ന്യൂഡല്‍ഹി: കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടി മരിച്ച സാഹചര്യത്തില്‍ ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രതിഷേധക്കാര്‍ക്ക് രാംലീല മൈതാനത്ത് ഒത്തുചേരാമെന്ന് പോലീസ് അറിയിച്ചു.ഡല്‍ഹിയിലെങ്ങും കനത്ത സുരക്ഷാ വലയത്തിലാണ്. ജനങ്ങള്‍ സംയമനം പാലിക്കണമെന്ന് പോലീസ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. ഇന്ത്യാഗേറ്റിലേക്കുള്ള റോഡുകള്‍ അടച്ചു. 10 മെട്രോ സ്‌റ്റേഷനുകളും അടച്ചു.
പെണ്‍കുട്ടിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടി തുടങ്ങിയതായി സിംഗപ്പൂരിലെ ഇന്ത്യന്‍ സ്ഥാനപതി ടി സി എ രാഘവന്‍ അറിയിച്ചു. വൈകുന്നേരം നാല് മണിയോടെ പ്രത്യേക വിമാനത്തില്‍ മൃതദേഹം നാട്ടിലെത്തിക്കും. പെണ്‍കുട്ടിയുടേയും കുടുംബത്തിന്റെ സ്വകാര്യതയെ മാനിച്ചുകൊണ്ട് കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിടാനാകില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തരോട് പറഞ്ഞു.
മൃതദേഹം സിംഗപ്പൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് മൃതദേഹം മാറ്റിയത്. പെണ്‍കുട്ടിയുടെ മരണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു. ഈ മരണം വിഫലമാകില്ലെന്നും കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പെണ്‍കുട്ടിയുടെ മരണത്തില്‍ രാജ്യം മുഴുവന്‍ ദുഖിക്കുന്നുവെന്ന് ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് പറഞ്ഞു. ജനങ്ങള്‍ സംയമനം പാലിക്കണമെന്നും ഷീല ദീക്ഷിത് ആവശ്യപ്പെട്ടു.
Discussion about this post