തിരുമാന്ധാംകുന്ന് ശിവകേശാദിപാദം (ഭാഗം- 9)
ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങള്‍
സത്യാനന്ദസുധാ വ്യാഖ്യാനം : ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍
കനകദരകാന്തിയെ വെല്ലുന്ന പഞ്ചമി-
ക്കലയൊടിടയുന്നൊരാ നിടിലനിലതൊഴുന്നേന്‍.
ജട കഴിഞ്ഞാല്‍ പിന്നെ കണ്ണിനുവിഷയമാകുന്നത് നെറ്റിത്തടമാണ്. ആ പഞ്ചമിച്ചന്ദ്രന്റെ ആകൃതിയോടിടയുകയും കനകകാന്തിയെ വെല്ലുകയും ചെയ്യുന്നു. നെറ്റിയുടെ ആഹ്ലാദകരമായ വശ്യസൗന്ദര്യം ഇവിടെ പ്രകടമാണ്. വിസ്തൃതമായ നെറ്റിത്തടം ബൗദ്ധിക ശേഷിയെ പ്രസ്ഫുരിപ്പിക്കുന്നു. ശിവന്റെ നിടിലത്തിന് സ്ഥൂലജഗത്തില്‍നിന്നാരംഭിച്ച് സൂക്ഷ്മലോകങ്ങളോരോന്നിലുമായി അനേകം നിലകള്‍ അഥവാ സ്ഥിതികളുണ്ട്. സാധാരണ സാധകന്മാര്‍ ശിവനിടിലത്തിന്റെ സ്ഥൂല ജഗത്തിലുള്ള സ്ഥിതിമാത്രം കാണുന്നവരാണ്. എന്നാല്‍ അദ്ധ്യാത്മസാധനയുടെ മാര്‍ഗ്ഗത്തില്‍ പുരോഗമിക്കുന്തോറും സൂക്ഷ്മനിലയോരോന്നും അനുക്രമം പ്രത്യക്ഷമാകും. അതു സാധകന്റെ ആദ്ധ്യാത്മിക വികാസത്തെ പ്രകടമാക്കുന്നു. സത്യദ്രഷ്ടാവായ സ്വാമിജി ശിവന്റെ നിടിലനിലകളെല്ലാം നേരില്‍ കണ്ടിട്ട് അവയെ എല്ലാം സ്തുതിക്കുന്നു.
ഭൂലോകമാണ് നമ്മുടെ ഇന്ദ്രിയഗ്രാഹ്യമായ പ്രപഞ്ചം. എന്നാല്‍ ഇവിടെത്തന്നെ മറ്റുലോകങ്ങളെല്ലാം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. രജോഗുണത്തെയും തമോഗുണത്തെയും കുറച്ചുകൊണ്ടുവരുന്നതിലൂടെ സിദ്ധമാകുന്ന ആദ്ധ്യാത്മികപുരോഗതി ഉപരിലോകങ്ങളെ ബോധമണ്ഡലത്തില്‍ സാക്ഷാത്കരിക്കാനും അവിടെ ബോധത്തെ ഉറപ്പിക്കാനും സഹായിക്കുന്നു. ഭൂലോകം, ഭുവര്‍ലോകം, സ്വര്‍ലോകം, മഹര്‍ലോകം, ജനലോകം, തപോലോകം, സത്യലോകം എന്നിവയാണ് ഉപരിലോകങ്ങള്‍. ഭൂലോകത്തുനിന്നാരംഭിച്ച് പരമാത്മലതലത്തില്‍ എത്തുന്നതിനുമുമ്പ് കടന്നുപോകുന്ന ഈ മണ്ഡലങ്ങളോരോന്നും ശിവമയമാണ്. അവിടെയെല്ലാം ശിവന്റെ സ്വരൂപം കാണാനാകും. പ്രസ്തുത ശിവസ്വരൂപം ഓരോ മണ്ഡലത്തിന്റെയും സൂക്ഷ്മഭാവത്തിനനുസരിച്ചായിരിക്കും കാണപ്പെടുക. അതാണ് നിടില നിലകളെന്ന് ഇവിടെ വര്‍ണ്ണിച്ചിരിക്കുന്നത്. സ്ഥൂലത്തില്‍ നിന്നാരംഭിച്ച് സൂക്ഷ്മം വരെ എത്തുന്ന ഈ നിലകള്‍ ഏതൊരു ജിജ്ഞാസുവിനും സാക്ഷാത്കരിക്കാനാകും. അതിനുവേണ്ടുന്ന തപസ്സു നേടണമെന്നുമാത്രം.
‘ആ നിടിലനില’ എന്നതിലെ ആ എന്ന ചുട്ടെഴുത്ത് നെറ്റിയുടെ പ്രത്യക്ഷാനുഭവത്തെ പ്രകാശിപ്പിക്കുന്നു. തിരുമാന്ധാംകുന്നില്‍വച്ച് സ്വാമിജി നേരില്‍ കണ്ട ഭഗവദ്‌രൂപത്തെ അതേ പ്രകാരത്തില്‍ അതു സഹൃദയനു അനുഭവവേദ്യമാകുകയും ചെയ്യുന്നു. അതിനാല്‍ വാക്കുകൊണ്ടു പറഞ്ഞിട്ടില്ലാത്ത അംശങ്ങളും അവിടെ പ്രകാശിക്കും. കനകഭരകാന്തിയെ വെല്ലുന്ന ആ നെറ്റിത്തടത്തില്‍ സ്ഫുടമായി പ്രകാശിക്കുന്ന ഭസ്മക്കുറി തന്മൂലം സഹൃദയന്‍ ദര്‍ശിക്കുന്നു. അതു വിഭൂതിയെന്നനിലയില്‍ ഭഗവാന്റെ സമസ്ത ഐശ്വര്യത്തെയും പ്രകടമാക്കുന്നു. അതോടൊപ്പം ശിവന്‍ ആത്മസ്വരൂപനാണെന്നും വിളിച്ചോതുന്നു. ഭസ്മം ആത്മ പ്രതീകമാണ്. അതിനുകാരണവുമുണ്ട്. സമസ്തജീവരാശിക്കും ശരീരവും ആത്മാവുമുണ്ടെന്നു പ്രസിദ്ധമാണ്. ശരീരം പോയാലും അവ ശേഷിക്കുന്നതാണ് ആത്മാവ്. മനുഷ്യശരീരം ചിതയില്‍ എരിഞ്ഞടങ്ങുമ്പോള്‍ അവശേഷിക്കുന്ന ഭസ്മം ആത്മപ്രതീകമായത് അതുകൊണ്ടാണ്. ശിവന്‍ നെറ്റിയിലണിഞ്ഞിരിക്കുന്ന ദിവ്യമായ വിഭൂതി സ്ഥൂലജഗത്തിന്റെ നശ്വരതയേയും ആത്മജ്ഞാനലബ്ദ്ധിയുടെ ശാശ്വതികത്വത്തേയും ഉദ്‌ബോധിപ്പിക്കുന്നു.
Discussion about this post