദിനംതോറും വളരുന്ന ചന്ദ്രക്കലപോലെ ശോഭിച്ചു.

(ആന്ദോളിതാ സാ വവൃധേ സഖീ ജനൈര്‍-
ദ്ദിനേ ദിനേ ചന്ദ്രകലേവ ഭാഭിഃ)

അതിദുര്‍ല്ലഭമായ ഭാഗ്യം ലഭിച്ചതായിക്കരുതി വൃഷഭാനുമന്ദിരത്തില്‍ എല്ലാവരും ആനന്ദപുളകിതരായി. രാധാദേവിയെ ലാളിച്ചുവളര്‍ത്താന്‍ ഭാഗ്യം കിട്ടിയ ദാസിമാര്‍ അത്യന്തം ഭാഗ്യശാലികള്‍തന്നെ എന്ന് ദേവന്മാരും ഋഷിമാരും പുകഴ്ത്തി.

ഗോലോകറാണിയായ രാധയുടെ ജനനകഥ കേട്ട ബഹുലാശ്വ മഹാരാജാവ് ആനന്ദപരവശനായി. സത്കഥാകൃഷ്ടമാനസനായ അദ്ദേഹം ശ്രീനാരദനോട് പറഞ്ഞു. ‘മഹര്‍ഷേ, വൃഷഭാനുവിന്റെ ഭാഗ്യം അവര്‍ണ്ണനീയം! അദ്ദേഹത്തിനാണലലോ ശ്രീരാധയെ പുത്രിയായി ലഭിച്ചത്? ഇത് പൂര്‍വ്വജന്മസുകൃതമല്ലാതെ മറ്റെന്താണ്? അദ്ദേഹത്തിന്റെ മുജ്ജന്മസുകൃതങ്ങളെപ്പറ്റി അറിഞ്ഞാല്‍കൊള്ളാം!’ ജിജ്ഞാസുവായ മിഥിലാധിപന്, നാരദമഹര്‍ഷി, വൃഷഭാനുവിന്റെ പൂര്‍വ്വജന്മകഥ വിവരിച്ചുകേള്‍പ്പിച്ചു.

‘നൃഗപുത്രോ മഹാഭാഗഃ
സുചന്ദ്രോ നൃപതീശ്വരഃ
ചക്രവര്‍ത്തീ ഹരേരംശോ
ബഭുവാതീവസുന്ദരഃ’

(മഹാരാജാവ് കേട്ടാലും: മുജ്ജന്മത്തില്‍ വൃഷഭാനു, നൃഗപുത്രനായ സുചന്ദ്രന്‍ എന്ന ചക്രവര്‍ത്തിയായിരുന്നു. അതീവ സുന്ദരനായ അദ്ദേഹം മഹാവിഷ്ണുവിന്റെ അംശവുമായിരുന്നു.) അക്കാലത്ത് പിതൃദേവന്മാര്‍ക്ക് മാനസപുത്രിമാരായി മൂന്നു കന്യകമാര്‍ പിറന്നു. കലാവതി, രത്‌നമാല, മേന എന്നിവര്‍. ഇവരില്‍ കലാവതിയെ സുചന്ദ്രനും രത്‌നമാലയെ ജനകമഹാരാജാവും മേനയെ ദേവതാത്മാവായ ഹിമവാനും വേട്ടു. അവര്‍ക്ക് യഥാക്രമം രാധ, സീത, പാര്‍വ്വതി എന്നീ പുത്രിമാരും പിറന്നു.

നാരദര്‍ തുടര്‍ന്നു: ‘വിവാഹാനന്തരം സുചന്ദ്രനും കലാവതിയും ഗോമതീനദീതീരത്ത് പന്ത്രണ്ടു ദിവ്യവത്സരം ബ്രഹ്മാവിനെ തപസ്സുചെയ്തു. കാലക്രമേണ അവരെ പുറ്റുവന്നു മൂടി. തപസ്സില്‍ സമ്പ്രീതനായ ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ടു. സുചന്ദ്രന്‍ അദ്ദേഹത്തെ നമസ്‌ക്കരിച്ച്, മോക്ഷം യാചിച്ചു. സന്തുഷ്ടനായ ബ്രഹ്മാവ് വരദാനത്തിന് ഒരുമ്പെട്ടു. ഇതുകണ്ട് ദുഃഖഭഗ്നമാനസയായ കലാവതി ബ്രഹ്മാവിനോടു പറഞ്ഞു:

