കൊച്ചി: കടല്‍ക്കൊല കേസിലെ നാവികരെ വിട്ടുകിട്ടാനുള്ള ശ്രമങ്ങള്‍ക്കായി ഇറ്റാലിയന്‍ പ്രതിരോധമന്ത്രി ജിയാം പൗളോ ഡി പൗള കൊച്ചിയിലെത്തി. ക്രിസ്മസിന് നാവികര്‍ നാട്ടിലെത്തേണ്ടത് അനിവാര്യമാണെന്ന് ജിയാം പൗളോ ഡി പൗള പറഞ്ഞു. ആഘോഷങ്ങളുടെ വില മനസിലാക്കുന്നവാരാണ് ഇന്ത്യക്കാരെന്ന് പ്രതീക്ഷിക്കുന്നു. കോടതി കേസില്‍ വേഗം തീര്‍പ്പ് കല്‍പ്പിക്കുമെന്നാണ് പ്രതീക്ഷ. നാവികര്‍ക്ക് ക്രിസ്മസ് ആശംസകള്‍ അറിയിക്കാനാണ് കൊച്ചിയില്‍ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ രാത്രി എത്തിയ പ്രതിരോധമന്ത്രി നാവികരെ സന്ദര്‍ശിച്ചു. പ്രതിരോധമന്ത്രിയോടൊപ്പം പത്തംഗ സംഘവും കൊച്ചിയിലെത്തിയിട്ടുണ്ട്.
നാട്ടില്‍ പോകാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഇറ്റാലിയന്‍ നാവികര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ഇറ്റാലിയന്‍ പ്രതിരോധമന്ത്രി കൊച്ചിയിലെത്തിയത്. ചൊവ്വാഴ്ച്ചയാണ് ഹര്‍ജി പരിഗണിക്കുന്നത്. നാവികരുടെ ഹര്‍ജിയില്‍ സര്‍ക്കാര്‍ ചൊവ്വാഴ്ച്ച നിലപാട് അറിയിക്കണമെന്നും നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ കോടതി ആവശ്യപ്പെട്ടിരുന്നു.
ഇറ്റാലിയന്‍ നാവികരായ ലത്തോറെ മാസിമിലിയാനോ, സാല്‍വത്തോറെ ജിറോണ്‍ എന്നിവരാണ് കോടതിയെ സമീപിച്ചത്. ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നാട്ടില്‍ പോകാനാണ് ഇരുവരും അനുമതി തേടിയത്. 2012 ഫെബ്രുവരി 15നാണ് ഇറ്റാലിയന്‍ കപ്പലില്‍ നിന്നും നിന്നും വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചത്.
കൊല്ലം നീണ്ടകരക്കടുത്താണ് മത്സ്യ ബന്ധന ബോട്ടിലുണ്ടായ ജെലസ്റ്റിന്‍, പിങ്കുഎന്നിവര്‍ വെടിയേറ്റ് മരിച്ചത്. എണ്ണയുമായി യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ ഫുജൈറയില്‍ നിന്നും വരികയായിരുന്ന ഇറ്റാലിയന്‍ എണ്ണടാങ്കര്‍ എന്റിക്ക ലെക്‌സിയില്‍ നിന്നാണ് വെടിവയ്പുണ്ടായത്.
Discussion about this post