കൊച്ചി: കേരളത്തിന്റെ പ്രാദേശിക രുചിവൈവിധ്യത്തെ അതിന്റെ തനിമ നഷ്ടപ്പെടുത്താതെ ഗ്ളോബല്‍ വില്ലേജില്‍ അതവരിപ്പിക്കുകയാണ് വനിതാ സംരംഭകത്വത്തില്‍ നമ്മുടെ നാടിന്റെ മുഖശ്രീയായ കുടുംബശ്രീ. മലബാറിന്റെയും തിരുവതാംകൂറിന്റെയും തിരുകൊച്ചിയുടെയും തനത് വിഭവങ്ങള്‍ ഇവിടെ ‘കഫെകുടുംബശ്രീ’ എന്ന ബ്രാന്‍ഡിന്റെ തണലില്‍ സംഗമിച്ചിരിക്കുന്നു.
പരമ്പരാഗത വിഭവങ്ങളുടെ ഭക്ഷണശാലാ ശൃംഖലയായ കഫെകുടുംബശ്രീക്കു ഗ്ളോബല്‍ വില്ലേജിലെ ഫുഡ്പവലിയനില്‍ അഞ്ച് സ്റാളുകളാണുള്ളത്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള വിവിധ പ്രദേശങ്ങളില്‍ നിന്നെത്തിയിട്ടുള്ള കുടുംബശ്രീ പ്രവര്‍ത്തകര്‍ ഇവിടെയെത്തുന്ന അതിഥികള്‍ക്കായി തങ്ങളുടെ തനത് വിഭവങ്ങളൊരുക്കി കാത്തിരിക്കുകയാണ്. അവരുടെ കൈപ്പുണ്യം ആസ്വദിക്കാന്‍ മാത്രമല്ല, നാവില്‍ കൊതിയൂറുന്ന രുചികരവും ആരോഗ്യകരവുമായ വിഭവങ്ങളുടെ പാചകവിധികള്‍ പങ്കുവെക്കാനും സന്ദര്‍ശകര്‍ക്ക് ഇവിടെ സൌകര്യമൊരുക്കിയിട്ടുണ്ട്.
പാരമ്പര്യവും സംസ്കാരവുമായി ഇഴചേര്‍ന്നു നില്‍ക്കുന്നതും ഋതുഭേദങ്ങളനുസരിച്ച് ക്രമപ്പെടുത്തിയതുമായ ഭക്ഷണവിഭവങ്ങളാണ് കഫെകുടുംബശ്രീ സ്റാളിനെ വേറിട്ടതാക്കുന്നത്. കടലും കായലും പുഴയും മണ്ണും മലയും സമന്വയിച്ച കേരളത്തിന്റെ ഭൂപ്രകൃതി അതിന്റെ രുചിവൈവിധ്യങ്ങളായി ഇവിടെ അവതരിക്കുന്നു. മലബാറിലെ ചിക്കന്‍പൊള്ളിച്ചത്, ചിക്കന്‍ സുക്ക, ഹെര്‍ബല്‍ ചിക്കന്‍, ഓട്ടുപോള, തലശേരി ദംബിരിയാണി, ഉന്നക്കായ, പഴംനിറച്ചത്, മുട്ടമാല, കോഴിനിറച്ചത്, ചെമ്മീന്‍പുട്ട്, കോഴിപ്പുട്ട്, ഇറച്ചിപ്പുട്ട്, കോഴി വറുത്തരച്ച കറി എന്നിവയുടെ രുചി ആസ്വദിക്കാം. തൃശൂരിന്റെ കൈപ്പുണ്യം പതിഞ്ഞ ദോശകള്‍, പായസങ്ങള്‍, കോട്ടയത്തിന്റെ പിടിയും ഇറച്ചിയും, കപ്പബിരിയാണി, വറ്റിച്ചെടുത്ത നാടന്‍ മീന്‍കറി, തിരുവാംകൂറില്‍ നിന്ന് മലയോര വിഭവങ്ങളായ പുഴുക്കുകള്‍, ചമ്മന്തികള്‍, കായല്‍വിഭവങ്ങളായ താറാവ് കറി, കരിമീന്‍ വിഭവങ്ങള്‍, ചെമ്മീന്‍ വിഭവങ്ങള്‍ എന്നിവയും സ്റാളിലുണ്ട്.