‘പതിരേവ ഹി നാരീണാം
ദൈവതം പരമം സ്മൃതം
യദിമോക്ഷമസൗ യാതി
തദാ മേ കാ ഗതിര്‍ഭവേത്’

(സ്ത്രീകള്‍ക്ക് ഭര്‍ത്താവാണ് പ്രത്യക്ഷദൈവം. ബ്രഹ്മദേവാ, അങ്ങ്, എന്റെ ഭര്‍ത്താവിന് മോക്ഷം നല്‍കിയാല്‍ (പതിവ്രതയായ) എനിക്ക് എന്താണ് ഗതി? ഇദ്ദേഹത്തെക്കൂടാതെ എനിക്ക് ജീവിക്കാന്‍ സാധ്യമല്ല. അങ്ങ്, എന്റെ ഭര്‍ത്താവിന് മോക്ഷം നല്‍കാന്‍ തുനിഞ്ഞാല്‍, ഞാന്‍, അങ്ങയെ ശപിക്കും.)

സാധ്വീരത്‌നമായ കലാവതിയുടെ വാക്കുകേട്ട് ബ്രഹ്മാവി സൗമ്യഭാവത്തില്‍ പറഞ്ഞു: ത്വച്ഛാപാത് ഭയഭീതോfഹം (നിന്റെ ശാപത്തെ ഞാന്‍ ഭയക്കുന്നു.)     എന്നാല്‍, മേ വരോfപി മൃഷാ ന ഹി (എന്റെ വരവും വെറുതേയാവില്ല) അതിനാല്‍, കലാവതീ, നീയും സന്തുഷ്ടയായി ഭര്‍ത്താവിനോടൊത്ത് സ്വര്‍ഗ്ഗത്തില്‍ സുഖമായി വസിക്കുക. കാലാന്തരത്തില്‍ നിങ്ങള്‍ രണ്ടുപേരും ഭൂമിയില്‍ത്തന്നെ മടങ്ങിയെത്തും. ദ്വാപരയുഗാന്തരത്തില്‍, ഗംഗായമുനാമധ്യസ്ഥലിയില്‍ നിങ്ങള്‍ രണ്ടുപേരും ജനിക്കും. മാത്രമല്ല,

‘യുവയോ രാധികാ സാക്ഷാല്‍
പരിപൂര്‍ണതമഃ പ്രിയാ
ഭവിഷ്യതി യദാ പുത്രീ-
തദാ മോക്ഷം ഗമിഷ്യഥഃ’

(പരിപൂര്‍ണ്ണതമനായ ശ്രീകൃഷ്ണഭഗവാന്റെ പ്രിയപത്‌നിയായ രാധനിങ്ങള്‍ക്കു പുത്രിയായി പിറക്കും. അതോടെ നിങ്ങള്‍ക്ക മോക്ഷവും ഭവിക്കും.)’

ബ്രഹ്മാവിങ്ങനെ അനുഗ്രഹിച്ചപ്പോള്‍ ആ ദമ്പതിമാര്‍ സംതൃപ്തരായി. അവര്‍ കുറേക്കാലം സ്വര്‍ഗ്ഗത്തില്‍ ഒരുമിച്ചുവസിച്ചു. തുടര്‍ന്ന്, ഈശ്വരേച്ഛയാ, രണ്ടുപേരും ഭൂമിയില്‍ ജനിച്ചു. കലാവതി, കന്യാകുബ്ജത്തില്‍ ഭലന്ദലരാജാവിന്റെ പുത്രിയായ കീര്‍ത്തീദേവിയായും സുചന്ദ്രന്‍ ഗോകുലത്തില്‍ സുരഭാനുവിന്റെ പുത്രനായ വൃഷഭാനുവായും പുനര്‍ജ്ജനിച്ചു. അവര്‍ യഥാകാലം യൗവ്വനയുക്തരായി. ‘സംബന്ധം യോജയാമാസ നന്ദരാജോ മഹാമതിഃ (ശ്രീനന്ദരാജന്‍, അനുരൂപരായ ഇവരെ തമ്മില്‍ വിവാഹം കഴിപ്പിച്ചു.) ഈ കഥ കേള്‍ക്കുന്നവര്‍ സര്‍വ്വപാപനിര്‍മുക്തരാകുമെന്നു പറഞ്ഞ് നാരദന്‍, രാധികാജനനകഥ അവസാനിപ്പിച്ചു.

