Tuesday, July 8, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

ഗര്‍ഗ്ഗഭാഗവതസുധ – പൂതനാമോക്ഷം

by Punnyabhumi Desk
Nov 29, 2012, 12:56 pm IST
in സനാതനം

ചെങ്കല്‍ സുധാകരന്‍

6. പൂതനാമോക്ഷം

ഗര്‍ഗ്ഗഭാഗവതകഥകളില്‍ രോമഹര്‍ഷണമായ ഒന്നാണ് പൂതനാമോക്ഷം. പൂതനയുടെ പൂര്‍വജന്മവൃത്താന്തംകൂടി ഉള്‍പ്പെടുത്തിയാണ് ഗര്‍ഗ്ഗാചാര്യര്‍ കഥ വിവരിച്ചിട്ടുള്ളത്.

പുത്രലാഭത്തില്‍ സന്തുഷ്ടനായ നന്ദരാജന്‍, ആ വൃത്താന്തം അറിയിക്കുവാനും നികുതി നല്കാനുമായി കംസസന്നിധിയിലെത്തി. ആ അവസരത്തില്‍, കംസപ്രേരിതരായ അസുരഗണങ്ങള്‍, ആയിടെപ്പിറന്ന കുട്ടികളെ നശിപ്പിക്കാന്‍ തക്കംപാര്‍ത്തു നടക്കുകയായിരുന്നു. അക്കൂട്ടരില്‍ ബകാസുരന്റെ സഹോദരിയായ പൂതനയും ഉണ്ടായിരുന്നു. അവള്‍ പല ഗൃഹങ്ങളില്‍ പ്രവേശിച്ച് കുട്ടികളെ കാലനു നല്കി. അങ്ങനെ അവള്‍, ഗ്രാമങ്ങളും നഗരങ്ങളും കടന്ന് ആമ്പാടിയിലുമെത്തി.

‘അഥ ഗോകുലമാസാദ്യ
ഗോപഗോപീഗണാകുലം
രൂപം ദധാര സാ ദിവ്യം
വപുഃ ഷോഡശവാര്‍ഷികം.’

(അവള്‍, പതിനാറു വയസ്സുള്ള ഒരു ദിവ്യസുന്ദരീരൂപം പൂണ്ട് ഗോപീ-ഗോപന്മാര്‍ നിറഞ്ഞ ഗോകുലത്തില്‍ പ്രവേശിച്ചു.)

അവളെ കണ്ടവര്‍ക്കെല്ലാം ആനന്ദമായി. അതുകൊണ്ടുതന്നെ ആരും തടഞ്ഞില്ല. അവള്‍ ഇന്ദ്രാണിയോ സരസ്വതീദേവിയോ രംഭയോ ലക്ഷ്മീദേവിയോ ആയിരിക്കാമെന്ന് ഗോകുലവാസികള്‍ കരുതി. അതിനാല്‍, അവള്‍ സ്വച്ഛന്ദം നടന്ന് യാതൊരു തടസ്സവും കൂടാതെ നന്ദഗൃഹത്തില്‍ പ്രവേശിച്ചു.

‘രോഹിണ്യാം ച യശോദായാം
ഹര്‍ഷിതായാം സ്ഫുരത്കുചാം
അങ്കമാദായ തം ബാലം
ലാളയന്തീ പുനഃ പുനഃ’

(യശോദയും രോഹിണിയും അവളില്‍ സന്തുഷ്ടരായി. അവള്‍ കുഞ്ഞിനെ മടിയിലേറ്റി പലവിധം ലാളിച്ചു.)

പൂതന അസാധാരണസ്‌നേഹം പ്രകടിപ്പിച്ചു. കുട്ടിയെ താലോലിച്ച് അവളുടെ വാത്സല്യഭാവത്തിന്റെ പരകോടി പ്രകാശിപ്പിച്ചു. ആസുരതയുടെ അന്തര്‍ഭാവം ആര്‍ക്കും മനസ്സിലായില്ല. അപ്പോള്‍;

‘ദദൗ ശിശോര്‍മഹാഘോരാ
കാളകൂടാവൃതസ്തനം
പ്രാണൈസ്സാര്‍ധം പപൗദുഗ്ധം
കടുരോഷാവൃതോ ഹരിം’.

