തിരുമാന്ധാംകുന്ന് ശിവ കേശാദിപാദം (ഭാഗം-4)
ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങള്‍
ശിവതത്വം
സത്യാനന്ദസുധാ വ്യാഖ്യാനം : ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍
ജീവനുള്ളതെന്നും ജീവനില്ലാത്തതെന്നും നാം കരുതുന്ന വിവിധ പദാര്‍ത്ഥങ്ങളെ കൊണ്ടുനിറഞ്ഞതാണ് ഈ പ്രപഞ്ചം. അതിന്റെ വലിപ്പം കണ്ണിനോ മനസ്സിനോ വിധേയമല്ല. അതിനാല്‍ ഈ ലോകം എവിടെ തുടങ്ങുന്നു എവിടെ അവസാനിക്കുന്നു എന്ന് അറിയുക സാദ്ധ്യമല്ല. എന്നുതുടങ്ങി എന്ന് അവസാനിക്കും എന്നെല്ലാം മനസ്സിലാക്കുകയും വയ്യ. അപരിമിതമായ കാലദേശങ്ങളോടു കൂടിയതെന്നു തോന്നിക്കുന്ന ഈ ലോകം അത്യന്തസ്ഥൂലമാണ്. ഇന്ദ്രിയ ഗ്രാഹ്യവുമാണ്. കണ്ണുകൊണ്ടു കാണുകയും കാതുകൊണ്ടു കേള്‍ക്കുകയും മൂക്കുകൊണ്ടു മണക്കുകയും നാവുകൊണ്ടു രുചിക്കുകയും ത്വക്കുകൊണ്ടു തൊട്ടറിയുകയും ചെയ്യാവുന്നതാണത്. ഈ പ്രപഞ്ചം അനുനിമിഷം ചലിച്ചുകൊണ്ടിരിക്കുന്നു. നിരന്തരമായ പരിണാമങ്ങള്‍ക്ക് വിധേയമാവുകയും ചെയ്തുകൊണ്ടിരിക്കുന്നു.
പരസ്പര ബന്ധമില്ലാത്തതും തികച്ചും സ്വതന്ത്രവുമായ പദാര്‍ത്ഥങ്ങളുടെ സമാഹാരമെന്ന് സാധാരണബുദ്ധിക്കു തോന്നിയ്ക്കുന്ന ഈ ദൃശ്യപ്രപഞ്ചം പരസ്പര സംബന്ധമായ സൂക്ഷ്മതലത്തില്‍ നിന്നുണ്ടായതാണെന്നു ഋഷിമാര്‍ നമ്മെ പഠിപ്പിക്കുന്നു. ആ തലത്തില്‍ അതു പ്രാണന്റെ നിരന്തരപ്രവാഹമാണ്. അതാണു സ്ഥൂലജഗത്തായി നാം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ജഗത്തിലെ സ്ഥൂലപദാര്‍ത്ഥങ്ങളെ നാം കണ്ടും കേട്ടും ചിരിക്കുമ്പോഴും അതു പ്രാണന്‍ മാത്രമാണ്. പ്രാണസ്വരൂപത്തിനുമാറ്റം വരുന്നില്ല. അനേകം അടുക്കുകളോടുകൂടിയ ഈ സൂക്ഷ്മതലത്തെ സൂക്ഷ്മപ്രപഞ്ചമെന്നു വിളിക്കാം.
ഈ സൂക്ഷ്മപ്രപഞ്ചത്തിനു ആധാരമായി കുറേക്കൂടി സൂക്ഷ്മമായ വാസനകളുടെ തലമുണ്ട്. അതില്‍ നിന്നാണു സൂക്ഷ്മപ്രപഞ്ചമുണ്ടാകുന്നത്. പ്രപഞ്ചത്തിന്റെയും ജീവരാശിയുടെയും സ്വരൂപസ്വഭാവങ്ങളെ നിയന്ത്രിക്കുന്നത് ഈ തലമാണ്. ഇവിടെ കാലമില്ല. അതിനാല്‍ ബാഹ്യതലങ്ങളിലുള്ള കേശപരിധിയും ഇവിടെ അസ്തമിച്ചിരിക്കുന്നു. സത്വം, രജസ്സ്, തമസ്സ് എന്നീ ഗുണങ്ങളുടെ ഇരിപ്പടമായ പ്രകൃതിയുടെ തലമാണിത്. ഇതിനു കാരണ ശരീരമെന്നു പേരുകൊടുക്കാം. സൂക്ഷ്മപ്രപഞ്ചത്തിനും സ്ഥൂലപ്രപഞ്ചത്തിനും കാരണമായിരിക്കുന്നതുകൊണ്ട് ആ പേര് യോജിക്കുന്നു.