എണ്ണയില്‍ പൊരിക്കാത്ത എത്തിനിക് സ്നാക്കുകളും ഔഷധഗുണമുള്ള ഫ്രഷ് ജ്യൂസുകളും ലഭ്യമാക്കുന്ന മിനികഫെ കഫെകുടുംബശ്രീ സ്റാളിലെ മുഖ്യ ആകര്‍ഷണമാണ്. ഔഷധിയുടെയും സംസ്ഥാന ഔഷധ സസ്യബോര്‍ഡിന്റെയും ദേശീയ ആംല മിഷന്റെയും പിന്തുണയോടെ കഫെകുടുംബശ്രീയുടെ റിസര്‍ച്ച് വിംഗ തയ്യാറാക്കിയ ഏഴ് തരം നെല്ലിക്ക ജ്യൂസുകളാണ് മിനികഫെയിലെ പ്രധാനവിഭവം. നെല്ലിക്കയും ഇന്ദുപ്പും ചേര്‍ത്ത് തയ്യാറാക്കിയ ഗ്രീന്‍ബെറി, നെല്ലിക്കനീരും മഞ്ഞള്‍ നീരും ചേര്‍ത്ത് തയ്യാറാക്കിയ ഡയബറ്റ് ബെറി, തേനും നെല്ലിക്കയും ചേര്‍ത്ത് തയ്യാറാക്കുന്ന ഹണി ബെറി, ക്യാരറ്റ് ബെറി, ബീറ്റ് ബെറി, തണ്ണിമത്തനും നെല്ലിക്കയും ചേര്‍ത്ത് കൂള്‍ബെറി എന്നീ ഫ്രെഷ് ജ്യൂസുകള്‍ മിതമായ വിലയില്‍ ഇവിടെ ലഭിക്കും. സംസ്ഥാനത്ത് നെല്ലിക്ക കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് കുടുംബശ്രീ നടത്തുന്ന ശ്രമത്തിന്റെ ഭാഗം കൂടിയാണ് ഈ വിഭവങ്ങള്‍.
ഭക്ഷണം കഴിക്കാന്‍ മാത്രമല്ല വീട്ടമ്മമാര്‍ക്ക് കുടുംബശ്രീയുടെ പാചകവിദഗ്ധരോട് പരിചയമില്ലാത്ത പാചകരീതികള്‍ ചോദിച്ചറിയാനും കിച്ചണില്‍ കയറി നേരിട്ട് കാണാനും പഠിക്കാനും ഇവിടെ സൌകര്യമുണ്ട്.
കേരളത്തില്‍ കുടുംബശ്രീക്കുള്ള 700 ഓളം കാറ്ററിംഗ് യൂണിറ്റുകളില്‍ നിന്നുള്ള വനിതകള്‍ക്ക് പടിപടിയായി പ്രത്യേക പരിശീലനം നല്‍കിയാണ് തൃശൂര്‍ കേന്ദ്രമാക്കി കഫെകുടുംബശ്രീ എന്ന ഭക്ഷ്യശാലാ ശൃംഖലക്ക് രൂപം നല്‍കിയിരിക്കുന്നത്. അഥേവ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഫുഡ് റിസര്‍ച്ച് ആന്റ് ഹോസ്പിറ്റിലിറ്റി മാനേജ്മെന്റ് (എഫ്രം) എന്ന കുടുംബശ്രീ സ്ഥാപനം പ്രഫഷനല്‍ ഫുഡ് പ്രിപ്പറേഷനിലും ഹൈജീന്‍ സാനിറ്റേഷന്‍, കോസ്റ്റ് കണ്‍ട്രോള്‍ മാനേജ്മെന്റ്, മാര്‍ക്കറ്റിംഗ്, എന്നിവയിലും ഇവര്‍ക്ക് പരിശീലനം നല്‍കുന്നു. ഹോട്ടല്‍ മാനേജ്മെന്റില്‍ ഫുഡ്ക്രാഫ്റ്റ് കോഴ്സ് ചെയ്ത പ്രൊഫഷണലുകളുടെ ടീമും ആയുര്‍വേദ ഡോക്ടര്‍മാരും പ്രകൃതിചികിത്സാ വിദഗ്ധരും പരമ്പരാഗത ചികിത്സകരും അടങ്ങിയ റിസര്‍ച്ച് വിഭാഗവും ഉള്‍പ്പെട്ടതാണ് ഈ വിഭാഗം. ഇത്തരത്തില്‍ പോഷകമൂല്യവും ഗുണമേന്‍മയും ഉറപ്പു വരുത്തിയതാണ് കഫെ കുടുംബശ്രീയുടെ വിഭവങ്ങള്‍. ഓരോ മേഖലക്കും മൂന്നു ദിവസം വീതം പ്രാതിനിധ്യം ലഭിക്കുന്ന വിധത്തിലാണ് സ്റാള്ില്‍ പ്രാദേശിക ഭക്ഷ്യവിഭവങ്ങള്‍ ഒരുക്കുന്നത്. സ്റാളിലെ വില്‍പനയില്‍ നിന്ന് ലഭിക്കുന്ന വരുമാനം പൂര്‍ണമായും അതാത് കുടുംബശ്രീകള്‍ക്കുള്ളതാണ്. കഫെ കുടുംബശ്രീയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായ കെ പി അജയ്കുമാറാണ് സ്റാളുകളുടെ നടത്തിപ്പിന് ചുക്കാന്‍ പിടിക്കുന്നത്.
കഫെ കുടുംബശ്രീയുടെ സ്റാളിന് പുറമേ എറണാകുളത്തെയും മറ്റ് സമീപ ജില്ലകളിലെയും കുടുംബശ്രീ യൂണിറ്റുകള്‍ സ്വന്തം നിലയില്‍ നടത്തുന്ന സ്റാളുകളും ഫുഡ് പവിലിയനില്‍ ഭക്ഷണ പ്രിയര്‍ക്ക് ആതിഥേയത്വം വഹിക്കുന്നുണ്ട്.
Discussion about this post