(കാളകൂടംപോലുള്ള കൊടുംവിഷം പുരട്ടിയ സ്തനം കുഞ്ഞിനെ ഊട്ടി. മായാബാലരൂപിയായ ശ്രീഹരിയാകട്ടെ, ആ രാക്ഷസിയുടെ പ്രാണനടക്കം വലിച്ചുകുടിക്കാന്‍ തുടങ്ങി.)

പൂതന വേദനകൊണ്ടു പുളഞ്ഞു. മുല വിടുവിക്കാന്‍ ശ്രമിച്ചു. പരാജയപ്പെട്ടു. അവള്‍ കുഞ്ഞിനെയെടുത്ത് അലറിവിളിച്ചുകൊണ്ട് പുറത്തേക്കോടി. തുടര്‍ന്ന്, മായാരൂപം വെടിഞ്ഞ് ഉഗ്രരാക്ഷസീരൂപം ധരിച്ചു.

‘പകന്നേത്രാ സ്വേദഗാത്രാ
രുദന്തീ പരിതാഭുവി
നനാദ തേന ബ്രഹ്മാണ്ഡം
സപ്തലോകൈര്‍ബിലൈഃ സഹ’.

(തുറുകണ്ണുമായി വിയര്‍ത്തൊലിച്ച് ഉച്ചത്തിലലറിയ പൂതനയുടെ ശബ്ദംകേട്ട് ഏഴുലോകങ്ങളും വിറച്ചു.) പരിസരം ഭയത്രസ്തമായി. ഭൂകമ്പം ഉണ്ടായപോലെ എല്ലാവര്‍ക്കും തോന്നി. ദ്വീപുകള്‍ വിറയാര്‍ന്നു. വൃക്ഷങ്ങള്‍ നിലംപൊത്തി.

പൂതനയുടെ ജീവന്‍ പോയി. അവള്‍ മലപ്രമാണം, ഘോരരൂപത്തില്‍, മരിച്ചുവീണു. അതുകണ്ട് ആമ്പാടിയിലുളളവര്‍ ഭയചകിതമായി. കേവലം ശിശുവായ ശ്രീകൃഷ്ണന്‍ ആ ഘോരരൂപിണിയുടെ മാറില്‍ പുഞ്ചിരിയുമണിഞ്ഞ് കിടന്നുകളിച്ചു. ആ കാഴ്ച ഏവരെയും വിസ്മയിപ്പിച്ചു. പാലും കുടിച്ച് പുഞ്ചിരിച്ചുകിടക്കുന്ന ശിശുവിനെ ഗോപികമാര്‍ ഓടിച്ചെന്നെടുത്ത് യശോദയുടെ കൈയില്‍ക്കൊടുത്തു. ‘യശോദയാ ച രോഹിണ്യാ നിധായോരസി വിസ്മിതാഃ’ (യശോദയും രോഹിണിയും കുഞ്ഞിനെ മാറോടുചേര്‍ത്ത് അദ്ഭുതം കൂറി.)

കുട്ടിക്ക് ദോഷം വരാതിരിക്കാന്‍ ഗോകുലവാസികള്‍, പല പല മംഗളാചരണങ്ങള്‍ നടത്തി. കാളിന്ദീതീരമണ്ണ്, ഗോമൂത്രം മുതലായവ തേച്ച് കുഞ്ഞിനെ കുളിപ്പിച്ചു. ഗോപുച്ഛം കൊണ്ടുഴിഞ്ഞ് ദീര്‍ഘായുസ്സിനായി സര്‍വ്വേശ്വരനോടിരന്നു.

