ഇടുക്കി: കോണ്‍ഗ്രസ് നേതാവ് അഞ്ചേരി ബേബി കൊല്ലപ്പെട്ട കേസില്‍ സിപിഎം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എംഎം മണി അറസ്റ്റിലായി. പുലര്‍ച്ചെ 5.50ന് മണിയുടെ വീട്ടില്‍വച്ചായിരുന്നു അറസ്റ്റു നടന്നത്. കുഞ്ചിത്തണ്ണിയിലെ വീടു വളഞ്ഞ പോലീസ് മണിയെ അറസ്റ്റു ചെയ്തു അജ്ഞാത കേന്ദ്രത്തിലേയ്ക്കു മാറ്റിയ ശേഷം പിന്നീട് നെടുങ്കണ്ടത്തെ പോലീസ് സ്റേഷനില്‍ എത്തിച്ചു. വൈദ്യപരിശോധനയ്ക്കു ശേഷം ഉച്ചയോടെ മണിയെ നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കുമെന്ന് എറണാകുളം റേഞ്ച് ഐജി പത്മകുമാര്‍ അറിയിച്ചു. അഞ്ചേരി ബേബി വധക്കേസില്‍ നുണപരിശോധനയ്ക്കു വിധേയനാകാന്‍ തയാറല്ലെന്ന് വ്യക്തമാക്കിയതേത്തുടര്‍ന്നായിരുന്നു അറസ്റ്റ്.
നുണപരിശോധനയ്ക്കു ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം മണിയ്ക്കു നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ നുണപരിശോധനയ്ക്കു വിധേയനാകാന്‍ കഴിയില്ലെന്ന് കഴിഞ്ഞദിവസം അന്വേഷണ സംഘത്തിനു അയച്ച കത്തില്‍ മണി അറിയിച്ചു. വിദഗ്ധ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മണിയുടെ തീരുമാനം. മണിയുടെ അറസ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ജയചന്ദ്രന്‍ പറഞ്ഞു. ഇതേസമയം, എല്ലാ നിയമനടപടികളും പാലിച്ചുകൊണ്ടാണ് അറസ്റ് എന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി.അറസ്റിന്റെ കാരണം പാര്‍ട്ടിയ്ക്കും ജനങ്ങള്‍ക്കും അറിയാമെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. മണിയെ അറസ്റു ചെയ്യാന്‍ അന്വേഷണ സംഘത്തിനു അധികാരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ മണിയുടെ അറസ്റ്റ് രാഷ്ട്രീയപകപോക്കലാണെന്ന് എംവി ഗോവിന്ദന്‍ പ്രതികരിച്ചു. സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവായ എംഎം മണിയെ അറസ്റ്റു ചെയ്ത സംഭവം ജില്ലാ നേതൃത്വത്തെ അമ്പരിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മണിയെ അറസ്റ്റു ചെയ്തേക്കുമെന്ന സൂചനയുണ്ടായിരുന്നുവെങ്കിലും ഇത് എന്നുണ്ടാകുമെന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിരുന്നില്ല. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വളരെ നാടകീയമായിട്ടാണ് മണിയെ അറസ്റു ചെയ്തത്. അപ്രതീക്ഷിതമായുണ്ടായ പോലീസ് നടപടിയെ പ്രതിരോധിക്കാന്‍ മണി തുനിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ട്. മണിയുടെ അറസ്റ്റില്‍ ജില്ലാ തലത്തില്‍ വ്യാപക പ്രതിഷേധത്തിനു സിപിഎം ആഹ്വാനം ചെയ്തിട്ടുണ്ട്.
നാളെ ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കാനും സിപിഎം ആഹ്വാനമുണ്ട്. സംഘര്‍ഷത്തിനു സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനേത്തുടര്‍ന്ന് വന്‍പോലീസ് സംഘത്തെയാണ് ജില്ലയില്‍ വിന്യസിച്ചിരിക്കുന്നത്. 1982 നവംബര്‍ 13നാണ് ഐഎന്‍ടിയുസി നേതാവായിരുന്ന അഞ്ചേരി ബേബി വധിക്കപ്പെടുന്നത്. സംഭവത്തിനു ദൃക്സാക്ഷികളുണ്ടായിരുന്നിട്ടും പ്രതികളെല്ലാം രക്ഷപ്പെടുകയായിരുന്നു. എന്നാല്‍, മുപ്പതു വര്‍ഷത്തിനുശേഷം മെയ് 25ന് മണി തൊടുപുഴ മണക്കാട്ട് നടത്തിയ പ്രസംഗത്തില്‍, കേസ് സംബന്ധിച്ച് പുതിയ വെളിപ്പെടുത്തലുകള്‍ നടത്തി. രാഷ്ട്രീയ എതിരാളികളെ പട്ടിക തയ്യാറാക്കി കൊന്നിട്ടുണ്െടന്നായിരുന്നു മണിയുടെ പ്രസംഗം. മണിയുടെ ‘വണ്‍, ടൂ, ത്രീ’ വിവാദ പ്രസംഗം വാര്‍ത്തയായതോടെയാണ് ജില്ലയില്‍ മുപ്പതു വര്‍ഷം മുമ്പ് നടന്ന കൊലപാതക കേസുകള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.
Discussion about this post