സ്ഥൂല, സൂക്ഷ്മലോകങ്ങള്‍ ജഡമാണ്. അതേവിധം ഈ കാരണശരീരവും ജഡമാകുന്നു. തന്നെപ്പോലും അറിയാന്‍ കഴിവില്ലാത്ത അതിനു മറ്റൊന്നിനെയും അറിയാനാവുകയില്ല. അതിനാല്‍ അതിനു സ്വന്തമായ നിലനില്പില്ല. കാരണശരീരത്തിനു നിലനില്പുണ്ടാകണമെങ്കില്‍ അതിനും താങ്ങായി ബോധചൈതന്യമുണ്ടായേപറ്റൂ. ‘എന്തെന്നാല്‍ പ്രപഞ്ചാനുഭവം ബോധത്തിലാണു നിലനില്ക്കുന്നത്. ഈ ബോധം സത്തും ചിത്തും ആനന്ദവുമാകുന്നു. മൂന്നുകാലത്തിലും മാറ്റമില്ലാതെ നിലനില്‍ക്കുന്നതേതോ അതാണ് സത്. ഇക്കാണായ പ്രപഞ്ചത്തില്‍ എല്ലാം മാറിക്കൊണ്ടിരിക്കുന്നു. ഉണ്ടാവുക, വളരുക, വളര്‍ച്ചയുടെ പരകാഷ്ടയിലെത്തുക, ക്ഷയിക്കുക, നശിക്കുക എന്നീമാറ്റങ്ങള്‍ എല്ലാ പദാര്‍ത്ഥങ്ങള്‍ക്കുമുണ്ട്. ചിലതിന് ഏതാനും നിമിഷങ്ങളാണ് ആയുസ്സെങ്കില്‍ ചിലതിന് കുറേയേറെ കോടിവര്‍ഷങ്ങള്‍. ഇതേ ഉള്ളൂ വ്യത്യാസം. എങ്കിലും മാറ്റം അനിവാര്യമാണ്. ഇതിനെല്ലാം ആധാരമായി നില്‍ക്കുന്ന ബോധമാകട്ടെ മാറുന്നില്ല. കാലപരിധി അതിനില്ലെന്നര്‍ത്ഥം. കാരണശരീരത്തിലെത്താതെ കാലം കൊഴിഞ്ഞുപോയിരിക്കുന്നു. ആസ്ഥിതിക്ക് അതിലും സൂക്ഷ്മമായ ബോധതലത്തില്‍ കാലം എങ്ങനെ എത്തിപ്പറ്റാന്‍? ബോധം കാലാതീതമാണ്, സത്താണ് എന്നര്‍ത്ഥം. അതു ചിത്താണ്, ജ്ഞാനമാണ്.
എല്ലാ അറിവും ബോധത്തിലാണു കുടികൊള്ളുന്നത്. അതു അജ്ഞാനത്താല്‍ തല്ക്കാലം മറഞ്ഞിരിക്കുന്നുവെന്നേയുള്ളൂ. അദ്ധ്യയനമെന്നത് അജ്ഞാനത്തിന്റെ മറനീക്കി ഉള്ളിലിരിക്കുന്ന അറിവിനെ പ്രകാശിപ്പിക്കല്‍മാത്രമാണ്. ബോധം ആനന്ദംകൂടിയാണ്. യഥാര്‍ത്ഥത്തില്‍ സത്തെന്നും ചിത്തെന്നും ആനന്ദമെന്നും മൂന്നായിപറഞ്ഞത് ഭാഷയുടെ പരിമിതികൊണ്ടാണെന്നും അവമൂന്നല്ല ഒന്നുതന്നെയാണെന്നും അറിയണം. സച്ചിദാനന്ദസ്വരൂപമായ ബോധത്തിലാണ് ഇക്കാണായ പ്രപഞ്ചം ഉണ്ടാകുന്നതും നിലനില്‍ക്കുന്നതും ലയിക്കുന്നതും. ഈ ബോധമാണ് ശിവന്‍
സ്വയം അറിയുകയും പ്രകൃതിജന്യമായ ഈ സദൃശ്യങ്ങളെ അറിയുകയും ചെയ്യുന്ന ബോധത്തിനു വേറൊരു ആധാരത്തിന്റെ ആവശ്യമില്ല. അതുകൊണ്ട് അതിനെ പരമാത്മാവ് എന്നു ആചാര്യന്മാര്‍ വിളിക്കുന്നു. അത് എല്ലാറ്റിനും ഉള്ളില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ അത്യന്തസൂക്ഷ്മമാണ്. ഇക്കാണായ പ്രപഞ്ചത്തെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുന്നതിനാല്‍ മഹത്തില്‍ മഹത്തുമാണ്.
‘അണോരണീയാന്‍ മഹതോമഹീയാന്‍
ആത്മാസ്യജന്തോര്‍ നിഹിതോഗുഹായാം‘
എന്ന് കഠോപനിഷത് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നു. പരമാത്മാവിന് ബ്രഹ്മമെന്നും പേരുണ്ട്. കാരണശരീരവുമായി ബന്ധപ്പെട്ട പരമാത്മാവാണ് അവ്യാകൃതം അഥവാ ഈശ്വരന്‍.
*ത്വമേവ നിര്‍ഗുണം ശക്തിരാവൃണോതിയദാതദാ
അവ്യാകൃതമിതിപ്രാഹുര്‍ വേദാന്തപരിനിഷ്ഠിതാഃ – അദ്ധ്യാത്മരാമായണം.
സൂക്ഷ്മപ്രപഞ്ചവുമായി ബന്ധപ്പെട്ട ഈശ്വരന് ഹിരണ്യഗര്‍ഭന്‍ അഥവാ നാരായണന്‍ എന്നുപേര്.
*ഹിരണ്യഗര്‍ഭസ്‌തേ സൂക്ഷ്മം ദേഹം സ്ഥൂലം വിരാട് സ്മൃതം. അദ്ധ്യാത്മരാമായണം. സ്ഥൂലപ്രപഞ്ചത്തിന്റെ ചൈതന്യമായി നില്‍ക്കുന്ന ഈശ്വരനാണ് വിരാട്.
*തതോ വിരാട് സമുത്പന്നഃ സ്ഥൂലാത് ഭുതകദം ബകാത്
വിരാജഃ പുരുഷാത് സര്‍വം ജഗത് സ്ഥാവരജംഗമം.
സ്ഥൂലപ്രപഞ്ചത്തില്‍ കാണുന്ന ഏതൊരു വസ്തുവിന്റെയും ബീജം അവ്യാകൃതിയില്‍ കിടപ്പുണ്ട്. ആ തലത്തില്‍ ഓരോന്നിനെയും വേര്‍തിരിച്ചെടുക്കാനാവുകയില്ലെന്നേ ഉള്ളൂ. വിരാട്ടില്‍ നടക്കുന്ന ഓരോ നേരിയ ചലനത്തിന്റെ ഹേതുവും അവിടെത്തന്നെ കിടക്കുന്നു. അതിനാല്‍ പ്രപഞ്ചം പരസ്പരബന്ധമില്ലാത്ത പദാര്‍ത്ഥങ്ങളുടെ സമാഹാരമല്ല; സുസംബന്ധമായ ഒരൊറ്റതത്ത്വമാണ്. വൈവിദ്ധ്യങ്ങളും വൈചിത്ര്യങ്ങളും സ്ഥൂലതലത്തിലെ തോന്നലുകള്‍ മാത്രമാണ്. അവയെല്ലാം അന്തരാത്മാവെന്ന ഏകത്വത്തില്‍ വിലയം പ്രാപിക്കുന്നു. ഇതാണു പ്രപഞ്ച സ്വരൂപം. അതനുഭവിച്ചറിഞ്ഞയാളാണു യോഗി. അതനുഭവിക്കലാണു ജീവിതലക്ഷ്യം. അതിനുതകുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രമുഖമാണ് ഈ സ്‌തോത്രം പ്രതിനിധാനം ചെയ്യുന്ന ഭക്തിയും തത്ത്വശാസ്ത്രവും.