‘അനേന രക്ഷാം കൃത്വാസ്യ
ഗോപീഭിഃ ശ്രീയശോമതി
പായയിത്വാ സ്തനം, ദാനം
വിപ്രേഭ്യോഃ പ്രദദൗ മഹത്’.

(കുഞ്ഞിന് വേണ്ടവിധം രക്ഷാസംവിധാനങ്ങള്‍ ചെയ്തശേഷം യശോദാദേവി തന്റെ കുഞ്ഞിനെ വാത്സല്യപൂര്‍വം പാലൂട്ടി. ബ്രാഹ്മണര്‍ക്ക് മഹത്തായ ദാനങ്ങള്‍ ചെയ്തു)

നന്ദനും സംഘവും മഥുരയില്‍ നിന്നു തിരിച്ചെത്തി. പൂതനയുടെ ഭീകരശരീരം കണ്ട് അവര്‍ ഭയചകിതരായി. തമ്മില്‍ക്കണ്ട സമയത്ത് വസുദേവന്‍ സൂചിപ്പിച്ച ആപത്തിനെ ഓര്‍ത്ത് ശ്രീനന്ദന്‍ ഉത്കണ്ഠിതനായി.

അനവധി ഗോപന്മാര്‍ ചേര്‍ന്ന്, മഴുകൊണ്ടു വെട്ടിമുറിച്ച്, പൂതനാശരീരം, പല പല ചിതകള്‍കൂട്ടി, യമുനാതീരത്ത് ദഹിപ്പിച്ചു. അദ്ഭുതമെന്നു പറയട്ടെ ആ രാക്ഷസീ ശരീരമെരിഞ്ഞപ്പോള്‍, ചിതയില്‍ നിന്ന്, അത്യന്തം സുഖദമായ സുഗന്ധമാണുയര്‍ന്നത്. ചന്ദനം, അകില്‍ മുതലായ സുഗന്ധവസ്തുക്കള്‍ എരിയുമ്പോള്‍ ഉണ്ടാകുന്ന സൗരഭ്യം! ‘പൂതനായൈ മോക്ഷഗതിം ദദൗ പതിതപാവനഃ’ (പതിതപാവനനായ ശ്രീഭഗവാന്‍ പൂതനയ്ക്ക് മോക്ഷഗതി നല്കി.)

ഈ വിചിത്രകഥ ബഹുലാശ്വമഹാരാജാവിന് കൗതുകം വര്‍ധിപ്പിച്ചു. അദ്ദേഹത്തിന് പൂതനയെപ്പറ്റി കൂടുതലറിയാന്‍ താത്പര്യമുണ്ടായി. സര്‍വജ്ഞനായ ഗുരുവിനോട്, ദിവ്യദൃഷ്ടിയാര്‍ന്ന നാരദനോട്, ചോദിച്ചു.

‘കേയം വാ രാക്ഷസീ പൂര്‍വ്വം
പൂതനാ ബാലഘാതിനീ
വിഷസ്തനാ ദുഷ്ടഭാവാ
പരംമോക്ഷം കഥംഗതാ.’

(പൂതന, പൂര്‍വ്വജന്മത്തില്‍, ആരായിരുന്നു? ബാലഘാതിനിയും സ്തനത്തില്‍ വിഷംപുരട്ടിയവളും നീചയുമായ ആ രാക്ഷസി?) ജിജ്ഞാസുവായ രാജാവിന്റെ ചോദ്യത്തിന് നാരദന്‍ ഇങ്ങനെ മറുപടി പറഞ്ഞു.

ശ്രീഭഗവാന്റെ വാമനാവതാരത്തില്‍, അദ്ദേഹം മഹാബലിയെ സുതലത്തിലെത്തിച്ചു. അസുരചക്രവര്‍ത്തിയോട് യാചനയുമായെത്തിയ വാമനനെ, അന്തഃപുരത്തില്‍ നിന്നുകൊണ്ട്, രത്‌നമാല കണ്ടു. മഹാബലിയുടെ ഓമനപ്പുത്രിയായിരുന്നു അവള്‍!

‘ബലിയജ്ഞേ വാമനസ്യ
ദൃഷ്ട്വാരൂപമതഃപരം
ബലികന്യാ രത്‌നമാലാ
പുത്രസ്‌നേഹം ചകാരഹ.’

(മഹാബലിയുടെ ദാനയജ്ഞ സന്ദര്‍ഭത്തില്‍ വാമനന്റെ ദിവ്യരൂപം ബലിപുത്രിയായ രത്‌നമാല കണ്ടു. അവള്‍ക്ക് വാമനനോട് പുത്രസ്‌നേഹമുദിച്ചു.) തനിക്ക് ഇതുപോലെ ഒരു പുത്രന്‍ ജനിച്ചെങ്കില്‍ എന്നു കൊതിച്ചു. പ്രാര്‍ത്ഥിച്ചു.

‘ഏതാദൃശോ യദി ഭവേത്
ബാലമേനം ശുചിസ്മിതം
പായയാമിസ്തനം തേന
പ്രസന്നം മേ മനസ്തദാ.’

(ഇതുപോലൊരു പുത്രന്‍ എനിക്കുണ്ടായാല്‍, അവനെ പാലൂട്ടി ഞാന്‍, പ്രസന്നചിത്തയായേനേ!) എന്ന് രത്‌നമാല സങ്കല്പിച്ചു. സര്‍വഭൂതാന്തരസ്ഥിതനായ ഭഗവാന് രത്‌നമാലയുടെ താത്പര്യം അറിയാന്‍ കഴിഞ്ഞു.

‘ബലേഃ പരമ ഭക്തസ്യ
സുതായൈ വാമോ ഹരിഃ
മനോഹരസ്തുതേ ഭൂയാത്
മനസാപി വരം ദദൗ.’

(രത്‌നമാല, തന്നെ, പുത്രനായി ലഭിക്കാന്‍ ആഗ്രഹിക്കുന്നു എന്നറിഞ്ഞ വാമനമൂര്‍ത്തി ഭക്തനായ ബലിയുടെ പുത്രിക്ക് മനസാ വരം നല്കി.) ദ്വാപരാന്തത്തില്‍ രത്‌നമാല പൂതനയായി പുനര്‍ജ്ജനിച്ചു. ശ്രീനാഥന്‍ ശ്രീകൃഷ്ണനായും. രത്‌നമാലയുടെ അഭീഷ്ടം ഭഗവാന്‍ സാധിച്ചുകൊടുത്തു. പൂര്‍വ്വജന്മത്തിലെ മാതൃനിര്‍വിശേഷമായ സ്‌നേഹം പാലൂട്ടി തൃപ്തിയാവുകയെന്നത്, ഫലപ്രാപ്തിയിലെത്തിച്ച ഭഗവത് സ്പര്‍ശം അവള്‍ക്ക്, മോക്ഷകാരണമാവുകയും ചെയ്തു!.

ഹരിഭക്തിയുടെ ഉത്തമോദാഹരണമായിത്തന്നെയാണ് പൂതനാമോക്ഷ കഥയെയും കാണേണ്ടത്. അതിന്നുപോദ്ബലകമായ വിധത്തിലാണ് ഗര്‍ഗ്ഗാചാര്യര്‍ പൂതനയുടെ പൂര്‍വജന്മകഥ ചേര്‍ത്തിരിക്കുന്നത്. മറ്റു കൃതികളില്‍ ഇങ്ങനെയൊരു പൂര്‍വകഥ ഇല്ലെന്നതും ഓര്‍ക്കേണ്ടതാണ്.

മഹാബലിയുടെ പുത്രിയാണ് രത്‌നമാല. ബലിപുത്രി ജനകോചിതജന്യമെന്ന നിലയില്‍ ഉദാത്തമാനസത്തിന്റെ പ്രതീകവുമാണ്. ചക്രവര്‍ത്തിയുടെ ഉദാത്തമാനസയായ പുത്രി! ത്യാഗമെപ്പോഴും ഹരിഭക്തിക്ക് കാരണമാണെന്ന് സജ്ജനചരിതങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

വാമനരൂപം കണ്ടപ്പോള്‍ രത്‌നമാലയ്ക്ക് മാതൃസഹജമായ വാത്സല്യമുണ്ടായത്രേ!  ഭക്തിയുടെ രൂപാന്തരങ്ങളില്‍ ദിവ്യമായ ഒന്നാണ് വാത്സല്യഭക്തി! യശോദാദേവിക്ക് ശ്രീകൃഷ്ണനോടുണ്ടായതുപോലുള്ള ഭക്തിഭാവം! വാമനനെപ്പോലെ അതിസുഭഗനായ പുത്രനുണ്ടാകാന്‍ രത്‌നമാല കൊതിച്ചു. ഭഗവാനുമായി സാമീപ്യസാരൂപ്യമുക്തി കൊതിക്കുന്ന ഭക്തചിത്തമാണ് അതു വ്യക്തമാക്കുന്നത്.

ഏതേതുഭാവത്തില്‍ സങ്കല്പിക്കുന്നുവോ അതതുഭാവത്തില്‍ ഭഗവാന്‍ അവതരിച്ചു ഭക്താഭീഷ്ടം സാധിച്ചുകൊടുക്കാമെന്ന് ഭാഗവതം പ്രഘോഷിക്കുന്നത്. രത്‌നമാല ബാലരൂപിയായ ഭഗവത്സ്വരൂപമാണ് ആശിച്ചത്. ആ ദിവ്യബാലന് മുലയൂട്ടി നിര്‍വൃതി നേടണമെന്നും. ഇത്തരം എത്രയോ കഥകള്‍ ഗര്‍ഗ്ഗഭാഗവതത്തിലുണ്ട്! ഗോപീയൂഥകഥാവിവരണത്തില്‍ പ്രത്യേകിച്ചും.

വിപരീതഭക്തിയുടെ രൂപമായി വേണം രത്‌നമാലയുടെ പുനര്‍ജന്മമായ പൂതനെക്കാണാന്‍, പേരുതന്നെ വിശേഷാര്‍ഥസൂചകമാണ്. പൂതന എന്ന്. പൂതയല്ലാത്തവള്‍, പരിശുദ്ധയല്ലാത്തവള്‍ എന്ന് അര്‍ത്ഥം കണ്ടെത്താം. ഏതെങ്കിലും കുറവില്ലാത്ത മനുഷ്യജന്മമില്ല. ആ കുറവ് ആരേയും പൂതമല്ലാതാക്കും. അതിന്റെ പരിഹാരമാകട്ടെ, പരിപൂര്‍ണ്ണതമേളനമാണ്. പൂര്‍ണ്ണത ഉള്‍ക്കൊണ്ട് കുറവ് പരിഹരിക്കുക എന്ന തത്ത്വം! ധ്യാനാവസ്ഥിതരായിരുന്ന്, ഈശ്വരതത്ത്വമറിഞ്ഞ് സായൂജ്യം പ്രാപിക്കുന്ന ഋഷിമാരും ഭക്തിമാര്‍ഗ്ഗം സഞ്ചരിക്കുന്ന സാധാരണക്കാരും മേല്ക്കാണിച്ച തത്ത്വം പ്രായോഗികമാക്കുന്നവരാണ്. പൂതനാമോക്ഷകഥയും അതുതന്നെ സൂചിപ്പിക്കുന്നു.

സ്രോതസ്സില്‍ നിന്നാരംഭിക്കുന്ന നദീപ്രവാഹം മന്ദവേഗമായിരിക്കും. മറ്റു മാര്‍ഗ്ഗങ്ങളിലൂടെത്തിച്ചേരുന്ന അരുവികളും ശക്തമായ മഴയും പുഴയെ ജലസമൃദ്ധവും തീവ്രപ്രവാഹവുമാക്കിമാറ്റുന്നു. അതുപോലെ, ഉള്ളില്‍ ഉറഞ്ഞുകിടക്കുന്ന ഭക്തിവാസനയുമായിട്ടാണ് പൂതന ജനിച്ചത്. വിപരീതഭക്തിക്കനുകൂലമായ സാഹചര്യങ്ങളില്‍ ചെന്നുപെട്ടു. കംസസാമീപ്യം ആ രീതിയിലുള്ള യാത്രയ്ക്ക് ആക്കംകൂട്ടി. പൂതനയെ എത്രയും വേഗം ശ്രീകൃഷ്ണസന്നിധിയിലെത്തിച്ചത് കംസനാണല്ലോ!

ഏതുഭാവത്തില്‍ ഹരിസ്പര്‍ശം കൊതിച്ചാലും മുകുന്ദന്‍ മോക്ഷം നല്കും. ‘സദ്ഭാവേന വാ കുഭാവേന വാ.’ അറിയാതെ തൊട്ടാലും അഗ്നി പൊള്ളിക്കുന്നതുപോലെ. ഏതു നീചഭാവമുണ്ടായിരുന്നാലും ഈശ്വര സാന്നിദ്ധ്യമോ ദര്‍ശനമോ സ്പര്‍ശമോ കൊതിക്കുന്നയാള്‍ക്ക് പാപമോചനം വരുകതന്നെ ചെയ്യും.

കംസാജ്ഞയനുസരിച്ച് ശ്രീകൃഷ്ണനെ നശിപ്പിക്കാന്‍ പൂതന പുറപ്പെട്ടു. നാശശക്തിയുടെ പ്രേരണ പൂതമല്ലാത്ത മാര്‍ഗ്ഗത്തില്‍ സഞ്ചരിക്കാന്‍ ഇടയാക്കി. സ്തനങ്ങളില്‍ പുരട്ടിയിരിക്കുന്ന കാളകൂടസദൃശവിഷം ദുഷ്ടമനസ്സിന്റെ പ്രതീകമാണ്. പക്ഷേ, അത് ഈശ്വരനുള്ള നിവേദ്യമായി ഭവിക്കുകയാണ്.

‘യത്കരോഷി .യദശ്‌നാസി
യജ്ജുഹോഷി ദദാസിയത്
യത്തപസ്യസി കൗന്തേയ
തത്കുരുഷ്വ മദര്‍പ്പണം!’ –

എന്ന് ഗീതയില്‍ ഭഗവാന്‍തന്നെ ഉദ്‌ഘോഷിച്ചിട്ടുള്ള രീതിയിലാണെങ്കില്‍ എന്തും ഈശ്വരനായി അര്‍പ്പിക്കാവുന്നതാണ്. അര്‍പ്പിത വസ്തു സ്വീകൃതമാകുന്നതോടെ അര്‍പ്പിതം അമൃതമായിത്തീരുന്നു. അങ്ങനെ പൂതന പൂതയായിത്തീരുന്നു. വിഷത്തെയും അമൃതാക്കിമാറ്റുന്ന ഭക്തിരസായനവിദ്യ!ി അതാണ് പൂതനാമോക്ഷകഥയിലെ രസാമൃതം!
—————————————————————————————————————————–
ഗ്രന്ഥകര്‍ത്താവിനെക്കുറിച്ച്:-

ചെങ്കല്‍ സുധാകരന്‍
1950 മാര്‍ച്ച് ഏഴാം തീയതി നെയ്യാറ്റിന്‍കര താലൂക്കിലെ ചെങ്കല്‍ ദേശത്ത് കുറ്ററക്കല്‍ വീട്ടില്‍ ജനനം. പരേതരായ ആര്‍.ഗോവിന്ദപ്പിള്ളയും വി.ഭാര്‍ഗവി അമ്മയും അച്ഛനമ്മമാര്‍. കേരള സര്‍വകലാശാലയില്‍ നിന്നും മലയാളസാഹിത്യത്തില്‍ എം.എ, എം.ഫില്‍, ബിഎഡ് ബിരുദങ്ങള്‍ നേടി. ചേര്‍ത്തല എന്‍.എന്‍.എസ് കോളേജിലും വിവിധ സര്‍ക്കാര്‍ കലാലയങ്ങളിലും ജോലി ചെയ്തു. 2005 മാര്‍ച്ചില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ അധ്യാപകനായി വിരമിച്ചു. ഇപ്പോള്‍ ഏറ്റുമാനൂരപ്പന്‍ കോളേജിലെ മലയാളവിഭാഗത്തില്‍ ജോലിചെയ്യുന്നു. അഗ്രപൂജ എന്നപേരില്‍ ഒരു കാവ്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തിലെ ആനുകാലികങ്ങളില്‍ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചു വരുന്നു.

തിരുവനന്തപുരം സര്‍ക്കാര്‍ കോളേജിലെ ചരിത്രവിഭാഗം അധ്യാപികയായിരുന്ന ഡോ.ആര്‍ .അയിഷ ,ഭാര്യ. മക്കള്‍ : മാധവന്‍ , ഗായത്രി.

വിലാസം: ഗായത്രി, ടി.സി. 6/199 – 7, സൗപര്‍ണ്ണികാ ഗാര്‍ഡന്‍സ്, നേതാജി റോഡ്,

വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം – 695 013, മൊബൈല്‍: 9447089049

പ്രസാധകക്കുറിപ്പ്:-
വ്യാസമഹാഭാരതവും മഹാഭാഗവതവും പോലെ അത്ര പ്രചാരമുള്ള ഒരു കൃതിയല്ല ഗര്‍ഗ്ഗഭാഗവതം. ഈ കൃതി ഗര്‍ഗ്ഗാചാര്യനാല്‍ വിരചിതമായി എന്ന് വിശ്വസിക്കപ്പെടുന്നു. ഗര്‍ഗ്ഗഭാഗവതകഥകളും അവയ്ക്കുള്ള ശ്രീ.ചെങ്കല്‍ സുധാകരന്റെ നിരീക്ഷണവുമാണ് ഗര്‍ഗ്ഗഭാഗവതസുധ ഒന്നാംഭാഗം എ്ന്ന ഈ കൃതി. ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ശ്രീ.ചെങ്കല്‍ സുധാകരന്റെ ആദ്യ കൃതിയാണിത്. ഈ കൃതിയുടെ പാരായണത്താല്‍ ഓരോ ഭക്തന്റെയും മനസ്സ് ശ്രീകൃഷ്ണലീലകളിലൂടെ കടന്ന് അഷ്ടരാഗവിമുക്തനായി പരമാനന്ദമനുഭവിക്കട്ടെ എന്ന് ഞങ്ങള്‍ ആശിക്കുന്നു.

കൃഷ്ണഭക്തകേരളം ഈ കൃതിയേയും അതിന്റെ മൂല്യത്തെപ്രതി സ്വീകരിക്കുമെന്ന പ്രതീക്ഷയോടെ,

മാളുബന്‍ പബ്ലിക്കേഷന്‍സ്

ഗര്‍ഗ്ഗഭാഗവതസുധ -ഭാഗം 1 സമ്പൂര്‍ണ്ണ ഗ്രന്ഥത്തിന് എഴുതുക:-

MaluBen Publications
Arayoor P.O., (via) Amaravila
Thiruvananthapuram – 695 122
Mobile: 98469 98425
email: [email protected]

ShareTweetSend

Related News

സനാതനം

ശിവരാത്രി മഹോത്സവം

സനാതനം

അഖണ്ഡ നാമജപം മുഴങ്ങുന്ന അഭേദാശ്രമം നാമവേദി

സനാതനം

ഭാരതത്തില്‍ ദീപാവലി ആഘോഷത്തിന്റെ പ്രസക്തി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies