ന്യൂഡല്‍ഹി: ശിവസേനാ ബന്ദിനെതിരെ ഫേസ്ബുക്കില്‍ അഭിപ്രായം രേഖപ്പെടുത്തുകയും അതിനെ അനുകൂലിക്കുകയും ചെയ്തതിനു മുംബൈയില്‍ മലയാളിയടക്കം രണ്ടു പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മഹാരാഷ്ട്രാ സര്‍ക്കാരിനോടു സുപ്രീം കോടതി വിശദീകരണം തേടി. അതേസമയം, ഓണ്‍ലൈന്‍ പോസ്റ്റിങ്ങുകളുടെ പേരില്‍ അനാവശ്യമായുള്ള അറസ്റ്റ് ചെയ്യുന്നത് തടയുന്നതിനുള്ള ഐടി നിയമത്തിലെ 66 എ വകുപ്പ് ഭേദഗതി ചെയ്യണമെന്നു ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ ആവശ്യപ്പെട്ടു. അപകടരകരമായ സന്ദേശങ്ങള്‍ അയയ്ക്കുന്നതിനു മൂന്നു വര്‍ഷം വരെ തടവ് ലഭിക്കുന്നതാണു വകുപ്പ്.
എന്നാല്‍ 66 എ വകുപ്പ് ഒഴിവാക്കാനാകില്ലെന്നു കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. അറ്റോര്‍ണി ജനറല്‍ ആണ് ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്. മഹാരാഷ്ട്രയില്‍ നിയമം ദുരുപയോഗം ചെയ്യപ്പെടുകയായിരുന്നു. വകുപ്പിന്റെ ദുരുപയോഗം തടയാന്‍ മാര്‍ഗനിര്‍ദേശം കൊണ്ടുവരും. സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളുമായി ബന്ധപ്പെട്ട് സമീപകാലത്തുണ്ടായ കേസുകള്‍ ഒരുമിച്ചു പരിഗണിക്കാനും കോടതി തീരുമാനിച്ചു. ഡല്‍ഹി, ബംഗാള്‍ സര്‍ക്കാരുകള്‍ക്കു വിശദീകരണം ആവശ്യപ്പെട്ടു നോട്ടീസ് അയച്ചിട്ടുണ്ട്.
Discussion about this post