തിരുമാന്ധാംകുന്ന് ശിവകേശാദിപാദം (ഭാഗം- 10)
ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങള്‍
സത്യാനന്ദസുധാ വ്യാഖ്യാനം : ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍
ത്രിഭുവനവുമരഞ്ഞൊടിയിലെരിപൊരികഴിക്കുമാ
നിടിലതടമദ്ധ്യസ്ഥനേത്രം തൊഴുന്നേന്‍.
അദ്ധ്യാത്മവിദ്യാപ്രതിപാദകമായ ആ നെറ്റിത്തടത്തിനു നടുവിലായി ഭ്രൂമദ്ധ്യത്തില്‍നിന്നു മുകളിലേക്ക് ഒരു കണ്ണുണ്ട്. മൂന്നു ലോകത്തെയും നിമിഷാര്‍ദ്ധം കൊണ്ടു ഭസ്മീകരിക്കാന്‍ വേണ്ടുന്നതിലധികം ശേഷി ആ കണ്ണു സൂക്ഷിക്കുന്നു. ത്ര്യംബകന്‍, വിരൂപാക്ഷന്‍, ത്രിനേത്രന്‍ ഫാലലോചനന്‍ തുടങ്ങിയ പേരുകള്‍ ഈ കണ്ണാണ് ശിവനു നേടിക്കൊടുത്തത്. ശിവന്‍ മൃത്യുഞ്ജയനായതും ഈ കണ്ണിന്റെ മഹത്വമാകുന്നു.
പ്രപഞ്ചത്തിന്റെ സൃഷ്ടിക്കും സ്ഥിതിക്കും സംഹാരത്തിനും ഏകകാരണം ശിവനാണെന്നു നേരത്തേ ഉപപാദിച്ചു. ശിവന്റെ സൃഷട്യുന്‍മുഖത്വമാണ് ബ്രഹ്മാവ്. സ്ഥിതികര്‍തൃത്വം വിഷ്ണുവും സംഹാരഭാവം രുദ്രനുമാകുന്നു. മൂര്‍ത്തികള്‍മൂന്നും ഒന്നുചേര്‍ന്നു മായാതീതനായി നില്ക്കുന്ന പരമാത്മാവാണു ശിവനെന്നറിഞ്ഞുകൊള്ളണം. സംഹാര കര്‍ത്താവായ രുദ്രനെ ചിലര്‍ ശിവനെന്നു വ്യവഹരിക്കാറുണ്ട്. ലോകത്ത് ഒരേപേര് പലര്‍ക്കുണ്ടാകുന്നതുപോലെ ശിവനെന്നപേര് പരമാത്മാവിനും ഈശ്വരനും ഈശ്വരാംശമായ രുദ്രനും പതിഞ്ഞു എന്നേയുള്ളൂ. ഈശ്വരനും രുദ്രനും ശിവാംശമാകകൊണ്ട് അതില്‍ അസാംഗത്യവുമില്ല. കനകഭരകാന്തിയെ വെല്ലുന്ന നെറ്റിത്തടം ശിവന്റെ സൃഷ്ടിസ്ഥിതിവൈഭവങ്ങളെയും അതിനുനടുവില്‍ കാണുന്ന നേത്രം ശിവന്റെ പ്രപഞ്ചോപസംഹാരശക്തിയെയും വ്യക്തമാക്കുന്നു.
