ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബസ്സില്‍ കൂട്ടമാനഭംഗത്തിനിരയായി യുവതി മരിച്ച കേസില്‍ പ്രതികളുടെ വിചാരണ രഹസ്യമായി നടത്താന്‍ സാകേതിലെ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേട്ട് കോടതിയുടെ ഉത്തരവിട്ടു. വിചാരണ സമയത്ത് സ്പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടറും പ്രതികള്‍ക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകരും മാത്രമേ കോടതി മുറിയില്‍ ഉണ്ടാകാവൂ എന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കോടതിയുടെ അനുമതിയില്ലാതെ മാധ്യമങ്ങള്‍ക്ക് വാര്‍ത്തകള്‍ നല്‍കരുതെന്നും കോടതി നിര്‍ദേശിച്ചു. പ്രതികള്‍ക്ക് കോടതി കുറ്റപത്രം നല്‍കി. അതിനിടെ പ്രതികള്‍ക്കായി കേസ് വാദിക്കാന്‍ തയ്യാറായ അഭിഭാഷകരും അതിനെ എതിര്‍ത്ത അഭിഭാഷകരും തമ്മില്‍ വാക്കേറ്റമുണ്ടായി. പ്രതികള്‍ക്കായി വാദിക്കാന്‍ തയ്യാറായ അഭിഭാഷകരെ വനിതാ അഭിഭാഷകര്‍ വളഞ്ഞുവെച്ചു.
ജുഡീഷ്യല്‍ റിമാന്‍ഡില്‍ കഴിയുന്ന പവന്‍ഗുപ്ത, വിനയ്ശര്‍മ മാപ്പുസാക്ഷികളാകാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ബസ്സിലെ ഡ്രൈവറായ രാംസിങ്, സഹോദരന്‍ മുകേഷ് എന്നിവര്‍ കേസില്‍ നിയമസഹായം തേടി.പ്രതികളുടെ റിമാന്‍ഡ് കാലാവധി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേട്ട് ജ്യോതി ക്ലേര്‍ ജനവരി 19 വരെ നീട്ടി. കേസ് വീണ്ടും ജനവരി പത്തിന് പരിഗണിക്കും. ആറുപ്രതികളാണ് കേസിലുള്ളത്.
Discussion about this post