സ്വാമി പരമേശ്വരാനന്ദ
വിശ്വജനീനമായ ഹിന്ദു ധര്‍മ്മത്തിലെ അടിസ്ഥാന തത്ത്വങ്ങളില്‍ പുനര്‍ജന്മ കര്‍മ്മ സിദ്ധാന്തങ്ങള്‍ പ്രാധാന്യമര്‍ഹിക്കുന്നു. അവരവരുടെ കര്‍മ്മ വാസനകള്‍ അനുസരിച്ച് ഓരോരുത്തരും പരമലക്ഷ്യത്തിലേക്ക് പ്രയാണം തുടരേണ്ടത് എവ്വിധമെന്ന് വെളിപ്പെടുത്തുന്ന ജീവശാസ്ത്രമാണ് ഹിന്ദുധര്‍മ്മം. വേഷം, ഭാഷ, ആചാരം, ഉപാസന, ഭക്ഷണം ഇത്യാദികളില്‍ സ്ഥലകാലഭേദമനുസരിച്ച് വൈവിദ്ധ്യങ്ങളും വൈരുദ്ധ്യങ്ങളും കാണാം. ഇവയിലെല്ലാം പൂര്‍ണ്ണസ്വാതന്ത്ര്യം അനുവദിച്ചിട്ടുള്ള ഔദാര്യ വാരാനിധിയായ ഹിന്ദുധര്‍മ്മത്തിന്റെ അനശ്വരമായ അന്തര്‍ധാര ഈ വൈവിദ്ധ്യത്തിലെ ഏകത്വമാണ്. ഏകവും അദ്വയവുമായ പരമലക്ഷ്യപ്രാപ്തിയില്‍മാത്രമേ അനശ്വരസുഖവും സമാധാനവും അനുഭവപ്പെടുകയുള്ളൂ. അതിനാണ് ഓരോ ജീവനും ഈശ്വരോപാസനം, സദാചാരം, സംസ്‌കാരകര്‍മ്മങ്ങള്‍ ഇത്യാദികളെക്കൊണ്ട് ജീവിതസംസ്‌കാരം നേടണമെന്ന് പറയുന്നത്. പ്രവൃത്തി, വിചാരം, ആഗ്രഹം ഇവ മൂന്നും ചുറ്റിപിണഞ്ഞ കര്‍മ്മസ്വരൂപം സംശുദ്ധമായാലേ സ്വധര്‍മ്മം തിളങ്ങുകയുള്ളൂ. ശുദ്ധമായ സ്വധര്‍മ്മാചാരണത്തിലൂടെവേണം പരമധര്‍മ്മം (മോക്ഷം) പ്രാപിക്കുവാന്‍.
മോക്ഷം, ഈശ്വരസാക്ഷാത്കാരം, ആത്മസാക്ഷാത്കാരം, ജീവന്മുക്തി, പരമസുഖം, അനശ്വരത്വം എന്നെല്ലാം വ്യവഹരിക്കപ്പെടുന്ന ജീവിതലക്ഷ്യത്തിലേക്ക് ഓരേ ജീവനേയും പടിപടിയായി മുന്നോട്ടുനയിച്ചു കൊണ്ടുചെല്ലുന്ന ജീവിതപദ്ധതികളാണ് ശാസ്ത്രീയമായ ഹൈന്ദവകര്‍മ്മസിദ്ധാന്തങ്ങള്‍. ധര്‍മ്മത്തില്‍തുടങ്ങി മോക്ഷത്തില്‍ അവസാനിക്കുന്ന പുരുഷാര്‍ത്ഥോവും, ബ്രഹ്മചര്യത്തില്‍ തുടങ്ങി സന്യാസത്തില്‍ അവസാനിക്കുന്ന ആശ്രമങ്ങളും, ശൂദ്രനില്‍തുടങ്ങി ബ്രാഹ്മണ്യത്തില്‍ അവസാനിക്കുന്ന വര്‍ണ്ണങ്ങളും കര്‍മ്മയോഗത്തില്‍ ആരംഭിച്ച് ജ്ഞാനയോഗത്തില്‍ അവസാനിക്കുന്ന സാധനകളും എല്ലാം ഇവിടെയുണ്ട്. ഓരോ ജീവന്റെയും പക്വത അനുസരിച്ച് ഒരു വഴിപിടിച്ച് മുന്നോട്ടുപോകുകയേവേണ്ടൂ. അതിന് അനുഭവജ്ഞരും ധര്‍മ്മനിഷ്ഠരുമായ ഗുരുവും ശാസ്ത്രീയമായ തത്ത്വബോധവും വേണം.
