ശബരിമല: ഭക്തകോടികള്‍ക്ക് ഭഗവത്ദര്‍ശനത്തിന്റെ മഹാപുണ്യമേകുവാന്‍ ശബരിമലയില്‍ നടതുറന്നു. ഇനി അറുപതു നാള്‍ കേരളത്തിന്‍റെ വഴികള്‍ ശബരിമലയിലേക്ക് മാത്രം. ലോകത്തിന്റെ നാനാഭാഗങ്ങളിലുമുള്ള ജനങ്ങള്‍ വ്രതശുദ്ധിയോടെ ഇരുമുടിക്കെട്ടുമായി കാനനപാത ചവുട്ടി പതിനെട്ടാംപടി കയറി അഹങ്കാരം ഉപേക്ഷിച്ചു വിശ്വശക്തിയില്‍ ലയിച്ചു സ്വാമിയും ഭക്തനും ഒന്നാകുന്ന ആ ദര്‍ശനപുണ്യത്തിന്റെ നാളുകള്‍ വരവായി. ഭാരതത്തിലെ ഏറ്റവും വലിയ തീര്‍ത്ഥാടനകേന്ദ്രം എന്ന നിലയിലേക്ക് ഉയരുന്ന ശബരിമല ലോകത്തിനുതന്നെ അത്ഭുതമാകുന്ന കാഴ്ചയാണ് നാമിന്നു കാണുന്നത്.
റഷ്യ, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നും തദ്ദേശീയര്‍ മാനവസമത്വത്തിന്റെ മൂര്‍ത്തിമദ്ഭാവമായ കലിയുഗവരദനെ കണ്ടു വണങ്ങാന്‍ കഠിനമായ വൃതത്തിന്റെ പിന്‍ബലത്തോടെ വന്നെത്തുന്നു. ഭക്തജനകോടികള്‍ വന്നെത്തുന്ന പമ്പയും സന്നിധാനവും ഭഗവാന്റെ പൂങ്കാവനവും അതിന്റെ പാവനതയോടെ കാത്തുസൂക്ഷിക്കാന്‍ ദേവസ്വംബോര്‍ഡ്, കേരളപോലീസും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. പോലീസ് ആയിരക്കണക്കിന് ഉദ്യോഗസ്ഥരെയാണ് ഭക്തരുടെ സഹായത്തിനായി എല്ലാവര്‍ഷവും ശബരിമലയിലേക്ക് നിയോഗിക്കുന്നത്. ഇന്നലെ വൈകിട്ട് 5.30 നാണ് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എന്‍. ബാലമുരളി നടതുറന്ന് അയ്യപ്പസ്വാമിയെ ഉണര്‍ത്തി ശ്രീകോവിലില്‍ നെയ് വിളക്ക് തെളിച്ചത്. തുടര്‍ന്ന് പതിനെട്ടാംപടി ഇറങ്ങി മേല്‍ശാന്തി ആഴി കത്തിച്ചു. വൈകിട്ട് ഏഴ് മണിയോടെ പുതിയ മേല്‍ശാന്തിമാരുടെ അവരോധന ചടങ്ങും നടന്നു. കലശം പൂജിച്ച് തന്ത്രി നിയുക്ത മേല്‍ശാന്തിയെ സോപാനത്തില്‍വച്ച് അഭിഷേകം ചെയ്തു. തുടര്‍ന്ന് ശ്രീകോവിലില്‍ കൊണ്ടുപോയി മൂലമന്ത്രം ചെവിയില്‍ ഓതിക്കൊടുത്തു. തുടര്‍ന്ന് മാളികപ്പുറത്തും അവരോധന ചടങ്ങ് നടന്നു. ഇന്ന് പുര്‍ച്ചെ നാലിന് നടതുറന്നപ്പോള്‍ അഭൂതപൂര്‍വ്വമായ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.
ഭസ്മാഭിഷക്തനായിരുന്ന ഭഗവാനെ ഇഞ്ചതേച്ച് കുളിപ്പിച്ച് ഉടയാടയും തെറ്റിപ്പൂമാലയും അണിയിച്ച് പൂജനടത്തിയശേഷമാണ് അഭിഷേകത്തിന് തുടക്കമായത്. ആദ്യം പാലും തുടര്‍ന്ന് തേന്‍, കരിക്ക്, പനിനീര്‍, തുടങ്ങിയ ദ്രവ്യങ്ങളും അഭിഷേകം ചെയ്തു. ഇതിന്ശേഷം സീസണിലെ ആദ്യ നെയ്യഭിഷേകത്തിന് തുടക്കം കുറിച്ചു. കിഴക്കേ മണ്ഡപത്തില്‍ അഷ്ടദ്രവ്യ ഗണപതിഹോമം തന്ത്രിയുടെ കാര്‍മ്മികത്വത്തില്‍ നടന്നു. ഇതോടെ സന്നിധാനത്ത് പൂജാചടങ്ങുകള്‍ക്ക് തുടക്കമായി. സീസണിലെ ആദ്യ കളഭാഭിഷേകവും ഉച്ചപൂജയ്ക്ക് മുന്നോടിയായി നടന്നു.
Discussion about this post