പണ്ഡിതരത്നം ഡോ.കെ.ചന്ദ്രശേഖരന്‍ നായര്‍
രോഗാഭേരിവപണ്ഡിതൈഃ
– വിവേകചൂഢാമണി
രോഗാദികളുടെ നിവാരണത്തിനുവേണ്ടി വിവേകം ഉള്ളവര്‍ ചെയ്യുന്നതുപോലെ
പരമാത്മാവിന്റെ പൊരുള്‍ ഒരുവന്‍ സ്വയം പരിശ്രമിച്ച് ആര്‍ജ്ജിക്കേണ്ട ഒന്നാണെന്നാണ് ശ്രീശങ്കരന്റെ മതം. ഒരു ഗുരുനാഥന്റെ സഹായവും ഉപദശവും ഒരുവന് ഇക്കാര്യത്തില്‍ സ്വീകരിയ്ക്കാം. എന്നാലും സ്വന്തമായ ഒരു ശക്തി ആര്‍ജ്ജിച്ചിട്ടുമാത്രമേ പരമാത്മസ്വരൂപം അറിയുവാന്‍ സാധിക്കുകയുള്ളൂ എന്നകാര്യം ശ്രീശങ്കരന്‍ ഒരു രോഗിയുടെ ദൃഷ്ടാന്തത്തിലൂടെ ഇവിടെ അവതരിപ്പിക്കുകയാണ്.
രോഗാതുരനായ ഒരാള്‍ സ്വയം അയാളുടെ ശാരീരിക സ്ഥിതി മെച്ചമാക്കി രോഗത്തില്‍ നിന്നും മോചനം നേടേണ്ടിയിരിക്കുന്നു. അതിനുവേണ്ടി അയാള്‍ സ്വയം മരുന്ന് സേവിക്കുകയും ഡോക്ടര്‍ പറയുന്നതനുസരിച്ച് ഒരു ജിവിതചര്യ അനുഷ്ഠിക്കുകയും വേണം. എങ്കില്‍ മാത്രമേ അയാള്‍ക്ക് രോഗമുക്തി ഉണ്ടാവുകയുള്ളൂ. അത് പ്രാവര്‍ത്തികമാക്കുന്നിതനു രോഗിയ്ക്കു ഇഷ്ടാനുസരണം ഒരു വൈദ്യന്റെ ഉപദേശവും സഹായവും തേടാം. എന്നാല്‍ ഡോക്ടറുടെ ഉപദേശമനുസരിച്ചുള്ള കത്യനിഷ്ഠയും മരുന്നുസേവയും പഥ്യാഹാരം കഴിക്കുന്നതുമെല്ലാം ഒഴിച്ചുകൂടാന്‍ പാടില്ലാത്തതാണ്. ഈ സുചിപ്പിച്ചകാര്യങ്ങള്‍ അണുവിട തെറ്റിച്ചാല്‍ അത് ആ രോഗിയുടെ അന്ത്യം കുറിച്ചതുതന്നെ. മരുന്നുസേവയും പഥ്യാദികളുടെ അനുഷ്ഠാനങ്ങളുമെല്ലാം ഡോക്ടറോ ബന്ധുമിത്രാദികളോ നടത്തിയാല്‍ പോര. അതു രോഗിതന്നെ സ്വയം ചെയ്യണം. ഇതുപോലെ സംസാരസാഗരത്തില്‍ നിന്നു മോചനം ആഗ്രഹിക്കുന്ന ഒരു വ്യക്തി യോഗ്യനായ ആചാര്യന്റെ സഹായത്തോടും ഉപദേശത്തോടും കൂടിയുള്ള ഒരു ജീവിചതചര്യ സ്വീകരിക്കണം. രോഗിയുടെ രോഗം മാറ്റാന്‍ ഡോക്ടര്‍ ഉപദേശിക്കുകയും സഹായിക്കുകയും ചെയ്യുന്നതുപോലെ അജ്ഞാനത്തെ മാറ്റാനുള്ള ഉപദേശവും സഹായവുമെല്ലാം ആചാര്യന്‍ ചെയ്തുകൊടുക്കും. എന്നാല്‍ ഇക്കാര്യത്തിലുള്ള