പത്തനംതിട്ട: ശബരിമല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ വിപുലമായ സുരക്ഷാ സംവിധാനവും തീര്‍ഥാടക സൌകര്യങ്ങളും ഏര്‍പ്പെടുത്തും. പത്തനംതിട്ട ജില്ലാ കളക്ടര്‍ വി.എന്‍.ജിതേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം. യോഗം അവസാനഘട്ട ഒരുക്കങ്ങള്‍ വിലയിരുത്തി.
മകരവിളക്ക് ദര്‍ശനത്തിന് ജനങ്ങള്‍ ഒത്തുചേരുന്ന ആറ് സ്ഥലങ്ങളില്‍ ഡിവൈഎസ്പിമാരുടെ ചുമതലയില്‍ പോലീസ് സംഘത്തെ വിന്യസിക്കുന്നതോടൊപ്പം ഈ സ്ഥലങ്ങളില്‍ ബാരിക്കേഡ്, ആംബുലന്‍സ്, അസ്കലൈറ്റ് തുടങ്ങിയ സംവിധാനങ്ങള്‍ പോലീസ് ഒരുക്കും. നിലയ്ക്കല്‍ പാര്‍ക്കിംഗ് ഗ്രൌണ്ടില്‍ ശാസ്ത്രീയമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യും. ഇതിനായി 150 ട്രാഫിക് വാര്‍ഡന്‍മാരെ താത്കാലികമായി പോലീസ് നിയമിക്കും. പ്ളാപ്പള്ളി- വടശേരിക്കര റൂട്ടില്‍ വണ്‍വേ സംവിധാനം ഫലപ്രദമായി നടപ്പാക്കും.
തിരുവാഭരണ ഘോഷയാത്രയുമായി ബന്ധപ്പെട്ട് 200 പോലീസുകാര്‍ അടങ്ങുന്ന സുരക്ഷാ പദ്ധതി നടപ്പാക്കും. മകരവിളക്ക് ദര്‍ശനത്തിന് തീര്‍ഥാടകര്‍ എത്തുന്ന പഞ്ഞിപ്പാറ, നെല്ലിമല, അയ്യന്‍മല, ഇലവുങ്കല്‍, ഹില്‍ടോപ് എന്നിവിടങ്ങളിലും വിപുലമായ സൌകര്യങ്ങള്‍ ഒരുക്കും. ഈ സ്ഥലങ്ങളില്‍ വെളിച്ചമെത്തിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്.
Discussion about this post