ശബരിമല: വിവിധസംസ്ഥാനങ്ങളില്‍ നിന്ന് ശബരിമല ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തരില്‍ പരിസര ശുചിത്വത്തിന്റെ സന്ദേശമെത്തിക്കാനും അവബോധം സൃഷ്ടിക്കാനും പുണ്യം പൂങ്കാവനം പദ്ധതി മികച്ച സംഭാവയാണ് നല്‍കുന്നതെന്ന് എം.കെ.രാഘവന്‍ എം.പി. പറഞ്ഞു. സന്നിധാനത്ത് പുണ്യം പൂങ്കാവനം പരിപാടിയില്‍ പങ്കാളിയായ ശേഷം മീഡിയസെന്ററിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പവിത്രസ്ഥാനമായ ശബരിമലയുടെ പരിപാവനത്വം കാത്തു സൂക്ഷിക്കാന്‍ സന്നിധാനവും പരിസര പ്രദേശങ്ങളും മലിനമാകാതെ സംരക്ഷിക്കേണ്ടതുണ്ട്. ഇത് സ്വന്തം കടമയാണെന്ന് ഓരോ തീര്‍ത്ഥാടകനും തിരിച്ചറിയണം. പുണ്യം പൂങ്കാവനം പദ്ധതി നടപ്പാക്കിയശേഷം സന്നിധാനത്ത് മാറ്റം പ്രകടമാണെന്നും എം.കെ.രാഘവന്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ 24 വര്‍ഷങ്ങളായി മുടങ്ങാതെ മലചവിട്ടുന്ന എം.കെ.രാഘവന്‍ ഇക്കുറി ചില സുഹ്യത്തുകള്‍ക്കൊപ്പമാണ് മലചവിട്ടിയത്. കണ്ണൂര്‍ എസ്.പി. രാഹുല്‍ ആര്‍.നായരും പുണ്യം പൂങ്കാവനം പരിപാടിയില്‍ പങ്കെടുത്തു.
Discussion about this post