ഭക്തന്മാര്‍ക്ക് രോമഹര്‍ഷണമുണ്ടാക്കുന്നതാണ് രാധാജന്മവൃത്താന്തം. ഭൂഭാരഹരണാര്‍ത്ഥം അവതരിച്ച ഗോലോകനാഥന്റെ സഹധര്‍മ്മിണിയായ രാധ ധാരാഭക്തിയുടെ ഉജ്ജ്വലോദാഹരണമാണ്. മഹാഭാഗവതകഥകളിലൂടെ സഞ്ചരിക്കുന്ന ആര്‍ക്കും ആ സത്യം ബോധ്യമാകും. ജനകോചിതജന്യം എന്ന വിധത്തില്‍ ഏറെ വരിഷ്ഠമായ കഥയാണ് ഗര്‍ഗ്ഗാചാര്യര്‍ പറഞ്ഞിരിക്കുന്നത്. രാധയുടെ മാതാപിതാക്കളായ ധന്യചരിതരുടെ ദിവ്യകഥ! ഭക്തിഭാവത്തിന് പുഷ്ടിനല്‍കുന്ന ഈ സത്കഥയില്‍ സൂക്ഷ്മമാക്കിവച്ചിരിക്കുന്ന തത്ത്വത്തിലേക്കും ശ്രദ്ധിക്കേണ്ടതുണ്ട്. പുരാണകഥകളിലെ നാളികേരപാകം മനസ്സിലാക്കിയാലേ, കഥാമൃതം വേണ്ടപോലെ, നുകരാന്‍ സാധിക്കുകയുള്ളൂ.

വൃഷഭാനു, കീര്‍ത്തി എന്നീ പേരുകളാണ് രാധാപിതാവിനും മാതാവിനുമുള്ളത്. വൃഷഭാനു ധര്‍മ്മമൂര്‍ത്തിയാണ്. ‘വൃഷ’ ശബ്ദത്തിന് ‘ധര്‍മ്മം’ എന്നര്‍ത്ഥമുണ്ട്. ധര്‍മ്മരശ്മി അഥവാ ധര്‍മ്മതേജസ്സ് എന്നതിന്റെ പ്രതീകമാണ് വൃഷഭാനു. തന്നില്‍ നിഹിതമായ കര്‍മ്മങ്ങളെല്ലാം യഥായോഗ്യം അനുഷ്ഠിച്ച വ്യക്തിയാണെന്നു സാരം! ഭാരതീയമായ കര്‍മ്മപാത സ്വധര്‍മ്മനിര്‍വഹണത്തില്‍ അധിഷ്ഠിതമാണ്. ‘സ്വധര്‍മ്മേനിധനം ശ്രേയഃ’ എന്ന വാക്യവും പ്രസിദ്ധമാണല്ലോ! ധര്‍മ്മാനുഷ്ഠാനത്തില്‍ അടിയുറച്ചു പ്രവര്‍ത്തിച്ച വ്യക്തിക്ക്, സ്വാഭാവികമായും സഹധര്‍മ്മിണിയാകുന്നത് കീര്‍ത്തിതന്നെയായിരിക്കും. നിര്‍മ്മായകര്‍മ്മം കീര്‍ത്തികരമാകുമെന്നതില്‍ സംശയമില്ല.

ഗര്‍ഗ്ഗാചാര്യര്‍ രാധാഗുരുക്കന്മാരുടെ പൂര്‍വ്വജന്മകഥ വിവരിച്ചിരിക്കുന്നതും മേല്‍ക്കാണിച്ച തത്ത്വത്തിന് വെളിച്ചമേകുന്ന വിധത്തിലാണ്. വൃഷഭാനുവിന്റെ മുജ്ജന്മനാമം സുചന്ദ്രന്‍ എന്നായിരുന്നു. കീര്‍ത്തിയുടേത് കലാവതി എന്നും. സുചന്ദ്രനും കലാവതിയും! കലകളുടെ സമ്പൂര്‍ണ്ണയോഗത്തിലാണല്ലോ ചന്ദ്രന്‍ പൂര്‍ണ്ണനാകുന്നത്! സ്വന്തം പ്രവൃത്തിയുടെ വിശുദ്ധിയാകുന്ന നിലാവ് പരത്തുന്ന വ്യക്തിയാണ് സുചന്ദ്രന്‍! സത്യസന്ധമായ കര്‍മ്മങ്ങളുടെ കലാപൂര്‍ണ്ണതയാണ് കലാവതി! ചേരേണ്ടതില്‍ ചേര്‍ച്ച എന്ന രീതിയില്‍ മാനസൈക്യം പ്രാപിച്ച ദമ്പതിമാരാണവര്‍!

