ന്യൂഡല്‍ഹി: ചില്ലറവ്യാപാര രംഗത്ത് വിദേശ നിക്ഷേപം കൊണ്ടുവരുന്നതിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയം ലോക് സഭയില്‍ പരാജയപ്പെട്ടു. ഇതോടെ രണ്ടാം യുപിഎ സര്‍ക്കാരിന് അഭിമുഖീകരിക്കേണ്ടിവന്ന പ്രധാനപ്പെട്ട വെല്ലുവിളികളിലൊന്നാണ് അവസാനിച്ചത്. പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജാണ് പ്രമേയം കൊണ്ടു വന്നത്. പ്രമേയത്തിന്‍മേല്‍ രണ്ടു ദിവസം നീണ്ടു നിന്ന ചര്‍ച്ചയാണ് നടന്നത്. ഇതിനൊടുവില്‍ നടന്ന വോട്ടെടുപ്പില്‍ പ്രമേയത്തിന് അനുകൂലമായി 218 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എതിര്‍ത്ത് 253 പേര്‍ വോട്ടു ചെയ്തു.
ആകെ 471 പേരാണ് വോട്ടുചെയ്തത്. ഉത്തര്‍ പ്രദേശിലെ പ്രമുഖ പാര്‍ട്ടികളായ ബിഎസ്പിയുടെയും എസ്പിയുടെയും അംഗങ്ങള്‍ ലോക്സഭയില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. ഈ രണ്ടുപാര്‍ട്ടികളുടെയും 43 എംപിമാരാണ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നത്. ഇതോടെ പ്രമേയം പരാജയപ്പെടുമെന്നും യുപിഎ സര്‍ക്കാര്‍ പ്രമേയത്തെ അതിജീവിക്കുമെന്നും ഉറപ്പായിരുന്നു. ലോക് സഭയില്‍ പ്രതിപക്ഷത്തിന്റെ വാദങ്ങള്‍ക്കു മന്ത്രി ആനന്ദ് ശര്‍മ മറുപടി പറഞ്ഞു. വിദേശ നിക്ഷേപത്തില്‍ ബിജെപി നിരന്തരം നിലപാട് മാറ്റുകയാണെന്നു അദ്ദേഹം ആരോപിച്ചു. പാര്‍ലമെന്റിനു നല്‍കിയ ഉറപ്പ് യുപിഎ സര്‍ക്കാര്‍ പാലിക്കാതിരുന്നിട്ടില്ല. വിദേശ നിക്ഷേപം ഉത്പാദനത്തെ സഹായിക്കും. കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കും. എല്ലാവരോടും ആലോചിച്ചതിനു ശേഷമാണ് വിദേശനിക്ഷേപം കൊണ്ടുവന്നതെന്നും മന്ത്രി ആനന്ദ് ശര്‍മ പറഞ്ഞു.
സര്‍ക്കാരിന്റെ തീരുമാനം കര്‍ഷകവിരുദ്ധമാണെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് ലാലു മുലായം സിംഗ് യാദവ് വോട്ടെടുപ്പ് ബഹിഷ്കരിച്ചശേഷം പുറത്ത് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. വിഷയത്തില്‍ രാജ്യസഭയില്‍ വോട്ടെടുപ്പ് വെള്ളിയാഴ്ച നടക്കും. അതേസമയം, ഇതുമായി ബന്ധപ്പെട്ട വിദേശനാണ്യ വിനിമയ മാനേജ്മെന്റ് നിയമ (ഫെമ) ഭേദഗതി പ്രമേയവും ലോക്സഭ പാസാക്കി. ഇതില്‍ തൃണമൂല്‍ നിര്‍ദേശിച്ച ഭേദഗതി ലോക്സഭ തള്ളിക്കളയുകയായിരുന്നു. ഈ വിഷയത്തില്‍ 478 പേരാണ് വോട്ടുചെയ്തത്. തൃണമൂലിന്റെ ഭേദഗതി നിര്‍ദേശത്തെ അനുകൂലിച്ച് 224 പേര്‍ വോട്ടുചെയ്തു. 254 അംഗങ്ങളാണ് ഇതിനെ എതിര്‍ത്തു വോട്ടുചെയ്തത്. ഇതോടെ തൃണമൂല്‍ കോണ്‍ഗ്രസ് നിര്‍ദേശിച്ച ഭേദഗതി നിര്‍ദേശം തള്ളപ്പെടുകയും സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി പാസാക്കുകയും ചെയ്തു.
Discussion about this post