ഭാരതത്തിന്റെ ശാസ്ത്രരംഗത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഐഎസ്ആര്‍ഒ ചാരക്കേസ് ഒടുവില്‍ ചാരമായത് ചരിത്രത്തിന്റെ ഭാഗമാണ്. എന്നാല്‍ ആ കേസില്‍ വര്‍ഷങ്ങളോളം കഠിനമായ പീഡനമേറ്റുവാങ്ങിയ പ്രഗല്‍ഭനായ നമ്പിനാരായണന്‍ എന്ന ശാസ്ത്രജ്ഞന്‍ കുറ്റവിമുക്തനായത് സമീപകാലത്താണ്. ആ മനുഷ്യന്‍ ഏറ്റുവാങ്ങിയ മാനസിക വ്യഥയും അപഹാസ്യവും അദ്ദേഹത്തിനുണ്ടായ നഷ്ടങ്ങളും അപരിഹാര്യമാണ്. നമ്പിനാരായണന് വ്യക്തിപരമായി ജീവിതത്തിലേറ്റ ആഘാതം മാത്രമല്ല ഈ കേസുമൂലമുണ്ടായത്. മറിച്ച് ഭാരതത്തിന്റെ ബഹിരാകാശ ശാസ്ത്രരംഗത്ത് ഒരു കാലഘട്ടത്തിലുണ്ടാകാമായിരുന്ന നേട്ടത്തെ പിന്നോട്ടടിക്കുന്നതിനും ഇതു കാരണമായി. ഭാരതത്തിന്റെ ബഹിരാകാശ രംഗത്തെ വളര്‍ച്ചയില്‍ അസൂയപൂണ്ട അമേരിക്കയുടെയും മറ്റു പാശ്ചാത്യശക്തികളുടെയും ഗൂഢാലോചനയുടെ ഫലമാണ് ഐഎസ്ആര്‍ഒ ചാരക്കേസ് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അത് ശരിവയ്ക്കുന്ന തരത്തിലാണ് കഴിഞ്ഞദിവസം ഐഎസ്ആര്‍ഒയുടെ മുന്‍ചെയര്‍മാന്‍ ജി.മാധവന്‍നായരുടെ വെളിപ്പെടുത്തല്‍.
തിരുവനന്തപുരത്ത് നമ്പിനാരായണന് കര്‍മ്മവേദിപ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണവേദിയിലാണ് മാധവന്‍നായര്‍ പലരെയും പ്രതിക്കൂട്ടിലാക്കാവുന്ന തരത്തിലുള്ള വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. നമ്പിനാരായണന്റെ നേതൃത്വത്തിലുള്ള ഗവേഷകസംഘം മുന്നോട്ടുപോയിരുന്നുവെങ്കില്‍ 2006-07 കാലഘട്ടത്തില്‍ തന്നെ ഭാരതത്തിന് ക്രയോജനിക് സാങ്കേതിതകവിദ്യ സ്വന്തമാക്കാനാകുമായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഈ കേസ് സിബിഐ അന്വേഷിച്ചിരുന്നില്ലെങ്കില്‍ നിരപരാധികളായ നൂറിലധികം ശാസ്ത്രജ്ഞര്‍ ജയിലിലാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ക്രൈംബ്രാഞ്ച് വിഭാഗവും കേന്ദ്രത്തിലെ ‘റോ’യുമാണ് കേസ് ആദ്യം അന്വേഷിച്ചത്. അതിപ്രഗത്ഭരായ ഉദ്യോഗസ്ഥരടങ്ങിയ റോയ്ക്ക് പോലും ഐഎസ്ആര്‍ഒയെ തകര്‍ക്കാന്‍ നടത്തിയ അന്താരാഷ്ട്രാ മാനങ്ങളുള്ള ഒരു ഗൂഢാലോചയുടെ ഭാഗമാണ് ഈകേസ് എന്ന കെണി മനസിലാക്കാന്‍ കഴിയാതെ പോയി എന്നത് ലജ്ജാകരമാണ്. അന്ന് ഈ കേസ് അന്വേഷിച്ച ക്രൈംബ്രഞ്ചിലെയും റോയിലെയും ഉദ്യോഗസ്ഥരെക്കുറിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണം.