ഗോമതീനദീതീരത്ത് സുന്ദ്ര-കലാവതിമാര്‍ പന്ത്രണ്ടുവര്‍ഷം തപസ്സുചെയ്തു. പുരാണങ്ങളില്‍ പറയുന്ന നദികള്‍ പലതും ഭക്തിഭാവത്തിന്റെ പ്രതീകങ്ങളാണ്. ഗോമതി പ്രത്യേകിച്ചും. ഗോക്കളെ അഥവാ ഇന്ദ്രിയങ്ങളെ ഏകഭാവനിഷ്ഠമാക്കിയ ഭക്തി എന്ന ആശയം ഗോമതി എന്ന സംജ്ഞതന്നെ പ്രദര്‍ശിപ്പിക്കുന്നു. ഭക്തിനദിയുടെ തീരത്താണ് തപസ്സ്! ദൃഢവ്രതനായ ഏതു തപസ്വിക്കും ഈ നദീതീരത്ത് (ഭക്തിയാകുന്ന നദീതീരത്ത്) എത്തിയാലേ ജന്മോദ്ദേശ്യം സാധിക്കാന്‍ കഴിയൂ. ഇന്ദ്രിയദമനം ചെയ്ത ഭക്തിയിലൂടെ കാലാതിവര്‍ത്തിയായ ബ്രഹ്മസാക്ഷാത്കാരം നേടി എന്ന തത്ത്വമാണ് സുചന്ദ്രകലാവതിമാരുടെ തപസ്സില്‍ കാണാന്‍ കഴിയുന്നത്. ബ്രഹ്മനിഷ്ഠരായ ഈ ഭക്താഗ്രണിമാര്‍ക്ക് ഒരു പുനര്‍ജ്ജന്മംതന്നെയുണ്ടാകുന്നു. അതുവരെയുണ്ടായിരുന്ന സാധാരണത്വത്തില്‍ നിന്ന് ബ്രഹ്മനിഷ്ഠമായ ഒരു പുതിയ ജന്മത്തിലേക്കുള്ള പരിവര്‍ത്തനം! ഇവിടെ രാധാവതാരം അനിവാര്യമാകുന്നു. ഭക്തന്റെ ജന്മസാഫല്യംതന്നെയാണ് ധാരാഭക്തി! ഇടമുറിയാത്ത ഭക്തിധാര! ‘ഇദം ന മമ’ എന്ന ഭാവത്തോടെ, സര്‍വ്വവും പ്രപഞ്ചേശ്വരനില്‍ – പ്രപഞ്ചപ്പൊരുളില്‍ – സമര്‍പ്പിക്കുന്ന നിര്‍ലേപാവസ്ഥ! അതുതന്നെയാണ് മുക്തി! ലൗകിക ബന്ധനങ്ങളില്‍ നിന്നുള്ള മോക്ഷം! രാധാജനനത്തോടെ വൃഷഭാനു-കീര്‍ത്തി ദമ്പതിമാര്‍ക്കുണ്ടായ മോക്ഷം അതിനെയാണ് സൂചിപ്പിക്കുന്നത്.