ഈ നെറ്റിക്കണ്ണ് തീയെന്നാണു പുരാണപ്രസിദ്ധി. ലോകോപദ്രവകാരികളായിരുന്ന ത്രിപുരന്മാരെ സംഹരിച്ചത് ഈ കണ്ണില്‍നിന്നു പുറപ്പെട്ട അഗ്നിസ്ഫുലിംഗങ്ങളാലാകുന്നു. ബ്രഹ്മാവിന്റെ അനുഗ്രഹബലത്താല്‍ ത്രിപുരന്മാര്‍ അന്തരീക്ഷത്തില്‍ നിരന്തരം ചുറ്റിക്കൊണ്ടിരിക്കുന്ന മൂന്നുപുരങ്ങള്‍ നിര്‍മ്മിച്ച് പാര്‍പ്പുറപ്പിച്ചു. സ്വന്തം അജയ്യതയില്‍ അഹങ്കാരമത്തരായിത്തീര്‍ന്ന അവര്‍ അവിടെ ഇരുന്നുകൊണ്ട് ലോകത്തെ ഉപദ്രവിച്ചുതുടങ്ങി. നിവര്‍ത്തിയില്ലാതെ ദേവന്മാരും ബ്രഹ്മാവും വിഷ്ണുവും ശിവനെ ശരണംപ്രാപിച്ചു. ലോകത്തിനുണ്ടായിരുന്ന സന്താപമകറ്റുവാന്‍ അദ്ദേഹം ത്രിപുരന്മാരുമായി യുദ്ധമാരംഭിച്ചു. പട്ടണങ്ങള്‍ ഓരോന്നായി അദ്ദേഹം നശിപ്പിച്ചു. എങ്കിലും ബ്രഹ്മാവിന്റെ വരബലത്താല്‍ അവ അപ്പോള്‍ത്തന്നെ പഴയമട്ടായിത്തീരുകയും ചെയ്തു. അതിനാല്‍ ഭഗവാന്‍ പുരങ്ങള്‍ മൂന്നും ഒരേ രേഖയില്‍ വന്ന സമയത്ത് നെറ്റിക്കണ്ണു തുറന്ന് ആ ആഗ്നേയ വര്‍ഷത്തില്‍ പുരത്രയങ്ങളെ അസുരന്മാരോടൊപ്പം സംഹരിച്ചു. ഇങ്ങനെ ശിവന്റെ നേത്രാഗ്നിയില്‍ സംഹരിക്കപ്പെട്ട അസുരന്മാരുടെ കഥകള്‍ അസംഖ്യമുണ്ട്. അതിന്റെയെല്ലാം ഫലം ലോകകല്യാണമായിരുന്നു.
‘സ്മരാന്തകം പുരാന്തകം ഭവാന്തകം മുഖാന്തകം ഗജാന്തകാന്ധകാന്തകം തമന്തകാന്തകം ഭജേ.’
എന്ന് ശിവഭക്തനായ രാവണന്‍ ശിവന്റെ സംഹാര പ്രഭാവത്തെ ശിവതാണ്ഡവ സ്‌തോത്രത്തില്‍ പ്രകീര്‍ത്തിച്ചിരിക്കുന്നു.
ശിവന്റെ നേത്രാഗ്നിയില്‍ നിന്നാണ് ദേവസേനാപതിയായ സുബ്രഹ്മണ്യന്റെ ജനനം. ശിവന്റെ ഫാലനേത്രത്തില്‍ നിന്നു ശരവണപ്പൊയ്കയില്‍ പതിച്ച ആറുസ്ഫുലിംഗങ്ങള്‍ ആറു കുഞ്ഞുങ്ങളായി മാറി. മാതൃസഹജമായ വാത്സല്യത്തോടെ പാര്‍വതീദേവി അവരെ ഒന്നിച്ചു വാരിയെടുത്തപ്പോള്‍ ആ കുഞ്ഞുങ്ങള്‍ ഒന്നായിത്തീര്‍ന്നു. ആറുമുഖനെന്നും ഷണ്‍മുഖനെന്നും ഷണ്‍മാതുരന്‍ എന്നും പേരുള്ള സുബ്രഹ്മണ്യന്‍ വേദസ്വരൂപനും ജ്ഞാനമൂര്‍ത്തിയുമാണെന്ന് പുരാണങ്ങള്‍ ഉദ്‌ഘോഷിക്കുന്നു. ശിവന്റെ ഈ നെറ്റിക്കണ്ണ് അഗ്നിനേത്രമെന്നതിലുപരി ജ്ഞാനദൃഷ്ടികൂടിയാണെന്നു സ്പഷ്ടം. അതിനാല്‍ പ്രസ്തുത നേത്രാഗ്നി ജ്ഞാനാഗ്നികൂടിയാകുന്നു.