ക്രയോജനിക് സാങ്കേതികവിദ്യ സ്വന്തമാക്കാനൊരുങ്ങിയപ്പോള്‍ ചാരക്കേസ് ഉയര്‍ന്നുവന്നതും ചന്ദ്രയാന്റെ സമയമായപ്പോള്‍ ദേവാസ് പൊക്കിക്കൊണ്ടു വന്നതും യാദൃശ്ചികമല്ല എന്ന മാധവന്‍നായരുടെ വെളിപ്പെടുത്തല്‍ ഭാവിയില്‍ ഇത്തരത്തില്‍ ഏതെങ്കിലും കേസുകള്‍ ഉണ്ടാകുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പാഠമാകേണ്ടതാണ്. എസ്എല്‍വി പ്രോജക്ട് സാക്ഷാത്കരിച്ചപ്പോള്‍ ഐഎസ്ആര്‍ഒയ്‌ക്കെതിരെ വന്‍കിടശക്തികള്‍ ഉപരോധം കൊണ്ടുവന്നകാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ശാസ്ത്രസാങ്കേതികരംഗത്ത് ഭാരതത്തിന്റെ നേട്ടങ്ങള്‍ മിക്കരാജ്യങ്ങള്‍ക്കും ഇഷ്ടമുള്ള കാര്യമല്ലെന്നും നേട്ടങ്ങളുണ്ടാകുമ്പോള്‍ എന്നും വിവാദങ്ങളുണ്ടാകാറുണ്ടെന്നും ചൂണ്ടിക്കാട്ടിയ മാധവന്‍ നായര്‍ അപവാദങ്ങള്‍ക്കു പിന്നിലെ ലക്ഷ്യങ്ങള്‍ തിരിച്ചറിയണമെന്നാണ് എല്ലാവരെയും ഓര്‍മ്മിപ്പിച്ചത്.
ശാസ്ത്രത്തില്‍ പ്രാഥമിക പരിജ്ഞാനം പോലുമില്ലാത്തവരാണ് ഈകേസ് അന്വേഷിച്ചത് എന്നാണ് മനസിലാക്കേണ്ടത്. അതാണ് ഈ കേസിന്റെ അന്വേഷണദിശ തെറ്റാനുണ്ടായ കാരണം. അത് മാധവന്‍ നായരുടെ ഭാഷയില്‍ പറയുകയാണെങ്കില്‍ റോക്കറ്റിന്റെ സ്‌പെല്ലിംഗ് പോലുമറിയാത്ത ഉദ്യോഗസ്ഥനാണ് റോക്കറ്റുണ്ടാക്കുന്ന ഉദ്യോഗസ്ഥനെ അറസ്റ്റുചെയ്തതെന്നാണ്. സാങ്കേതിക രംഗത്തെക്കുറിച്ച് അന്വേഷണം നടത്തേണ്ടിവരുമ്പോള്‍ അതിനുയോഗ്യതയുള്ള ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം വളരെ ഗൗരവപൂര്‍വം ചിന്തിക്കേണ്ടതാണ്. നാടിനുനേട്ടമായിത്തീരേണ്ട നിരപരാധികളായ ശാസ്ത്രജ്ഞന്‍മാരുടെ ജീവിതം ജയിലഴികളില്‍ ഒടുങ്ങാതിരിക്കാന്‍ ഐഎസ്ആര്‍ഒചാരക്കേസ് ഭരണകൂടവും അന്വേഷണ ഏജന്‍സികളും പാഠമാക്കേണ്ടതാണ്.
Discussion about this post