Sunday, June 22, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

അയ്യപ്പന്‍പാട്ടിന്റെ പൊരുള്‍ തേടുമ്പോള്‍

by Punnyabhumi Desk
Jan 4, 2013, 04:00 am IST
in സനാതനം

ടി.പി.ശാസ്തമംഗലം

ഏതനുഷ്ഠാനകലകളുടെയും ആത്യന്തികലക്ഷ്യം ഭക്തിയാണ്. ഇഷ്ടദൈവത്തെ ആരാധിക്കാനുള്ള ഭക്തരുടെ അഭിവാഞ്ഛയില്‍ നിന്നാണ് അതുണ്ടാവുന്നത്. എന്നാല്‍ സംസ്‌കാരത്തിന്റെ മൂലസ്രോതസ്സായി അതിനെ പരിഗണിക്കുന്നതില്‍ തെറ്റില്ല. പ്രാക്തനമനുഷ്യന്‍ അവന്റെ ആര്‍ജിതാനുഭവങ്ങളും സങ്കല്പങ്ങളുമെല്ലാം ആവിഷ്‌കരിച്ചത് അനുഷ്ഠാനകലയുടെ പ്രതിഫലനമെന്നു പറയാവുന്ന നാടന്‍പാട്ടുകളിലൂടെയാണ്.

കേരളത്തില്‍ ഇപ്പോഴും പ്രചാരത്തിലുള്ള അയ്യപ്പന്‍പാട്ടുകള്‍ മണ്ഡലകാലത്തും മകരവിളക്കുകാലത്തും മല ചവിട്ടുന്ന അസംഖ്യം അയ്യപ്പഭക്തരുടെ പൂര്‍വസൂരികള്‍ വളരെക്കാലം മുമ്പേ വായ്ത്താരിയിലൂടെ പകര്‍ന്നുതന്നതാവാം. തനി കേരളീയമാണ് ഈ നാടോടിപ്പാട്ട്. അയ്യപ്പന്‍കാവുകളിലോ ക്ഷേത്രങ്ങളിലോ ഗൃഹങ്ങളിലോ ഇതു പാടുന്നു. ഗുരുസ്വാമിയാണ് പാട്ടിനു നേതൃത്വം വഹിക്കുക. അലങ്കരിച്ച പന്തലില്‍ അയ്യപ്പപൂജ നടത്തിയതിനു ശേഷമാണ് പാട്ടുപാടുക. ഉടുക്കും കൈമണിയുമാണ് വാദ്യോപകരണങ്ങളായി ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെയാവാം ചില സ്ഥലങ്ങളില്‍ ഇതു ഉടുക്കുപാട്ടായി അറിയപ്പെടുന്നത്.

ഉടുക്ക് ഒരു കേരളീയ ചര്‍മ്മവാദ്യം എന്നതു ശരിതന്നെ. പരമശിവനുമായി ബന്ധപ്പെട്ട ഈ സംഗീതോപകരണം എങ്ങനെ അയ്യപ്പന്‍പാട്ടിന്റെ പക്കമേളമായി എന്നു വ്യക്തമല്ല. ശിവന്റെ പ്രദോഷന്യത്തസമയത്ത് ഉടുക്കില്‍ നിന്ന് ഉതിര്‍ന്ന നാദതരംഗങ്ങളാണ് സംസ്‌കൃതഭാഷയുടെ അക്ഷരപ്രപഞ്ചത്തിന്റെ മൂലധ്വനി എന്നാണ് ഐതിഹ്യം. ശിവന്റെ ഇഷ്ടപ്പെട്ട വാദ്യമാണ് ഉടുക്കെന്ന സങ്കല്പവുമുണ്ട്. എന്തായാലും അയ്യപ്പന്‍പാട്ടിന് ഒഴിവാക്കാന്‍ വയ്യാത്ത ഒന്നായി മാറിയിട്ടുണ്ട് ഉടുക്ക്.