അജ്ഞാനമാണു പ്രപഞ്ചകാരണമെന്നുകണ്ടു. സൂര്യോദയത്തില്‍ അന്ധകാരമെന്നപോലെ ജ്ഞാനോദയത്താല്‍ അതു നീങ്ങിക്കൊള്ളും. അജ്ഞാനം നീങ്ങുമ്പോള്‍ പ്രപഞ്ചാനുഭവം അവസാനിച്ച് ‘അഹംബ്രഹ്മാസ്മി’ എന്ന അനുഭവം, ശിവാഭിന്നത്വം സിദ്ധിക്കും. ഇതാണു നെറ്റിക്കണ്ണു തുറക്കുമ്പോള്‍ മൂന്നു ലോകങ്ങളും എരിപൊരികൊള്ളുമെന്നു പറഞ്ഞിരിക്കുന്നതിന്റെ സൂക്ഷ്മാര്‍ത്ഥം. ജീവജാലങ്ങള്‍ക്ക് നിടിലനേത്രമില്ല. രണ്ടു കണ്ണുകളേയുള്ളൂ. അവയുടെ സാമര്‍ത്ഥ്യം ഭൗതിക പദാര്‍ത്ഥങ്ങളെ ഗ്രഹിക്കുന്നതില്‍ ഒതുങ്ങി നില്ക്കും. അതില്‍പോലുമുണ്ട് പരിമിതി. ഏറെ ദൂരെയിരിക്കുന്നതും ഏറ്റവുമടുത്തിരിക്കുന്നതും അത്യന്തസൂക്ഷ്മമായിട്ടുള്ളതും മറവുള്ളതുമൊന്നും കാണുവാനോ കേള്‍ക്കുവാനോ സാദ്ധ്യമല്ല. പരിമിതികള്‍ ഇനിയുമുള്ളതു തല്‍ക്കാലം വിശദീകരിക്കുന്നില്ല. അതിനാല്‍ ഈ പ്രപഞ്ചത്തിന്റെ ഒരു നേരിയ അംശം മാത്രമേ ഇന്ദ്രിയങ്ങള്‍ക്കു ഗ്രഹിക്കാനാവുന്നുള്ളൂ. അവയുടെ പരിധിയില്‍ പെടാത്തവയാണ് ഏറെ. ബാഹ്യവസ്തുക്കളെ ഗ്രഹിക്കാന്‍പോലും ഇന്ദ്രിയങ്ങള്‍ക്ക് ഇത്രയും വൈഷമ്യമെങ്കില്‍ ഉള്ളിലേക്കു ചുഴിഞ്ഞുനോക്കാന്‍ അവയ്‌ക്കെങ്ങനെയാണു കഴിയുക? അതിനാല്‍ അന്തര്യാമിയായ പരമാത്മാവിനെ കാണാന്‍ വേണ്ടുന്ന ശേഷി അവയ്ക്കില്ല. പരമാത്മദര്‍ശനം സാദ്ധ്യമാകണമെങ്കില്‍ ആജ്ഞാചക്രത്തിലിരിക്കുന്ന ഈ ജ്ഞാനദൃഷ്ടി തുറക്കണം. സര്‍വസാധനകളുടെയും ലക്ഷ്യം അതാകുന്നു. ജ്ഞാനദൃഷ്ടി തുറക്കുമ്പോള്‍ അജ്ഞാനജന്യമായ ലോകംമറഞ്ഞ് ആത്മാനന്ദം അനുഭവപ്പെടുന്നു. അതാണു ശിവന്റെ പ്രപഞ്ചസംഹാരം. പലരും ധരിച്ചുവച്ചിരിക്കുംപോലെ അതു ഹിംസയല്ല. ഇതേവിധം മഖാന്തകം ഭവാന്തകം മുതലായ ശിവവിശേഷണങ്ങളില്‍ കാണുന്ന അന്തകത്വങ്ങളും ജ്ഞാനപ്രഭാവമാണ് അല്ലാതെ ഹിംസയല്ലെന്നു അറിഞ്ഞുകൊള്ളണം.
