കോട്ടയം: സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണ വേഗത്തിലാക്കാന്‍ അതിവേഗ കോടതികള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. എന്നാല്‍, ഇതിനു സര്‍ക്കാരിന്റെയും ഹൈക്കോടതിയുടെയും അനുമതി വേണം. കോട്ടയത്തു മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി.
ഈ കോടതികളില്‍ വനിതാ ജഡ്ജിമാരെയും വനിതാ പബ്ളിക് പ്രോസിക്യൂട്ടര്‍മാരെയും നിയമിക്കണമെന്നുളള അഭിപ്രായം വന്നിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയാന്‍ സ്പെഷല്‍ വനിതാ അന്വേഷണസംഘത്തെ നിയോഗിച്ചു. ഐജി ബി. സന്ധ്യ അധ്യക്ഷയായ അഞ്ചംഗ വനിതാ ഐപിഎസ് ഉദ്യോഗസ്ഥാ സംഘമായിരിക്കും ടീമിനെ നയിക്കുക. നിലവില്‍ ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്ന ജില്ലാ തല ടീമുകളുടെ സേവനവും പുതിയ ടീമിനു ലഭിക്കും. സര്‍ക്കാരോ സംസ്ഥാന പോലീസ് ചീഫോ നിര്‍ദേശിക്കുന്ന കേസുകളാകും പുതിയ ടീം അന്വേഷിക്കുക.
സംസ്ഥാനത്തു കുറ്റകൃത്യങ്ങള്‍ കുറയുന്നതായി സംസ്ഥാന ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ ഉദ്ധരിച്ചു മന്ത്രി പറഞ്ഞു. സാമ്പത്തിക ലാഭത്തിനുവേണ്ടിയുള്ളതും രാഷ്ട്രീയ കൊലപാതകങ്ങളും 2010ലെ അപേക്ഷിച്ച് ഈ വര്‍ഷം കുറവാണ്. സ്ത്രീകള്‍ക്കെതിരായ മാനഭംഗശ്രമങ്ങള്‍ 2011ലേതിനേക്കാള്‍ കുറഞ്ഞപ്പോള്‍ 2010നേതിനേക്കാള്‍ കൂടിയിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കെതിരായ കേസുകളുടെ എണ്ണം വര്‍ധിച്ചു. 2010 ഇത്തരം 183 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഈ വര്‍ഷം ഒക്ടോബര്‍ 30 വരെ 296 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു സംരക്ഷണം നല്കുന്നതുമായി ബന്ധപ്പെട്ട് ഐപിസി നിയമത്തില്‍ കാലോചിതമായ പരിഷ്കാരം വരുത്തും. റെയില്‍വേ സ്റേഷനുകളില്‍ കാമറ സ്ഥാപിക്കുന്നതിനെക്കുറിച്ചു റെയില്‍വേയുമായി ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
Discussion about this post