ayyappan pattuഅയ്യപ്പന്‍പാട്ട് ആരംഭിക്കുന്നത് ഇഷ്ടദേവതാവന്ദനത്തോടുകൂടിയാണ്. ഗണപതി, സരസ്വതി, സുബ്രഹ്മണ്യന്‍ തുടങ്ങിയവരെ വന്ദിച്ചു പാടിയശേഷം അയ്യപ്പസ്തുതികള്‍ തുടങ്ങും. ശാസ്താവിനെക്കുറിച്ചു പാടുന്നതിനാല്‍ ശാസ്താംപാട്ട് എന്നും ഇതിന് പേരുണ്ട്. ശാസ്താവിന്റെ ഉത്പത്തി, പാലാഴിമഥനം, ശൂര്‍പ്പാസുരകഥ, ശൂരപദ്മാസുരകഥ തുടങ്ങിയവ അയ്യപ്പന്‍പാട്ടുകളില്‍ മുഖ്യപ്രതിപാദ്യമാണ്.

അയ്യപ്പനെക്കുറിക്കുന്നതിനു മലയാളി എന്ന വാക്കാണ് മിക്ക പാട്ടുകളിലും ഉപയോഗിച്ചിരിക്കുന്നത്. പാണ്ടിശ്ശേവം, പുലിശ്ശേവം, ഇളവരശ്ശേവം, വേളിശ്ശേവം, ഈഴശ്ശേവം, പന്തളശ്ശേവം, വേളാര്‍ശ്ശേവം എന്നിങ്ങനെ ഏഴു ഭാഗങ്ങളായി അയ്യപ്പന്റെ ജീവിതകഥ വര്‍ണിച്ചിരിക്കുന്നു. (സേവ എന്ന സംസ്‌കൃതപദത്തിന്റെ തത്ഭവമാണ് ശേവം). പുലിശ്ശേവത്തില്‍ നിന്നൊരു ഭാഗം ശ്രദ്ധിക്കുക.

ആഹോയെന്നുരചെയ്തു
നടകൊണ്ടാന്‍ മലയാളി
ഇവിടെങ്ങാന്‍ കരിംപുലി
പെറ്റുകിടപ്പുണ്ടോ?
കരിഞ്ചോലത്തടത്തിലൊരു
കരിംപുലി കിടപ്പുണ്ട്
അയ്യനെ കണ്ടു കരിംപുലിയപ്പോഴേ
കണ്ണൊന്നുരുട്ടിപ്പുലിവാല്‍ കയറ്റുന്നു

കാലഗണനയില്‍ അയ്യപ്പന്‍പാട്ട് യാത്രകളിയെക്കാള്‍ പുരാതനമാണെന്നു വാദമുണ്ട്. വൃശ്ചികം ഒന്നാം  തീയതി ആരംഭിക്കുന്ന മണ്ഡലവ്രതകാലം തൊട്ട് തുടങ്ങുന്നു അയ്യപ്പന്‍പാട്ടിന്റെ അവതരണം. വീട്ടുമുറ്റത്ത് വലിയ പന്തല്‍ നിര്‍മ്മിക്കും. അറവാതിലിനു നേരെ പീഠങ്ങള്‍ വയ്ക്കാന്‍ ഒരു ചെറുപന്തല്‍ ഉണ്ടായിരിക്കും. കുരുത്തോലകൊണ്ട് ഈ ചെറുപന്തല്‍ അലങ്കരിച്ചിരിക്കും. ഗുരുസ്വാമിയും പരികര്‍മ്മിയും മറ്റുള്ളവരും വന്നുചേര്‍ന്നാലുടന്‍ പന്തലില്‍ പീഠംവയ്ക്കുന്ന ചടങ്ങാണ്. ഗണപതി, സുബ്രഹ്മണ്യന്‍, മാൡകപ്പുറത്തമ്മ, അയ്യപ്പന്‍ (ശാസ്താവ്), കടുത്ത, വാവര് തുടങ്ങി പല ദേവതമാരെയും സങ്കല്പിച്ച് രണ്ടുനിരയായി പീഠം  വയ്ക്കുന്നു. ഏഴ് അല്ലെങ്കില്‍ ഒമ്പത് ദേവതകള്‍ എന്ന കണക്കിലാണ് പീഠം വയ്ക്കുന്നത്. ഓരോ പീഠത്തിനു മുമ്പിലും വിളക്കുവച്ച് അവല്‍, മലര്‍, ശര്‍ക്കര, നാളികേരം തുടങ്ങിയവ ഗുരുസ്വാമി നിവേദിക്കും. ആ സമയത്തെല്ലാം അയ്യപ്പഭക്തന്മാര്‍ ശരണം വിളിക്കും. പീഠം വച്ച് ആദ്യത്തെ പൂജകഴിക്കുന്നതും അയ്യപ്പന്‍പാട്ട് തുടങ്ങുകയായി. അയ്യപ്പന്റെ ജനനം മുതല്‍ ശബരിമല പ്രതിഷ്ഠവരെയുള്ള കഥകള്‍ ഉടുക്കുകൊട്ടിപ്പാടും. ഓരോ പാട്ടിന്റെയും അവസാനം ശരണം വിളിയുണ്ടാവും.