കാമദഹന കഥയുടെ രഹസ്യവുമിതാണ്. ശരീരാത്മബുദ്ധി അഥവാ ശരീരമാണു ഞാനെന്ന വിചാരം നിലനില്‍ക്കുവോളമാണ് കാമന്റെ പൂവമ്പുകള്‍ക്കു ഫലമുണ്ടാവുക.
‘നാരീസ്തഭര നാഭീദേശം
ദൃഷ്ട്വാമാഗാ മോഹാവേശം
ഏതന്മാം സവസാഭിവികാരം
മനസി വിചിന്തയ വാരം വാരം’.
എന്നു ആചാര്യസ്വാമികള്‍ ഉപദേശിച്ചിരിക്കുന്നതിന്റെ എന്നു ആചാര്യസ്വാമികള്‍ ഉപദേശിച്ചിരിക്കുന്നതിന്റെ സാംഗത്യവുമതാണ്. മനസ്സ്, ബുദ്ധി, അഹങ്കാരം, ചിത്തം എന്നീ അന്തരിന്ദ്രിയങ്ങളോ കണ്ണ്, മൂക്ക്, നാക്ക്, ത്വക്ക്, ചെവി എന്നീ ജ്ഞാനേന്ദ്രിയങ്ങളോ വാക്, പാണി, പാദം, പായു, ഉപസ്ഥം എന്നീ കര്‍മ്മേന്ദ്രിയങ്ങളോ അവയുടെയെല്ലാം നിര്‍മ്മിതിക്ക് ഉപയോഗിച്ചിരിക്കുന്ന ആകാശാദി പഞ്ചഭൂതങ്ങളോ അല്ല ഞാന്‍.
*മനോ ബുദ്ധ്യഹങ്കാര ചിത്താനിനാഹം
നചശ്രോത്രജിഹ്വേ നചഘ്രാണ നേത്രേ,
നചവ്യോമ ഭൂമിര്‍ ന തേ ജോ ന വായു;
ചിദാനന്ദ രൂപഃ ശിവോfഹം ശിവോfഹം
– നിര്‍വാണഷ്ടകം
മറിച്ച് ഇതിന്റെയെല്ലാം പ്രഭവസ്ഥാനമായ ചിദാനന്ദരൂപനായ ശിവനാണെന്നറിയുമ്പോള്‍ ദേഹാത്മബോധം നശിച്ച് പരമാത്മബോധം ഉദിക്കും. താനല്ലാതെ തന്റെ അനുരാഗാദികള്‍ക്കു പാത്രമായി വേറൊന്നില്ലെന്നു ഇങ്ങനെ ബോദ്ധ്യമാകുന്നതോടെ കാമദേവനും പൂവമ്പും ഇല്ലാതായിത്തീരും. അതാണു ദഹനം.
ശിവന്‍ചുടലയില്‍ നൃത്തം ചെയ്യുന്നു എന്ന പൗരാണിക കഥയ്ക്കാസ്പദവും ഈ നെറ്റിക്കണ്ണാകുന്നു. നെറ്റിക്കണ്ണു തുറക്കുമ്പോള്‍ പ്രപഞ്ചാനുഭവം തീര്‍ന്നു ബ്രഹ്മാനുഭവം സിദ്ധമാകുന്നു. കുണ്ഡലിനിയെ ബ്രഹ്മരന്ധ്രത്തിലെത്തിക്കുന്ന യോഗിക്ക് പ്രസ്തുത സമാദ്ധ്യവസ്ഥയില്‍ പ്രപഞ്ചമില്ല. ആനന്ദഘനമായ ബ്രഹ്മവസ്തു മാത്രമേ ഉള്ളൂ. തുരീയം എന്നു വിളിക്കുന്ന ഈ അവസ്ഥ ലൗകികന്മാര്‍ക്ക് സിദ്ധമല്ല. അത്തരക്കാര്‍ക്കു പ്രപഞ്ചാനുഭവം തീരുന്നതു മരണത്തിലാണ്. അഥവാ വേറൊരുപ്രകാരത്തില്‍ ആലങ്കാരികമായി പറഞ്ഞാല്‍ ചുടുകാട്ടിലാണ്. അതുകൊണ്ടു പ്രപഞ്ചാനുഭവം തീരുന്ന സമാദ്ധ്യവസ്ഥയുടെ പ്രതീകമായി പൗരാണികന്മാര്‍ ശ്മശാനത്തെ കൈക്കൊണ്ടു. നെറ്റിയിലെ ജ്ഞാനനേത്രമുള്ളവന്‍ (പ്രപഞ്ചാതീതന്‍) അഥവാ ശിവന്റെ ചുടുകാട്ടില്‍ നൃത്തംചെയ്യുന്നതായി സങ്കല്പിച്ചതിന്റെ സാംഗത്യം ഇതാകുന്നു. ആത്മാനുഭവം പരിധിയില്ലാത്ത ആനന്ദാനുഭവമാണ്. അതാണു നൃത്തത്തിനാസ്പദം.
ശിവന്‍ കാലകാലനായിത്തീര്‍ന്നതും അതുകൊണ്ടാകുന്നു. ഇന്ദ്രിയാനുഭവങ്ങളെല്ലാം കാലബദ്ധമാണ്. എന്നാല്‍ ഇന്ദ്രിയാതീതമായ ആത്മാനുഭവം കാലദേശപരിധികളില്ലാത്തതാണ്. നെറ്റിയിലെ ജ്ഞാനക്കണ്ണു തുറന്നവന്‍ അതിനാല്‍ മൃത്യുഞ്ജയനായിത്തീരുന്നു. ശ്വേതാശ്വതരമഹര്‍ഷി ലോകത്തോടു വിളിച്ചുപറയുന്നതുകേള്‍ക്കുക.
‘വേദാഹമേതം പുരുഷം മഹാന്തം
ആദിത്യവര്‍ണ്ണം തമസഃപരസ്താത്
തമേവ വിദിത്വാ അതിമൃത്യുമേതി
നാന്യഃപന്ഥാ വിദ്യതേfയനായ
‘അജ്ഞാനത്തിന്റെ അന്ധകാരത്തിനപ്പുറത്തുകുടികൊള്ളുന്ന ആദിത്യവര്‍ണ്ണനായ ആ മഹാപുരുഷനെ ഞാന്‍ അറിഞ്ഞിരിക്കുന്നു. അവനെ അറിഞ്ഞാലാണ് മരണത്തെ അതിലംഘിക്കാനാവുക. അതല്ലാതെമൃത്യുസാഗരതരണത്തിന് മറ്റൊരുവഴിയുമില്ലെന്നറിയണം. അതെ ആത്മജ്ഞാനി മൃത്യുഞ്ജയനാകുന്നു.
മാര്‍ക്കണ്ഡേയ മഹര്‍ഷിയുടെ കഥയും നമ്മോടു വിളിച്ചോതുന്നത് ശിവന്റെ മൃത്യുഞ്ജയത്വമാണ്. മൃകണ്ഡുകുമാരന്റെ ജീവനപഹരിക്കാനെത്തിയ കാലനെ സംഹരിച്ച് ശ്രീമഹാദേവന്‍ അദ്ദേഹത്തിനു നിത്യയൗവനം നല്‍കി.
*മൃത്യുസംത്രാത മൃകണ്ഡു കുമാരം
മൃഡ മഖിലാഭീഷ്ട ദാനമന്ദാരം
– ഇരയിമ്മന്‍ തമ്പി, ദക്ഷയാഗം.
നിത്യയൗവനം കാലാതീതമായ അവസ്ഥയാണ്. അതു ആത്മജ്ഞാനസിദ്ധിയുമാകുന്നു.
Discussion about this post