തിന്നുക, കുടിക്കുക, ഉറങ്ങുക, ഉല്‍പ്പാദിപ്പിക്കുക, എന്നീ ജന്തുസഹജമായ വൃത്തികള്‍ മനുഷ്യന്‍ പരിഷ്‌കരിച്ച് പിന്‍തുടരുന്നു. എന്നതുകൊണ്ട്മാത്രം ദുര്‍ലഭമായ മനുഷ്യജന്മം സഫലമാകില്ല. ധര്‍മ്മവും ധര്‍മാനുമോചിതമായ സംസ്‌കാരവും പ്രതിഫലിച്ച് പരിപുഷ്ടമാക്കേണ്ടതാണ് മനുഷ്യജീവിതം. ഭൗതീകമോ ആദ്ധ്യാത്മികമോ ഏതായാലും ജീവിതപരിശുദ്ധിക്ക് ധര്‍മ്മാനുചരണം – സംസ്‌കാരനിഷ്ഠ വേണം. ജീവിതപരിശുദ്ധിയാണ് ജന്മസാഫല്യത്തിന് നിധാനം.
ജീവിതം ഒരു നീണ്ട പ്രയാണമാണ്. പണയപ്പെടുത്തലല്ല. ഇതരജീവികള്‍ക്ക് അതറിയാനുള്ള ബോധമുണ്ടാകില്ല. ബോധമുണ്ടാകേണ്ട മനുഷ്യന് അതുണ്ടായില്ലെങ്കില്‍ നഷ്ടജീവിതംതന്നെ. പൊതുവേ നോക്കുമ്പോള്‍ ധര്‍മ്മബോധമോ ലക്ഷ്യബോധമോ നയിക്കുന്നത് അനിശ്ചിതത്ത്വമാണെന്ന് കാണാം. ഫലമോ ഒടുങ്ങാത്ത ജീവിതപ്രശ്‌നങ്ങളും അശാന്തിയും ദുഃഖവും.
ചിന്താശീലനായ മനുഷ്യന്‍ നേര്‍വഴിക്ക് ചിന്തിച്ചില്ലെങ്കില്‍ നേര്‍വഴിക്ക് ചലിക്കാനും ആവില്ല. മനുഷ്യനായിപിറന്നതെന്തിന്, വളരുന്നതെന്തിന്, ഒടുക്കം തളരുന്നതെന്തുകൊണ്ട്? എന്നെല്ലാം ചിന്തിക്കുന്നവര്‍ക്ക് അറിയാം ജീവിതത്തിന്റെ പൊരുള്‍ എന്തെന്ന്. പക്ഷെ ചിന്തിക്കുന്നവരില്‍തന്നെ പലരും ശരീരാഭിമാനപരിധിയില്‍ പരാക്രമങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ജീവിതത്തെ ഒരു ചൂതുകളിയാക്കി മാറ്റുന്നു. അവരും അവസാനത്തെ തളര്‍ച്ചയില്‍ മേലോട്ടുനോക്കാന്‍ – അന്തര്‍മുഖനാകാന്‍ – ഒരു നിഷ്ഫലശ്രമം നടത്താറുണ്ട്. ഈ സ്ഥിതിവിശേഷങ്ങളെല്ലാം കണ്ടറിഞ്ഞ ഭാരതീയ മനീഷികള്‍, മനുഷ്യജീവിതത്തിന് പൊതുവേ സാധകവും സഹായവുമാകുന്ന ചിലചിട്ടകള്‍ കുടുംബനിലവാരത്തില്‍ തന്നെ ഒരുക്കിതന്നിട്ടുണ്ട്. വ്യക്തി, കുടുംബം, സമുദായം, രാഷ്ട്രം, എന്നിങ്ങനെ പടിപടിയായി എല്ലാ രംഗങ്ങളിലും പരിശുദ്ധിയും ക്ഷേമവും ശാന്തിയും വ്യാപരിക്കുന്ന ഒരു കുടുംബാസൂത്രണപദ്ധതിയുണ്ട്. ആര്‍ഷ പ്രോക്തമായ ‘ഷോഡശസംസ്‌കാരപദ്ധതി’യാണത്. ജീവന്‍ മനഷ്യയോനിയില്‍ പതിക്കുന്നതുമുതല്‍ ദേഹത്യാഗംചെയ്യുന്നതുവരെ ധര്‍മ്മമാര്‍ഗ്ഗത്തിലൂടെ ജന്മസാഫല്യത്തെ ലക്ഷ്യമാക്കിക്കൊണ്ട് വ്യവസ്ഥപ്പെടുത്തിയിട്ടുള്ള പതിനാറുപ്രമുഖ വഴിത്തിരുവുകള്‍.
