തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി ദേശീയ തിരഞ്ഞെടുപ്പു കമ്മിഷന്‍ സംസ്‌ഥാനത്തെ വോട്ടര്‍ പട്ടിക പുതുക്കുന്നു. അടുത്ത ജനുവരി ഒന്നിനോ, അതിനു മുന്‍പോ 18 വയസ്സു പൂര്‍ത്തിയാകുന്നവര്‍ക്കും ഇതുവരെ പേരു ചേര്‍ക്കാത്തവര്‍ക്കും പട്ടികയില്‍ പേരു ചേര്‍ക്കാം. നിലവിലുള്ള പട്ടികയില്‍ തിരുത്തല്‍ വരുത്താനും സ്‌ഥലം മാറിപ്പോയവര്‍ക്കു പുതിയ സ്‌ഥലത്തു പേരു ചേര്‍ക്കാനും അവസരം ലഭിക്കും. നാളെ കരടു വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. കലക്‌ടറേറ്റുകള്‍, താലൂക്ക്, വില്ലേജ് ഓഫിസുകള്‍ എന്നിവിടങ്ങളിലും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ വെബ് സൈറ്റിലും ഇതു പരിശോധനയ്‌ക്കു ലഭിക്കും. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ വെബ് സൈറ്റ് ceo.kerala.gov.in
ഈ പട്ടികയില്‍ പേരുണ്ടോയെന്ന് എല്ലാവര്‍ക്കും പരിശോധിച്ച് ഉറപ്പു വരുത്താം. നാളെ മുതല്‍ 21 വരെ പട്ടികയില്‍ പേരു ചേര്‍ക്കാനും തെറ്റു തിരുത്താനും മറ്റും അപേക്ഷിക്കാം. നിശ്‌ചിത ഫോമില്‍ താലൂക്ക്, വില്ലേജ് ഓഫിസുകളില്‍ അപേക്ഷ നല്‍കണം. ഇതു കൂടാതെ, അതതു സ്‌ഥലത്തെ പോളിങ് ബൂത്തുകളില്‍ ഈ മാസം 13,14,20,21 തീയതികളില്‍ രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചു വരെ ബൂത്തുതല ഉദ്യോഗസ്‌ഥരുടെ സഹായത്തോടെ അപേക്ഷ സ്വീകരിക്കാന്‍ പ്രത്യേക സംവിധാനം ഉണ്ടാവും. ജനുവരി അഞ്ചിന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും.
Discussion about this post