രാധാവതാരസന്ദര്‍ഭം വിശദീകരിച്ചിരിക്കുന്ന രീതി ശ്രദ്ധിച്ചാല്‍ ആ ദിവ്യജന്മരഹസ്യം വ്യക്തമാകുന്നതാണ്. ശ്രീരാധാവതാരസന്ദര്‍ഭത്തില്‍ മാദ്ധ്യന്ദിനാകാശം ഇരുണ്ടു. കത്തിക്കാളുന്ന ചൂടിന് ശമനമുണ്ടായി എന്നു സാരം! ചുട്ടുതപിച്ച മനസ്സ് സാക്ഷാത്കാരസംതൃപ്തിയില്‍ സംയമം പ്രാപിക്കുന്നതാണിത്. രാധാലബ്ധിയില്‍-അഖണ്ഡഭക്തിധാരയില്‍ – ഭക്തന്‍ അമിതാനന്ദമനുഭവിക്കുന്നു! ഉത്കണ്ഠകളെല്ലാമൊടുങ്ങിയെന്ന തത്ത്വമാണ് ഗ്രഹങ്ങളുടെ സുസ്ഥാനശോഭകാട്ടുന്നത്. പുഷ്പവൃഷ്ടി ആനന്ദാശ്രുക്കള്‍തന്നെ. ദേവന്മാര്‍ പുഷ്പവൃഷ്ടിചെയ്തു എന്നാണല്ലോ കഥ! സത്യസാക്ഷാത്കാരം നേടിയ വ്യക്തിയുടെ മനസ്സ്, ബുദ്ധി എന്നിവ തെളിഞ്ഞു. നിറഞ്ഞ ഭക്തിയാല്‍ അന്തഃകരണങ്ങള്‍ തുളുമ്പി! ജ്ഞാനേന്ദ്രിയങ്ങള്‍ ഇന്ദ്രിയാര്‍ത്ഥങ്ങളെ വെടിഞ്ഞു. എല്ലാം ഏകമയമായ പൊരുളിലേക്ക് ഒഴുകി. നദികളിലെ ജലം തെളിഞ്ഞൊഴുകിയെന്നത് ഇതാവില്ലേ വ്യക്തമാക്കുന്നത്? ഇളക്കമോ കലക്കമോ ഇല്ലാതെ തെളിഞ്ഞൊഴുകുന്ന നദികള്‍ ഏകഭാവത്തിലധിഷ്ഠിതങ്ങളായ മനോബുദ്ധീന്ദ്രിയങ്ങള്‍തന്നെ. തപോനിഷ്ഠന്‍ ബ്രഹ്മസാക്ഷാത്കാരത്താല്‍ പ്രസാദിതമാനസ്സനായി എന്ന തത്ത്വമാണ്, ദിക്കുകള്‍ പ്രഭാപ്രസരിതമായി എന്നു പറഞ്ഞതില്‍നിന്ന് മനസ്സിലാക്കേണ്ടത്. മന്ദമന്ദം വീശിയ ശീകരമാരുതന്‍, നിഷ്പന്ദമായ പ്രാണനടക്കിവച്ച് ‘വിദ്യയാമൃതമശ്‌നുതേ’ എന്ന രീതിയില്‍ ആനന്ദഭരിതമായ യോഗിമനസ്സിനെ പ്രതിനിധാനം ചെയ്യുന്നു. സ്വധര്‍മ്മനിഷ്ഠനായ വ്യക്തി നിര്‍മായകര്‍മ്മങ്ങളിലൂടെ ഈശ്വരോപാസന നടത്തുന്നു. കാലങ്ങള്‍ നീണ്ട തപോമഗ്നജീവിതം അയാളെ പരിവര്‍ത്തിതമാനസനാക്കുന്നു. അന്തഃകരണങ്ങള്‍ ഏകത്വത്തില്‍ ലയിച്ചു. ലൗകികചിന്തതന്നെ വിസ്മരിച്ചു. ബ്രഹ്മസാക്ഷാത്കാരത്താല്‍-രാധാദര്‍ശനത്താല്‍-അമൃതാനന്ദമനുഭവിച്ചു!എല്ലാവിധ ലൗകികചിന്തകളില്‍നിന്നും നിവൃത്തനായി. വൃഷഭാനു കീര്‍ത്തി ധാവള്യത്താല്‍ സുശോഭിതനായി.
—————————————————————————————————————————–
ഗ്രന്ഥകര്‍ത്താവിനെക്കുറിച്ച്:-

