തിരുവനന്തപുരം: തിരുവനന്തപുരം പാങ്ങോട് ആര്‍മി ക്യാമ്പില്‍ ആര്‍മി മേളയോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്ന പ്രദര്‍ശനം സേനയുടെ ശേഖരത്തിലുള്ള വൈവിധ്യപൂര്‍ണമായ ആയുധങ്ങളും, ഉപകരണങ്ങളും നേരില്‍ കാണാന്‍ പൊതുജനങ്ങള്‍ക്ക് അപൂര്‍വ അവസരമൊരുക്കുന്നു. പലര്‍ക്കും കേട്ടറിവ് മാത്രമുള്ള ടി-72 ടാങ്ക് മുതല്‍ എകെ 47 തോക്ക് വരെ പ്രദശനത്തിലുണ്ട്. 1973-ല്‍ സോവിയറ്റ് യൂണിയനില്‍ നിര്‍മ്മിച്ച് ഇന്ത്യയ്ക്ക് കൈമാറിയ ടി-72 ടാങ്കാണ് പ്രദര്‍ശനത്തിലുള്ളത്.
ഇന്ത്യ ഉള്‍പ്പെടെ ഏഴ് രാജ്യങ്ങളുടെ സൈനിക ശേഖരത്തില്‍ ഈ ടാങ്കുണ്ട്. അഞ്ച് കിലോമീറ്റര്‍ ദൂരത്തേക്ക് വരെ മിസൈല്‍ പായിക്കാവുന്ന ടി-90 എസ് ടാങ്കാണ് മറ്റൊരു ആകര്‍ഷണം. റിമോട്ട് കണ്‍ട്രോള്‍ കൊണ്ട് നിയന്ത്രിക്കാവുന്ന ആന്റി എയര്‍ക്രാഫ്റ്റ് മെഷീന്‍ ഗണ്ണും, രാത്രി ആക്രമണത്തിന് തെര്‍മല്‍ ഇമേജ് സംവിധാനവും ടി-90 ലുണ്ട്. കാര്‍ഗിലിലും, ഇന്ത്യ-പാക് നിയന്ത്രണ രേഖയിലും, മഞ്ഞുറഞ്ഞ ലേയിലും, ലഡാക്കിലും, താര്‍ മരുഭൂമിയിലും ഒരേപോലെ ഇപയോഗിക്കുന്ന ZU 23 mm 2B ആന്റി എയര്‍ക്രാഫ്റ്റ് ഗണ്ണാണ് മറ്റൊരു പ്രധാന ആകര്‍ഷണം. 9 എംഎം പിസ്റള്‍ മുതല്‍ 84 എംഎം റോക്കറ്റ് ലോഞ്ചര്‍ വരെ അണിനിരക്കുന്ന ഇന്‍ഫന്‍ട്രി വെപ്പണ്‍സ് ആന്റ് എക്വിപ്മെന്റ്സ് സേനയിലെ മുന്നണിപ്പോരാളികളുടെ ആയുധ ശേഖരം തുറന്നുകാട്ടുന്നു. ഒരു മിനിറ്റില്‍ 600 റൌണ്ട് വരെ വെടി ഉതിര്‍ക്കാവുന്ന എകെ 47 തോക്കാണ് ഇവിടെ താരം. സ്വീഡനില്‍ നിര്‍മ്മിച്ചവയാണിവ. മിനിറ്റില്‍ 600 മുതല്‍ 650 വരെ റൌണ്ട് വെടി ഉതിര്‍ക്കാവുന്ന 5.56 എംഎം ലൈറ്റ് മെഷീന്‍ ഗണ്ണും, 5.56 എംഎം ഇന്‍സാര്‍ റൈഫിളുമാണ് ഇവയിലെ ഇന്ത്യന്‍ താരങ്ങള്‍. ഇതോടൊപ്പം മിസൈലുകള്‍, പീരങ്കികള്‍, വിവിധോദ്ദേശ്യ വാഹനങ്ങള്‍ തുടങ്ങിയവയും പ്രദര്‍ശനത്തിലുണ്ട്. പാങ്ങോട് കുളച്ചല്‍ സ്റേഡിത്തില്‍ ഏഴ് മദ്രാസ് റെജിമെന്റാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. ആന്ധ്ര, തമിഴ്നാട്, കേരള, കര്‍ണാടക മേഖല ജനറല്‍ ഓഫീസര്‍ കമാണ്ടിങ് ലഫ്റ്റനന്റ് ജനറല്‍ വി.കെ. പിള്ള പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. പ്രദര്‍ശനം പത്താം തീയതി സമാപിക്കും.
Discussion about this post