ചെമ്പരത്തി എന്ന ചലച്ചിത്രത്തില്‍ അയ്യപ്പന്‍പാട്ടിന്റെ മാതൃകയില്‍ ഒരു ഗാനം ഉള്‍പ്പെടുത്തിയിട്ടുണ്ട്. വയലാര്‍ രാമവര്‍മ്മ എഴുതി ജി.ദേവരാജന്‍ ചിട്ടപ്പെടുത്തി യേശുദാസും കൂട്ടരും പാടി അനശ്വരമാക്കിയ ഗാനം ഇങ്ങനെ ആരംഭിക്കുന്നു.

ശരണമയ്യപ്പാ! സ്വാമി ശരണമയ്യപ്പ!
ശബരിഗിരിനാഥാ സ്വാമി
ശരണമയ്യപ്പാ!
മണ്ഡലം നൊയമ്പു നോറ്റു
അക്ഷരലക്ഷം മന്ത്രങ്ങള്‍ ഉരുക്കഴിച്ചു
പുണ്യപാപച്ചുമടുകളാം
ഇരുമുടിക്കെട്ടുമേന്തി
പൊന്നമ്പലമല ചവിട്ടാന്‍
വരുന്നു ഞങ്ങള്‍

എത്ര ഹൃദമായ വരികളാണെന്നു നോക്കുക. ഏതൊരു ഭക്തനും ഏറ്റുപാടിപ്പോകുന്ന വരികള്‍! മല കയറാന്‍ അയ്യഭക്തന്മാര്‍ വരുന്നതെങ്ങനെ എന്ന് (വരേണ്ടതെങ്ങനെയെന്നും) വ്യക്തമാക്കുകയാണ് ഗാനരചയിതാവ്. അക്ഷരലക്ഷം മന്ത്രങ്ങള്‍ ഉരുക്കഴിക്കുന്നതിനു ഏറ്റവും അനുയോജ്യമായ കാലയളവാണല്ലോ വൃശ്ചിക മാസം 1-ാം തീയതി മുതലുള്ള 41 ദിവസങ്ങള്‍. ഇരുമുടിക്കെട്ടിനു വയലാര്‍ കൊടുത്ത ഭാഷ്യവും നന്നായിട്ടുണ്ട്. പുണ്യവും പാപവും രണ്ടും ഇറക്കിവയ്ക്കാനുള്ളതാണല്ലോ അയ്യപ്പസന്നിധാനം.

സ്വാമിശരണം-അയ്യപ്പശരണം
സ്വാമിശരണം-അയ്യപ്പശരണം
സ്വാമിയേ ശരണം!
പമ്പയില്‍ കുളിച്ചു തോര്‍ത്തി-
ഉള്ളിലുറങ്ങും
അമ്പലക്കിളിയെയുണര്‍ത്തി
പൊള്ളയായൊരുടുക്കുമായ്
പേട്ടതുള്ളിപ്പാട്ടുപാടി
പതിനെട്ടാം പടിചവിട്ടാന്‍
വരുന്നു ഞങ്ങള്‍

