വാഷിങ്ടണ്‍: യു.എസ്. കോണ്‍ഗ്രസ്സിലേക്കുള്ള ഇടക്കാല തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ഡമോക്രാറ്റിക് പാര്‍ട്ടിക്ക് തിരിച്ചടി.ജനപ്രതിനിധി സഭയില്‍ പ്രതിപക്ഷ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് കേവഭൂരിപക്ഷം ലഭിച്ചു. ജനപ്രതിനിധി സഭയില്‍ 225 സീറ്റുകളാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേടിയത്. ഡെമോക്രാറ്റുകള്‍ക്ക് 150 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. 435 സീറ്റുകളിലേക്കും സെനറ്റിലെ 100 സീറ്റുകളിലേക്കും 39 സംസ്ഥാന ഗവര്‍ണര്‍ സ്ഥാനങ്ങളിലേക്കുമുള്ള തിരഞ്ഞെടുപ്പാണ് നടന്നത്.
സെനറ്റില്‍ ഒബാമയുടെ ഡെമോക്രാറ്റിക് പാര്‍ട്ടി ഭൂരിപക്ഷംനിലനിര്‍ത്തി. ഡമോക്രാറ്റുകള്‍ക്ക് 51 സീറ്റുകളും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 46 സീറ്റുകളുമാണ് ഇതുവരെ ലഭിച്ചത്. നിലവില്‍ സെനറ്റില്‍ ഒന്‍പതു പേരുടെയും ജനപ്രതിനിധി സഭയില്‍ 39 പേരുടെയും ഭൂരിപക്ഷമാണ് ഡമോക്രാറ്റിക് പാര്‍ട്ടിക്കുണ്ടായിരുന്നത്.
നാലു സമയ മേഖലകളിലായി വോട്ടെടുപ്പു പൂര്‍ത്തിയാവുമ്പോള്‍ ബുധനാഴ്ച ഉച്ചയാകും. പ്രസിഡന്റ് ഒബാമയുടെ ഭരണത്തിന്റെ വിലയിരുത്തലെന്ന് വിശേഷിപ്പിക്കപ്പെട്ട ഇടക്കാല തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ റിപ്പബ്ലിക്കന്‍ പാര്‍ട്ടി യു.എസ്. ജനപ്രതിനിധി സഭയുടെ നിയന്ത്രണം കൈയാളുമെന്നാണ് അഭിപ്രായ സര്‍വേഫലങ്ങള്‍ സൂചിപ്പിച്ചിരുന്നു.ജനപ്രതിനിധി സഭയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടാല്‍ അടുത്ത രണ്ടു വര്‍ഷത്തെ ഭരണത്തില്‍ ഒബാമയ്ക്ക് നിര്‍ണായക തീരുമാനങ്ങളെടുക്കുന്നതിന് അത് തടസ്സമാകും.
സര്‍വേഫലങ്ങള്‍ പ്രകാരം പ്രതിനിധിസഭാ സ്പീക്കര്‍ നാന്‍സി പെലോസിയുടെ ജനപ്രീതിയും ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. 26 ശതമാനം പേരുടെ പിന്തുണയേ നാന്‍സിക്കുള്ളൂ. ഇതിനുമുമ്പ് 1994-ലാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഡെമോക്രാറ്റുകളില്‍ നിന്ന് യു.എസ്. കോണ്‍ഗ്രസ്സിന്റെ നിയന്ത്രണം പിടിച്ചെടുത്തത്.
ജനപ്രതിനിധി സഭിയിലേക്ക് ആറ് ഇന്ത്യന്‍ വംശജരാണ് ഇക്കുറി മത്സരരംഗത്തുണ്ടായിരുന്നത്. മനാന്‍ ത്രിവേദി (പെന്‍സില്‍വാനിയ), അമി ബേര (കാലിഫോര്‍ണിയ), രാജ് ഗോയല്‍ (കന്‍സാസ), രവി സാങിസെട്ടി (ലൂസിയാന), സൂര്യ യെലമാഞ്ചില്‍ (ഒഹായിയോ), അശ്വിന്‍ ലാഡ്(ഇല്ലിനോയിസ്) എന്നിവരാണ് മത്സരിച്ചത്. ഇതില്‍ അശ്വിനൊഴിച്ച് ബാക്കി അഞ്ചുപേരും ഡമോക്രാറ്റിക് ടിക്കറ്റിലാണ് മത്സരിച്ചത്. എല്ലാവരും പരാജയപ്പെട്ടു. ദലീപ് സിങ് സോന്‍ഡ്, ബോബി പീയൂഷ് ജിന്‍ഡാല്‍ എന്നിവരാണ് ഇതിനു മുമ്പ് ജനപ്രതിനിധി സഭയിലെത്തിയ ഇന്ത്യാക്കാര്‍.
Discussion about this post