ഡോ.അദിതി
മഹാഭാരത കഥയിലെ ഗൗതമന്‍. അഹല്യ, ഇന്ദ്രന്‍ എന്നിവര്‍ ബന്ധപ്പെട്ട ഒരു ഭാഗം പഠനവിധേയമാക്കിക്കൊണ്ടാണ് ഈ വിഷയം ഇവിടെ ചര്‍ച്ചചെയ്യുന്നത്.
ഒരിക്കല്‍ ഇന്ദ്രന്‍ ആകാശമാര്‍ഗ്ഗേണ പോകുമ്പോള്‍ ഗൗതമന്റെ ധര്‍മ്മദാരങ്ങളായ അഹല്യയെ ആശ്രമപരിസരത്തുകണ്ടു. ഉടന്‍ തന്നെ ഇന്ദ്രന്‍ ഒരു ബ്രഹാമണഭിക്ഷുവിന്റെ വേഷത്തില്‍ ഗൗതമന്റെ ആശ്രമത്തിലെത്തി. ഭിക്ഷയാചിച്ചെത്തിയ ആ ബ്രാഹ്മണനെ ഗൗതമന്‍ വേണ്ടും വിധം ഉപചരിച്ചു. അര്‍ഘ്യപാദ്യാതികള്‍ നല്‍കുകയും ആശ്രമാന്തര്‍ഭാഗത്ത് വിശ്രമിക്കാന്‍ ഇടം കൊടുക്കുകയും ചെയ്തു. ഭിക്ഷുവിനെ ഒരു സംരക്ഷകന്‍ എന്ന നിലയിലാണ് ഗൗതമന്‍ കണക്കാക്കിയത്. തന്റെ ആദിത്യമര്യാദ ഭിക്ഷുകനെ അത്യന്തം സന്തോഷപ്പിയ്ക്കുമെന്നും അയാള്‍ തന്നോട് മാന്യമായി പെരുമാറിക്കൊള്ളും എന്നും പാവം ഗൗതമന്‍ വിശ്വസിച്ചു.
എന്നാല്‍ പ്രച്ഛന്നവേഷധാരിയായ ഇന്ദ്രന്‍ ഗൗതമനെ ചതിച്ചു. അയാള്‍ ഗൗതമന്റെ ഭാര്യയോട് അന്യായമായി പെരുമാറി. അഹല്യയുടെ സൗന്ദര്യത്തില്‍ വിഭ്രാന്തി പൂണ്ട് അവളെ പ്രാപിക്കാന്‍ വേഷം മാറി വന്നിരിക്കുന്ന ഇന്ദ്രനാണ് ഇയാള്‍ എന്ന് ഗൗതമനറിഞ്ഞില്ല. പതിവ്രതയായ അഹല്യയ്ക്കുമേലുണ്ടായ പൈശാചികമായ അതിഥിയുടെ അതിക്രമത്തെ ആതിഥേയനായ ഗൗതമന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. തപോനിഷ്ഠനായ ഗൗതമന്‍ അതിഥിയെ തിരിച്ചറിഞ്ഞു. ഇന്ദ്രനെ അദ്ദേഹം ശപിച്ചു. ശാപം മൂലം ഇന്ദ്രന്‍ ജരാനരബാധിച്ച ഊര്‍ജ്ജം നഷ്ടപ്പെട്ട ആളായി മാറി. അക്ഷന്തവ്യമായ അപരാധം ചെയ്ത അതിഥിയെ ശപിച്ചതുകൊണ്ടുമാത്രം ഗൗതമന്റെ കോപമടങ്ങിയില്ല. നിരപരാധിയായ അഹല്യയെ ശിരഛേദം ചെയ്യാന്‍ പുത്രനായ ചിരകാരിക്ക് നിര്‍ദ്ദേശംകൊടുത്തശേഷം വനത്തിലേക്കു പോയി.
പ്രകൃതത്തിലരങ്ങേറിയ, സാത്വികയായ ഒരു സ്ത്രീയുടെ മേലുള്ള അതിക്രമവും, അധര്‍മ്മംകാട്ടിയവനും, അതിനുപാത്രമായവര്‍ക്കും കൊടുത്തശിക്ഷയുടെ ന്യായാന്യായ ചിന്തനമാണ്.
ഒരു അന്വേഷണവും തെളിവെടുപ്പും ഒന്നും കൂടാതെതന്നെ ഇന്ദ്രനെ കുറ്റക്കാരനെന്ന് പ്രഖ്യാപിക്കാം. ഒരു ബ്രാഹ്മണബ്രഹ്മചാരി എന്ന നിലയിലാണ് ഇന്ദ്രന്‍ ആശ്രമത്തിലെത്തിയതും വീട്ടിനുള്ളില്‍ പ്രവേശനം തരമാക്കിയതും. സംശുദ്ധമാനസനായ ഗൗതമന് ഇതിന്റെ പിന്നിലെ ചതി ഒരിക്കലും ഊഹിക്കുന്നതിനുപോലും കഴിയുമായിരുന്നില്ല. അദ്ദേഹം തികഞ്ഞ ആതിഥേയ മര്യാദകാണിച്ചു. ഏതുവിധേനയും വീട്ടിനുള്ളില്‍ കടക്കാന്‍ അവസരമൊപ്പിച്ച ഇന്ദ്രന്‍ ആതിഥ്യമര്യാദകളെ കാറ്റില്‍ പറത്തിക്കുകതന്നെ ചെയ്തു. ഇതില്‍കൂടുതല്‍ പാപം ഇത്തരുണത്തില്‍ ഒരുവന് ചെയ്യാന്‍ പറ്റുമോ? ഗൗതമന് ഇന്ദ്രനെ വേണമെങ്കില്‍ കൊല്ലാമായിരുന്നു. ആളിക്കത്തുന്ന കോപത്തിലും ഉരുകിവിറയുന്ന ദുഃഖത്തിലും ഗൗതമനിലെ മഹത്വം പൂര്‍ണ്ണമായി അസ്തമിച്ചിരുന്നില്ല. കടുത്തശിക്ഷ അര്‍ഹിക്കുന്ന ഇന്ദ്രന് കൊടുത്ത ശാപശിക്ഷ അയാള്‍ചെയ്തകുറ്റവുമായി തുലനപ്പെടുത്തിനോക്കുമ്പോള്‍ കുറഞ്ഞുപോയിരിക്കുന്നു. എന്നാലിവിടെ ശാപിത്തിലൂടെ ഇന്ദ്രന് എത്തിച്ചുകൊടുത്ത വാര്‍ദ്ധക്യം ഒരു പ്രതീകമാണ്. തിളക്കമാര്‍ന്ന യുവത്വവും തുളുമ്പുന്ന ഊര്‍ജ്ജവുമാണ് ഇന്ദ്രനെ അന്യായനിലയില്‍ തള്ളിവിട്ടത്. അതുകൊണ്ട് ഈ അടിച്ചേല്‍പ്പിക്കപ്പെട്ട വാര്‍ദ്ധക്യം മേലില്‍ ഇത്തരത്തിലുള്ള അക്രമങ്ങള്‍ക്ക് അയാള്‍ ശക്തനല്ലാതായിത്തീര്‍ന്നു. ഇനി ഇന്ദ്രന്‍ ഇത് ആരോടും ആവര്‍ത്തിക്കുകയില്ല എന്ന് ഗൗതമന് ആശ്വസിക്കാം. എന്നാലും ഗൗതമനോട് ചെയ്ത കുറ്റത്തിന് ഇത് ന്യായമായ ശിക്ഷ അല്ലതന്നെ!
കുറ്റക്കാരനായ ഇന്ദ്രന്‍ ശിക്ഷിക്കുന്നതില്‍ സംയമനം കാണിച്ച ഗൗതമന്‍ തന്റെ ഭാര്യയായ അഹല്യയായ ഭാര്യയോട് കാട്ടിയത് നീതീകരിക്കത്തക്കതാണോ? ഇന്ദ്രന്‍ കുറ്റക്കാരനാണെന്ന് നിരുപാധികം തെളിഞ്ഞിട്ടും അയാള്‍ക്കുപോലും നല്‍കാത്ത നിഷ്ഠൂരമായ ശിരഛേദമെന്ന ശിക്ഷ പരമസാത്വികയായ അഹല്യയ്ക്കു കൊടുത്തിരിക്കുന്നു. ഇതെങ്ങനെ ന്യായീകരിക്കും. ശിക്ഷവിധിച്ചതിനുശേഷം തിരിഞ്ഞുനോക്കാതെ ഗൗതമന്‍ വനത്തിലേക്കു പോകുകയും ചെയ്തു.
അഹല്യയെ ഗൗതമന്‍ സൗശീല്യംകൊണ്ടും സൗന്ദര്യംകൊണ്ടും തന്റെ നെഞ്ചകത്തിലുള്‍ക്കൊണ്ടിരുന്നു. ഇന്ദ്രനെ സംബന്ധിച്ചിടത്തോളം ഇത്തരം അന്യായങ്ങളുടെ ഒരു പട്ടികതന്നെ അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏടുകള്‍ മറിച്ചുനോക്കിയാല്‍ കാണാം. അതുകൊണ്ട് കുറ്റവാളി ഇന്ദ്രനാണെന്നറിഞ്ഞപ്പോള്‍ ഗൗതമന് അതില്‍ അതിശയം തോന്നിയില്ല. ഒരുപക്ഷേ വൃത്തികെട്ടവനെന്നോമറ്റോ ഒരു സങ്കല്പം ഗൗതമന് ഉണ്ടായിരുന്നിരിക്കാം. എന്നാല്‍, അഹല്യയെ സംബന്ധിച്ചിടത്തോളം അങ്ങനെയല്ല. മഹാനായ ഒരു ഋഷിപുംഗവന്റെ സംശുദ്ധയായ ധര്‍മ്മപത്‌നിയല്ലേ അവള്‍? അങ്ങനെയുള്ള പരമപാവനയായ അവള്‍ ഒരു വിടന്റെ നെറികേടിന് ഇടയായാല്‍ അത് ആരു സഹിക്കും? കളങ്കപ്പെട്ടുപോയ അവളെ ഗൗതമന്‍ ആത്യന്തികമായി ഉപേക്ഷിച്ചതാണ്. ആ ശിരഛേദ ഉത്തരവ് ഗൗതമന്റെ ഈ തീര്‍പ്പുകല്‍പ്പിക്കാന്‍ വികാര വിക്ഷോഭത്തിന്റെ അടിത്തറയിലുള്ള നഷ്ടബോധത്തിന്റെ ഒരു സന്തതി മാത്രമാണ്. സ്വന്തം പുത്രനായ ചിരകാരിയെയാണ് ഗൗതമന്‍ അഹല്യയുടെ ശിരഛേദത്തിന് ചുമതലപ്പെടുത്തിയത് എന്നത് ആശ്വാസത്തിന് വക നല്‍കുന്നു. വനത്തിലെത്തിയ ഗൗതമനില്‍ വീണ്ടുവിചാരം പൊന്തിവന്നു.
(ഭാഗം 2-ല്‍ തുടരും)
Discussion about this post