ഓരോ സംസ്‌കാരകര്‍മ്മവും അതത് വ്യക്തികള്‍ക്ക് എന്നപോലെ കുടുംബം, സമുദായം, രാഷ്ട്രം എന്നീ നിലകളിലും എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് സംസ്‌കാരപദ്ധതി ശ്രദ്ധാപൂര്‍വ്വം പഠിക്കുന്നവര്‍ക്ക് മനസിലാക്കുവാന്‍ കഴിയും. ഈ ധര്‍മ്മപദ്ധതിയാണ് യഥാര്‍ത്ഥവും സര്‍വ്വഹിതപരവുമായ കുടുംബസാമൂഹിക ആസൂത്രണപദ്ധതി. ഇതിനാലുണ്ടാകുന്ന ജീവിത ക്ഷേമം മാനുഷിക മൂല്യങ്ങളുടെ വളര്‍ച്ചയും വികാസവും മൂലമുളവാകുന്നത്രേ.
ദുര്‍വികാര – മൃഗീയത്വ വികാസത്തിനുതകുന്ന പദ്ധതികളുടെ വേലിയേറ്റമുള്ള ഇക്കാലത്ത് നമ്മുടെ പൂര്‍വ്വികന്മാര്‍ ആസൂത്രണംചെയ്ത പദ്ധതികളെപ്പറ്റി പരിചിന്തനംചെയ്ത് പ്രാവ്രര്‍ത്തികമാക്കേണ്ടത് നാം തന്നെയാണല്ലോ. സദ് വിചാരങ്ങള്‍ക്ക് – സമദമാദി ഗുണങ്ങള്‍ക്ക് – പകരം ദുര്‍വികാരങ്ങളെ സൈ്വരവിഹിരത്തിന് തുറന്നുവിടുന്ന ആസൂത്രണപദ്ധതികളുടെ പരിണിതഫലം പരമദുഃഖമാകാനേ വഴിയുള്ളൂ. ദുഃഖത്തില്‍നിന്ന് ദുഃഖസാഗരത്തിലേക്കുള്ള കുതിച്ചുചാട്ടമാണത്. അധാര്‍മ്മികവും പ്രകൃതി വിരുദ്ധവുമായ ആസൂത്രിതവലയങ്ങളില്‍നിന്ന് വിമുക്തമാകുവാനും ധാര്‍മ്മികവും സന്മാര്‍ഗ്ഗികവുമായ ഒരു കര്‍മ്മ പദ്ധതികൂടിയേതീരൂ. അത് പണ്ടുപണ്ടേ നമ്മുടെ പൂര്‍വ്വികരായ ഋഷീശ്വരന്മാര്‍ മനുഷ്യസമുദായോല്‍കൃഷത്തിനായി അനുഗ്രഹിച്ചേകിയിട്ടുമുണ്ട്. അത് വേണ്ടവിധം വിചാരം ചെയ്ത് പ്രചരിപ്പിക്കുവാനും പ്രാവര്‍ത്തികമാക്കുവാനും സമുദായവും സര്‍ക്കാരും തയ്യാറാകുമെങ്കില്‍ കുടുംബഭദ്രതയോടൊപ്പം സമുദായക്ഷേമവും രാഷ്ട്രസുരക്ഷിതത്വവും അനുഭവപ്പെടും.
Discussion about this post