പ്രധാന ഉത്തരവാദിത്വം മോക്ഷം ആഗ്രഹിക്കുന്നവനില്‍ തന്നെയാണ്. അയാള്‍ തീവ്രമായി പരിശ്രമിക്കുകയും ചിലപ്പോള്‍ കഠിനങ്ങളായ അനുഷ്ഠാനങ്ങള്‍ പ്രാവര്‍ത്തികമാക്കുകയും വേണം. ഒരു കുതിരയെ ജലാശയത്തിന്റെ അടുത്ത് കൊണ്ടുപാകാം. വെള്ളം കുടിക്കാവുന്ന നിലയില്‍ കുതിരയെ നിറുത്തിയിട്ട് ‘കുടി കുതിരേ, കുടി കുതിരേ’ എന്ന് കുതിരക്കാരനു പറയാം. പക്ഷേ കുടിക്കേണ്ടത് കുതിരതന്നെയാണ്. കുതിരക്കാരന്‍ കുടിച്ചാല്‍ കുതിരയ്ക്ക് വെള്ളം കിട്ടിയതാകയില്ലല്ലോ. ഇതുപോലെ പ്രേരണയും ഉപദേശവും സഹായവുമെല്ലാം ഗുരുവിനു ചെയ്യാം. പക്ഷേ ഫലം പ്രദാനം ചെയ്യുന്ന കര്‍മ്മങ്ങള്‍ ഫലം അനുഭവിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ സ്വയം ചെയ്യേണ്ടതു മാത്രമാണ്.
ഈ ഉദാഹരണത്തില്‍ ഡോക്ടര്‍ ആചാര്യന്റെ പ്രതീകം ആണ്. രോഗി മോക്ഷം ആഗ്രഹിക്കുന്ന അജ്ഞാനിയുടെ ഒരു പകര്‍പ്പും രോഗി മരുന്നു കഴിക്കുന്നത് സാധകന്‍ മോക്ഷാര്‍ത്ഥി ശമദമാദികള്‍ ആചരിക്കുന്നതിനു തുല്യം. രോഗത്തില്‍നിന്നുള്ള മോചനം എന്നത് മോക്ഷപ്രാപ്തിയുടെ സൂചകംതന്നെ. ഇവിടെ ശ്രീശങ്കരന്‍ പരോക്ഷമായി ഒരു ഗുരുനാഥന്റെ നിസ്സഹായതകൂടി വെളിവാക്കുകയാണ്.
അദ്ധ്യാപകന്‍ മഹാനായിരിക്കാം. വിദ്യാര്‍ത്ഥിയോട് പ്രതിബദ്ധത ഉള്ളയാളുമാകാം. എന്നാലും വിദ്യാര്‍ത്ഥി അവസരത്തിനൊത്ത് ഉയര്‍ന്ന് അനുസരണയോടും ആദരവോടും കൂടി എല്ലാ കാര്യങ്ങളും തൃപ്തികരമായി നിര്‍വഹിക്കുന്നില്ലെങ്കില്‍ ആ വിദ്യാര്‍ത്ഥിയെ വിജ്ഞാനത്തിന്റെ പാതയിലേക്ക് നയിക്കുവാന്‍ ആചാര്യനു പറ്റുകയില്ല തന്നെ. ഈ ഉദാഹരണം ചിലപ്പോള്‍ ശങ്കരന്റെതുപോലെതന്നെ അനേകം ആചാര്യന്മാരുടെ ജീവതത്തിലെ അനുഭവങ്ങളുടെ പ്രതിഫലനമാകാം. അര്‍പ്പണബോധത്തോടെ അദൈ്വതം പ്രചരിപ്പിച്ച് മാനവരാശിയെ സമുദ്ധരിക്കാന്‍ ജീവിതം മുഴുവന്‍ യത്‌നിച്ച മഹാപ്രതിഭയായിരുന്നല്ലോ ശ്രീശങ്കരന്‍.
Discussion about this post