അവ്യാകൃതമായി, ഹിരണ്യഗര്‍ഭനായി വിരാട്ടായി വിരാജിക്കുന്ന പരമാത്മവാണു ശിവന്‍. മംഗളസ്വരൂപന്‍ എന്നാണ് ശിവശബ്ദത്തിന്റെ അര്‍ത്ഥം. മംഗളകരന്‍ എന്നും അതിന് അര്‍ത്ഥം പറയാം. മൂന്നുകാലത്തിലും മാറ്റമില്ലാതെ നില്‍ക്കുന്നതെന്തോ അതാണുമംഗളമയമായിട്ടുള്ളത്. മാറുന്നതെല്ലാം അമംഗളമാണ്. അതിനാല്‍ മാറ്റങ്ങള്‍ക്കതീതമായ പരമാത്മാവിനെ ശിവനെന്നുവിളിച്ചതില്‍ യുക്തിയുണ്ട്. അവ്യാകൃതവും ഹിരണ്യഗര്‍ഭനും വിരാട്ടും ശിവന്‍തന്നെ. അണുവിലുമണുവും മഹത്തിലുംമഹത്തും നിര്‍ഗുണവും നിരാകാരവും നിശ്ചലവും ഇന്ദ്രിയാതീതവുമായ ശിവന്റെ സൂക്ഷ്മരൂപമാണു പരമാത്മാവ്. എന്നാല്‍ വിരാട്ട് എന്നത് ശിവന്റെ തന്നെ മഹത്തും സഗുണവും സാകാരവും ഇന്ദ്രിയഗ്രാഹ്യവുമായ സ്ഥൂലരൂപവുമാകുന്നു. പരമാത്മതലത്തില്‍ പ്രകൃതിസ്പര്‍ശമില്ല. വിരാട്ടില്‍ പ്രകൃതിസ്പര്‍ശമുണ്ട് എന്നൊരു വ്യത്യാസമേയുള്ളൂ. എന്നാല്‍ ഈ പറഞ്ഞ പ്രകൃതി പരമാത്മാവിന്റെതന്നെ ശക്തിയായാലും പരമാത്മാവില്‍നിന്നു ഭിന്നമെന്നോ അഭിന്നമെന്നോ ഉദയാത്മകമെന്നോ പറയാന്‍ കഴിയാതാകാതെ പരമാത്മാവിനെകൂടാതെ നിലനില്‍ക്കാത്തതാകയാലും
*സന്നാപ്യസന്നാപ്യു ഭയാത്മികാ നോ
ഭിന്നാപ്യ ഭിന്നാപ്യു ഭയാത്മികാനോ
മഹാദ്ഭൂതാ നിര്‍വചനീയ രൂപാ – വിവേകചൂഡാമണി.
പരമാത്മാവുതന്നെയാണെന്നറിയണം. ആ നിലയ്ക്ക് നിര്‍ഗുണനും നിരാകാരനുമായ ശിവനാണ് സഗുണനും സാകാരനുമായ ശിവന്‍. ഈശ്വരന്‍ അരൂപിയും സ്വരൂപിയുമാണെന്ന് ആചാര്യന്മാര്‍ പറഞ്ഞിട്ടുള്ളത് അതുകൊണ്ടാണ്. സരൂപിയായ ശിവന്റെ ഓരോ സവിശേഷതയും ഓരോകഥയും നിര്‍ഗുണനായ ശിവന്റെ ആവിഷ്‌കാരവും വ്യാഖ്യാനവുമാണ്. കേശാദിപാദവര്‍ണ്ണന അദ്ധ്യാത്മവിദ്യാപ്രകാശമായ ജ്ഞാനകാവ്യമാകുന്നത് അങ്ങനെയാകുന്നു.
