തിരുവനന്തപുരം: ഈ വര്‍ഷത്തെ പല്ലാവൂര്‍ അപ്പുമാരാര്‍ പുരസ്ക്കാരം പെരുവനം കുട്ടന്‍ മാരാര്‍ക്ക്. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും, ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. കേരളത്തിലെ സംഘവാദ്യകലകളില്‍ പ്രഥമഗണനീയമായ മേളത്തിന്റെ പ്രമാണം പെരുമയോടെ നിലനിര്‍ത്തുന്ന വാദ്യവിദഗ്ധനാണ് പെരുവനം കുട്ടന്‍ മാരാര്‍.
അച്ഛന്‍ പെരുവനം അപ്പുമാരാരില്‍ നിന്നും അദ്ദേഹത്തിന്റെ സമകാലികരായിരുന്ന പ്രഗല്ഭരായ ആചാര്യരില്‍ നിന്നും ചെണ്ടയില്‍ കറ കളഞ്ഞ അഭ്യാസം സിദ്ധിച്ച കുട്ടന്‍ മാരാര്‍ പഞ്ചാരി, പാണ്ടി, ചെമ്പട, ധ്രുവം, ചെമ്പ തുടങ്ങിയ മേളങ്ങളില്‍ തന്റെ പ്രകടനവൈഭവം തെളിയിച്ചിട്ടുണ്ട്. മധ്യകേരളത്തിലെ തൃശ്ശൂര്‍ പൂരമടക്കമുളള ഉത്സവങ്ങളില്‍ മേളപ്രമാണിയായ കുട്ടന്‍മാരാര്‍ക്ക് കേരള സംഗീതനാടക അക്കാദമി അവാര്‍ഡും പത്മശ്രീയുമടക്കം ധാരാളം ബഹുമതികള്‍ ഇതിനോടകം ലഭിച്ചിട്ടുണ്ട്. മേളമാണ് മഖ്യപ്രവൃത്തിയെങ്കിലും ക്ഷേത്രാടിയന്തിരച്ചടങ്ങുകളിലെല്ലാം താത്വികവും പ്രായോഗികവുമായ പരിജ്ഞാനം ഇദ്ദേഹത്തിനുണ്ട്.
കലാമണ്ഡലം വൈസ്-ചാന്‍സലര്‍ ശ്രീ പി.എന്‍.സുരേഷ് അധ്യക്ഷനായ സമിതിയാണ് പുരസ്കാര ജേതാവിനെ നിര്‍ണയിച്ചത്. കലാമണ്ഡലം ബലരാമന്‍, പന്തളം സുധാകരന്‍, സാംസ്കാരിക വകുപ്പു അഡീഷണല്‍ സെക്രട്ടറി ശ്രീമതി. പാവനകുമാരി എന്നിവര്‍ സമിതിയില്‍ അംഗങ്ങളാണ്.
Discussion about this post