തിരുവനന്തപുരം: കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തിലെ വനമേഖലയിലും ഞാറനീലി പ്രദേശത്തും കഴിഞ്ഞ ദിവസം വീശിയടിച്ച കാറ്റില്‍ നാശനഷ്ടങ്ങള്‍ നേരിട്ടവര്‍ക്ക് അടിയന്തിര സഹായമെത്തിച്ചതായി പട്ടികവര്‍ഗ്ഗവകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മി സ്പീക്കര്‍ ജി. കാര്‍ത്തികേയനെ അറിയിച്ചു.
പട്ടികവര്‍ഗ വികസന വകുപ്പിലെ ഉദ്യോഗസ്ഥരുടെ സംഘം ഈ മേഖലകള്‍ സന്ദര്‍ശിക്കുകയും നാശനഷ്ടം സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിട്ടുണ്ട്. കുറ്റിച്ചലില്‍ 15 വീടുകള്‍ പൂര്‍ണമായും 35 വീടുകള്‍ ഭാഗികമായും തകര്‍ന്നു. മരങ്ങള്‍ ഏതു നിമിഷവും കടപുഴകിവീഴുമെന്ന നിലയിലാണ്. രണ്ടുപേര്‍ക്ക് പരിക്കുപറ്റി. അവരെ അടിയന്തിര ചികിത്സക്ക് വിധേയരാക്കുകയുണ്ടായി. ഈ മേഖലയില്‍ അടിയന്തിരമായി ഭക്ഷ്യധാന്യങ്ങള്‍ എത്തിച്ചു. സാമ്പത്തിക സഹായം നല്‍കുന്നത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നെടുമങ്ങാട് പ്രോജക്ട് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഞാറനീലിയില്‍ അഞ്ച് വീടുകള്‍ പൂര്‍ണമായും 45 വീടുകള്‍ ഭാഗികമായും തകര്‍ന്നതായി കണ്ടെത്തി. കുറ്റിച്ചലിലും ഞാറനീലി പ്രദേശത്തും അടിയന്തിര സഹായം ലഭ്യമാക്കാന്‍ ഡയറക്ടറെ ചുമതലപ്പെടുത്തിയതായും സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ അറിയിച്ചു.
Discussion about this post