അതിനാല്‍ ദൃശ്യമായ ശിവരൂപം സച്ചിദാനന്ദസ്വരൂപനായ ശിവന്റെ പ്രതീകമല്ല ശിവന്‍തന്നെയാണെന്ന് അറിഞ്ഞുകൊള്ളണം. സാധനയുടെ തുടക്കത്തില്‍ ഒരുപക്ഷേ പ്രതീകമെന്ന് ധരിച്ചുപോകാം. പക്ഷേ കുറേക്കൂടി മുന്നോട്ടുനീങ്ങുമ്പോള്‍ ശിവന്‍ തന്നെയാണെന്നു ബോദ്ധ്യമാകും. അതിനു തെളിവുമുണ്ട്. പരമാത്മാവുമാത്രമേ വാസ്തവത്തില്‍ ഉള്ളൂ. അതല്ലാതെ വേറൊരുവസ്തുവില്ല. പരമാത്മാവാണു ദൃശ്യപ്രപഞ്ചമായി താണ്ഡവം ചെയ്യുന്ന ശിവനായി നമ്മുടെ മുന്നില്‍ നില്‍ക്കുന്നത്. സ്വര്‍ണ്ണംകൊണ്ടു നിര്‍മ്മിച്ച മാലയും മോതിരവും വളയും സ്വര്‍ണ്ണംതന്നെ ആയിരിക്കും. ആകൃതിക്കും പേരിനും ഉപയോഗത്തിനും വ്യത്യാസമുണ്ടെങ്കിലും അതു സ്വര്‍ണ്ണമല്ലാതാകുന്നില്ല. അതേപ്രകാരത്തില്‍ മനുഷ്യനായും മൃഗങ്ങളായും പക്ഷികളായും വൃക്ഷങ്ങളായും സൂര്യനായും ചന്ദ്രനായും നക്ഷത്രങ്ങളായും നില്‍ക്കുമ്പോഴും അതു ശിവനല്ലാതായിത്തീരുന്നില്ല. തന്മൂലം അജ്ഞാനികളായുള്ളവര്‍ മനുഷ്യനെയും മൃഗങ്ങളെയും കാണുന്നിടത്ത് ജ്ഞാനി ശിവനെകാണുന്നു. അജ്ഞാനി കാമക്രോധാദികള്‍ക്കു വശീഭൂതനാകുമ്പോള്‍ ജ്ഞാനി ഭക്ത്യാനന്ദങ്ങളില്‍ ലയിച്ചു നൃത്തം ചെയ്യുന്നു. ജീവന്മാര്‍ക്ക് രാത്രിയായിരിക്കുന്നിടത്ത് യോഗികള്‍ ഉണര്‍ന്നിരിക്കുന്നു എന്നും ജീവന്മാര്‍ ഉണര്‍ന്നിരിക്കുന്ന തലത്തില്‍ യോഗികള്‍ ഉറങ്ങുന്നു എന്നും ആലങ്കാരിക ഭാഷയില്‍ ഭഗവാന്‍ പറഞ്ഞുവച്ചത് അതാണ്.
*യാനിശാ സര്‍വഭൂതാനാം തസ്യാം ജാഗര്‍ത്തി സംയമീ
യസ്യാം ജാഗ്രതി ഭൂതാനി സാനിശാപശ്യതോമുനേഃ – ഭഗവദ്ഗീത.
ജീവന്മാര്‍ക്ക് ശിവന്‍ രാത്രിയും (അറിഞ്ഞുകൂടാത്തത്) പ്രപഞ്ചം പകലു (അറിയുന്നത്) മാകുന്നു എന്നു സാരം. യോഗികള്‍ക്ക് അനുഭവം മറിച്ചാണ്. യോഗിമാര്‍ക്കുമാത്രം ലഭിക്കുന്ന ഈ അന്തര്‍ദര്‍ശനമാണ് തിരുമാന്ധാംകുന്ന് ശിവകേശാദിപാദം.
Discussion about this post