ചെങ്കല്‍ സുധാകരന്‍
1950 മാര്‍ച്ച് ഏഴാം തീയതി നെയ്യാറ്റിന്‍കര താലൂക്കിലെ ചെങ്കല്‍ ദേശത്ത് കുറ്ററക്കല്‍ വീട്ടില്‍ ജനനം. പരേതരായ ആര്‍.ഗോവിന്ദപ്പിള്ളയും വി.ഭാര്‍ഗവി അമ്മയും അച്ഛനമ്മമാര്‍. കേരള സര്‍വകലാശാലയില്‍ നിന്നും മലയാളസാഹിത്യത്തില്‍ എം.എ, എം.ഫില്‍, ബിഎഡ് ബിരുദങ്ങള്‍ നേടി. ചേര്‍ത്തല എന്‍.എന്‍.എസ് കോളേജിലും വിവിധ സര്‍ക്കാര്‍ കലാലയങ്ങളിലും ജോലി ചെയ്തു. 2005 മാര്‍ച്ചില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ അധ്യാപകനായി വിരമിച്ചു. ഇപ്പോള്‍ ഏറ്റുമാനൂരപ്പന്‍ കോളേജിലെ മലയാളവിഭാഗത്തില്‍ ജോലിചെയ്യുന്നു. അഗ്രപൂജ എന്നപേരില്‍ ഒരു കാവ്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തിലെ ആനുകാലികങ്ങളില്‍ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചു വരുന്നു.

തിരുവനന്തപുരം സര്‍ക്കാര്‍ കോളേജിലെ ചരിത്രവിഭാഗം അധ്യാപികയായിരുന്ന ഡോ.ആര്‍ .അയിഷ ,ഭാര്യ. മക്കള്‍ : മാധവന്‍ , ഗായത്രി.

വിലാസം: ഗായത്രി, ടി.സി. 6/199 – 7, സൗപര്‍ണ്ണികാ ഗാര്‍ഡന്‍സ്, നേതാജി റോഡ്,

വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം – 695 013, മൊബൈല്‍: 9447089049

പ്രസാധകക്കുറിപ്പ്:-
വ്യാസമഹാഭാരതവും മഹാഭാഗവതവും പോലെ അത്ര പ്രചാരമുള്ള ഒരു കൃതിയല്ല ഗര്‍ഗ്ഗഭാഗവതം. ഈ കൃതി ഗര്‍ഗ്ഗാചാര്യനാല്‍ വിരചിതമായി എന്ന് വിശ്വസിക്കപ്പെടുന്നു. ഗര്‍ഗ്ഗഭാഗവതകഥകളും അവയ്ക്കുള്ള ശ്രീ.ചെങ്കല്‍ സുധാകരന്റെ നിരീക്ഷണവുമാണ് ഗര്‍ഗ്ഗഭാഗവതസുധ ഒന്നാംഭാഗം എ്ന്ന ഈ കൃതി. ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ശ്രീ.ചെങ്കല്‍ സുധാകരന്റെ ആദ്യ കൃതിയാണിത്. ഈ കൃതിയുടെ പാരായണത്താല്‍ ഓരോ ഭക്തന്റെയും മനസ്സ് ശ്രീകൃഷ്ണലീലകളിലൂടെ കടന്ന് അഷ്ടരാഗവിമുക്തനായി പരമാനന്ദമനുഭവിക്കട്ടെ എന്ന് ഞങ്ങള്‍ ആശിക്കുന്നു.

കൃഷ്ണഭക്തകേരളം ഈ കൃതിയേയും അതിന്റെ മൂല്യത്തെപ്രതി സ്വീകരിക്കുമെന്ന പ്രതീക്ഷയോടെ,

മാളുബന്‍ പബ്ലിക്കേഷന്‍സ്

ഗര്‍ഗ്ഗഭാഗവതസുധ -ഭാഗം 1 സമ്പൂര്‍ണ്ണ ഗ്രന്ഥത്തിന് എഴുതുക:-

MaluBen Publications
Arayoor P.O., (via) Amaravila
Thiruvananthapuram – 695 122
Mobile: 98469 98425
email: [email protected]

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

സനാതനം

ശിവരാത്രി മഹോത്സവം

മറ്റുവാര്‍ത്തകള്‍

ഇന്ന് മഹാശിവരാത്രി

Discussion about this post

പുതിയ വാർത്തകൾ

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

പഹല്‍ഗാം ഭീകരാക്രണത്തെ ശക്തമായി അപലപിച്ച് യുഎന്‍ സുരക്ഷാ സമിതി

പ്രശസ്ത ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ അന്തരിച്ചു

ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ.കസ്തൂരിരംഗന്‍ അന്തരിച്ചു

ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

വത്സല.പി നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies