കൊച്ചി: നക്‌സല്‍ വര്‍ഗീസിനെ അറസ്റ്റ് ചെയ്‌ത ശേഷം കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതിയായ മുന്‍ പോലീസ് ഐജി ലക്ഷ്‌മണ (74) യ്‌ക്ക് ജീവപര്യന്തം. പ്രത്യേക സിബിഐ കോടതി ജഡ്‌ജി എസ്. വിജയകുമാറാണ് ശിക്ഷ വിധിച്ചത്. 10,000 രൂപ പിഴയും വിധിച്ചു. ഈ തുക വര്‍ഗീസിന്റെ കുടുംബാംഗങ്ങള്‍ക്ക് നല്‍കണം. സിബിഐ പ്രോസിക്യൂട്ടര്‍ വൈക്കം പുരുഷോത്തമന്‍ നായരുടെ വാദവും ലക്ഷ്‌മണയ്‌ക്ക് പറയാനുള്ളതും കേട്ടതിനു ശേഷമാണ് കോടതി വിധി പ്രഖ്യാപിച്ചത്. തിരുവനന്തപുരത്ത് പൂജപ്പുരയിലുള്ള സെന്‍ട്രല്‍ ജയിലിലേക്ക് മാത്രമെ കൊണ്ടുപോകാവൂ എന്ന ലക്ഷ്‌മണയുടെ അഭ്യര്‍ത്ഥന കോടതി അംഗീകരിച്ചു.
മൂന്നാം പ്രതി മുന്‍ ഡിജിപി വിജയനെ (83) സംശയത്തിന്റെ ആനുകൂല്യം നല്‍കി വെറുതെ വിട്ടിരുന്നു. പോലീസ് കസ്റ്റഡിയില്‍ വച്ച് ഒരാളെ വെടിവെച്ച് കൊലപ്പെടുത്തിയത് അത്യപൂര്‍വമായ കേസ് ആയതിനാല്‍ ലക്ഷ്‌മണയ്‌ക്ക് വധശിക്ഷ വിധിക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രതിയുടെ പ്രായം മാനിച്ച് ശിക്ഷ ജീവപര്യന്തമാക്കി. വിധി കേള്‍ക്കാന്‍ വര്‍ഗീസിന്റെ സഹോദരന്മാരായ അരീക്കാട്ട് തോമസും ജോസഫും മറ്റ് കുടുംബാംഗങ്ങളും കോടതിയില്‍ എത്തിയിരുന്നു.
1970 ഫിബ്രവരി 18ന് അന്ന് ഡിവൈ.എസ്.പി.യായിരുന്ന ലക്ഷ്‌മണയുടെയും ഡിഐജി ആയിരുന്ന വിജയന്റെയും ആജ്ഞ അനുസരിച്ച് ഒന്നാം പ്രതി മുന്‍ സിആര്‍പി കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായര്‍ നെഞ്ചില്‍ വെടിവെച്ച് വര്‍ഗീസിനെ കൊലപ്പെടുത്തിയെന്നാണ് കേസ് അന്വേഷിച്ച സിബിഐയുടെ കുറ്റപത്രത്തില്‍ ആരോപിച്ചിരുന്നത്. നാലുവര്‍ഷം മുമ്പ് രാമചന്ദ്രന്‍ നായര്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചതിനാല്‍ വിചാരണ നേരിട്ടില്ല.
ലക്ഷ്‌മണയുടെ കൈകളില്‍ വെറുമൊരു പാവയായിരുന്ന രാമചന്ദ്രന്‍ നായരാണ് വര്‍ഗീസിനെ കൊലപ്പെടുത്തിയതെന്ന് സംശയാതീതമായി തെളിയുന്നുവെന്ന് പ്രത്യേക കോടതി ജഡ്‌ജി എസ്. വിജയകുമാര്‍ വിധിയില്‍ പറഞ്ഞു. നെഞ്ചില്‍ വെടിയേറ്റ് വര്‍ഗീസ് കൊല്ലപ്പെട്ടത് നേരില്‍ കണ്ടത് അന്നത്തെ സിആര്‍പി കോണ്‍സ്റ്റബിള്‍ വിതുര സ്വദേശി ഹനീഫയാണ്. നടന്ന സംഭവങ്ങള്‍ കോടതിയില്‍ ഈ ദൃക്‌സാക്ഷി വിശദീകരിച്ചിരുന്നു. വര്‍ഗീസിനെ കൊല്ലാന്‍ സംഭവസ്ഥലത്തുണ്ടായിരുന്ന ലക്ഷ്‌മണ കോണ്‍സ്റ്റബിളായ രാമചന്ദ്രന്‍ നായര്‍ക്ക് ഭീഷണിയുടെ സ്വരത്തില്‍ ആജ്ഞ നല്‍കുന്നത് ഹനീഫയുടെ മൊഴിയില്‍ നിന്ന് തെളിയുന്നുണ്ടെന്ന് കോടതി പറഞ്ഞു. എന്നാല്‍ ഡിഐജിയായിരുന്ന വിജയന്റെ സാന്നിദ്ധ്യം സംഭവസ്ഥലത്ത് ഉണ്ടായിരുന്നോ എന്നതിനെ കുറിച്ച് ഹനീഫയുടെ മൊഴി സംശയാസ്?പദമാണെന്ന നിഗമനത്തില്‍ കോടതി എത്തി. അതിനാലാണ് വിജയനെ സംശയത്തിന്റെ ആനുകൂല്യം നല്‍കി വെറുതെ വിട്ടത്.
കൊലപാതകം ലക്ഷ്‌മണ തന്നെ നടത്തിയതിന് തുല്യമാണ് അദ്ദേഹത്തിന്റെ പ്രവൃത്തിയെന്ന് കോടതി തെളിവുകള്‍ വിലയിരുത്തി ചൂണ്ടിക്കാട്ടി. പോലീസുമായി വര്‍ഗീസ് ഏറ്റുമുട്ടാനുള്ള സാധ്യത വളരെ വിദൂരമായിരുന്നുവെന്നും കോടതി പറഞ്ഞു. ഹൈക്കോടതിയുടെ 1999ലെ ഉത്തരവ് അനുസരിച്ചാണ് വര്‍ഗീസ് കൊലക്കേസ് സിബിഐയുടെ ഡല്‍ഹി യൂണിറ്റ് അന്വേഷിച്ചത്. അടിയന്തരാവസ്ഥ കാലത്തെ രാജന്‍ കൊലക്കേസിലും ലക്ഷ്‌മണ പ്രതിയായിരുന്നുവെങ്കിലും കേസ് വിചാരണ ചെയ്‌ത കോയമ്പത്തൂര്‍ സെഷന്‍സ് കോടതി അദ്ദേഹത്തെ വെറുതെ വിട്ടിരുന്നു.
Discussion about this post