അയ്യപ്പനു പ്രിയപ്പെട്ട വാദ്യോപകരണമാണ് ഉടുക്ക് എന്ന് അറിയാവുന്ന കവിയുടെ തന്മയത്വമാര്‍ന്ന പ്രയോഗം ഇവിടെ കാണാം. സ്വാമി അയ്യപ്പന്‍ എന്ന ചിത്രത്തിനു വേണ്ടി വയലാറിന്റെ തൂലിക തന്നെ, ശബരിമലയില്‍ തങ്കസൂര്യോദയം-ഈ സംക്രമപ്പുലരിയില്‍ അഭിഷേകം ഭക്തകോടി തേടിയെത്തും സന്നിധാനത്തില്‍
വന്നെത്തുമെന്റെ ഹൃദയവും ഉടുക്കും കൊട്ടി എന്നെഴുതിയതുകൂടി ഈ അവസരത്തില്‍ നാം ഓര്‍ക്കേണ്ടതുണ്ട്. ഹൃദയം ഉടുക്കായിമാറുന്നു ഈ ഗാനത്തില്‍. വയലാറിനു മാത്രം കഴിയുന്ന ഭാവന! ശ്രീകോവില്‍ തിരുനടയിങ്കല്‍ കര്‍പ്പൂരമലകള്‍ കൈക്കൂപ്പി തൊഴുതുരുകുമ്പോള്‍ പദ്മരാഗപ്രഭവിടര്‍ത്തും തൃപ്പാദങ്ങള്‍ ചുംബിക്കും.

കൃഷ്ണതുളസിപ്പൂക്കളാകാന്‍ വരുന്നു ഞങ്ങള്‍ എന്ന വരികളോടെയാണ് ചെമ്പരത്തിയിലെ ഗാനം സമാപിക്കുന്നത്. ഈ ഗാനത്തിലെഏറ്റവും ചേതോഹരമായ വരികളാണിവ. ശ്രീകോവിലിനു മുമ്പില്‍ അയ്യപ്പഭക്തര്‍ കൊണ്ടിടുന്ന കര്‍പ്പൂരം മലകളായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു. അവ കൈകൂപ്പി സ്വയം ഉരുകുകയാണത്രേ. കര്‍പ്പൂരമലകളുടെ ആകൃതി കൂപ്പുകൈയ്ക്കു സമാനമായിരിക്കും. കര്‍പ്പൂരമാകട്ടെ സ്വയമുരുകുന്ന സ്വഭാവമുള്ളതാണുതാനും. എന്നാല്‍ കര്‍പ്പൂരമലകള്‍ പോലും തൊഴുതുരുകുകയാണെന്ന കല്പന ശബരിഗിരീശന്റെ ചൈതന്യത്തിനു മാറ്റു കൂട്ടുന്നു.

ശബരിമലസന്നിധാനം പൂകുന്ന ഭക്തരുടെ എണ്ണം വര്‍ഷം കഴിയുന്തോറും വര്‍ധിക്കുകയാണ്. വീണ്ടും വീണ്ടും മലചവിട്ടാനുള്ള ഒരു പ്രേരണ ഏതൊരു ഭക്തനിലും ഉളവാകുന്നുണ്ട്. യാത്രയ്ക്കു വിഘ്‌നം വരാതിരിക്കാന്‍ കൂടിയാണ് അയ്യപ്പന്‍പാട്ടുകള്‍ വ്രതകാലത്തു പാടുന്നത്. ശരണം വിളിപോലെതന്നെ പ്രധാനമാണ് ഭക്തര്‍ക്ക് അയ്യപ്പന്‍പാട്ടിന്റെ ആലാപനവും. തലമുറകളില്‍ നിന്നു തലമുറകളിലേക്കു പകര്‍ന്നുകിട്ടിയ അതിന്റെ ശീലുകള്‍ക്ക് താളപ്പിഴവരാതെയും ശ്രുതിഭംഗം വരാതെയും നോക്കാനുള്ള ബാധ്യത എന്തായാലും നമുക്കുണ്ട്.

ShareTweetSend

Related News

സനാതനം

ശിവരാത്രി മഹോത്സവം

സനാതനം

അഖണ്ഡ നാമജപം മുഴങ്ങുന്ന അഭേദാശ്രമം നാമവേദി

സനാതനം

ഭാരതത്തില്‍ ദീപാവലി ആഘോഷത്തിന്റെ പ്രസക്തി

Discussion about this post

പുതിയ വാർത്തകൾ

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ ജൂണ്‍ 19 ന് വോട്ടെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍; വോട്ടെണ്ണല്‍ ജൂണ്‍ 23ന്

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരും

പിണറായി വിജയന് പിറന്നാളാശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കാലവര്‍ഷം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ; രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies