ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഐ.കെ.ഗുജ്‌റാള്‍ (93) അന്തരിച്ചു. ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ഗുഡ്ഗാവ് മെഡിസിറ്റി ആശുപത്രിയിലായിരുന്നു അന്ത്യം.
1967 മുതല്‍ 76 വരെ കോണ്‍ഗ്രസ് സര്‍ക്കാരില്‍ വിവിധ വകുപ്പുകളുടെ സഹമന്ത്രി, മന്ത്രി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. പിന്നീട് കോണ്‍ഗ്രസ് വിട്ട് ജനതാദളില്‍ ചേര്‍ന്നു. തുടര്‍ന്ന് പഞ്ചാബിലെ ജലന്ധറില്‍ നിന്ന് 1989ല്‍ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം വി.പി.സിങ് മന്ത്രിസഭയില്‍ വിദേശകാര്യ മന്ത്രിയായി. 1996ല്‍ എച്ച്.ഡി.ദേവെഗൗഡയുടെ നേതൃത്വത്തില്‍ ഐക്യമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ കയറിയപ്പോഴും ഗുജ്‌റാള്‍ തന്നെയായിരുന്നു വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്തത്. 1997 ഏപ്രിലിലാണ് ഗുജ്‌റാള്‍ ഇന്ത്യയുടെ 12-ാമത് പ്രധാനമന്ത്രിയായി അധികാരമേറ്റത്. 1998 മാര്‍ച്ച് 19 വരെ അദ്ദേഹം പ്രധാനമന്ത്രിപദം വഹിച്ചു.
1919 ഡിസംബര്‍ നാലിന് ഇപ്പോള്‍ പാക്കിസ്ഥാന്റെ ഭാഗമായ പഞ്ചാബിലെ ഝലം ജില്ലയിലാണ് ഐ.കെ. ഗുജ്‌റാള്‍ എന്ന ഇന്ദര്‍ കുമാര്‍ ഗുജ്‌റാളിന്റെ ജനനം. പിതാവ് അവ്താര്‍ നാരായണ്‍ ഗുജ്‌റാളും അമ്മ പുഷ്പ ഗുജ്‌റാളുമാണ്. 1942ലെ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്തു ജയിലില്‍ കിടന്ന അദ്ദേഹം വിഭജനത്തോടെയാണ് ഇന്ത്യയിലെത്തിയത്.
1999 മുതല്‍ രാഷ്ട്രീയത്തില്‍ സജീവമല്ലാതായി. പ്രശസ്ത കവയിത്രിയായിരുന്ന ഷീല ഗുജ്‌റാള്‍ ആയിരുന്നു ഭാര്യ. കഴിഞ്ഞ വര്‍ഷം ജൂലൈ 11ന് അവര്‍ വിടപറഞ്ഞു. പഞ്ചാബ്, ഹിന്ദി, ഇംഗ്ലിഷ് ഭാഷകളില്‍ നിരവധി കവിതകള്‍ അവര്‍ രചിച്ചിട്ടുണ്ട്. നരേഷ് ഗുജ്‌റാളും വിശാല്‍ ഗുജ്‌റാളും ആണ് മക്കള്‍. നരേഷ് രാജ്യസഭാംഗമാണ്.
Discussion about this post