കാശ്മീര്‍: ജമ്മു കാശ്മീരില്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ സൈനികര്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട ഒരു സൈനികന്റെ മൃതദേഹം പാക് സൈനികര്‍ വികൃതമാക്കിയതായി ഇന്ത്യന്‍ സൈന്യം അറിയിച്ചു. ലാന്‍സ് നായിക് സുധാകര്‍ സിംഗ്,ഹേംരാജ് എന്നിവരെയാണ് പാകിസ്ഥാന്‍ വധിച്ചത്. സോണാ ഗാലിയിലെ സൈനിക പോസ്റ്റിലാണ് പാക് സൈനികര്‍ ആക്രമണം നടത്തിയത്. അരമണിക്കൂറോളം ഇരുപക്ഷവും തമ്മില്‍ വെടിവെയ്പ്പ് നടന്നതായി ഇന്ത്യന്‍ സൈന്യം അറിയിച്ചു. പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ കരാര്‍ ലംഘനമാണ് ഉണ്ടായിരിക്കുന്നതെന്നും സൈന്യം അറിയിച്ചു.
എന്നാല്‍ വെടിവെയ്പ്പ് നടത്തിയിട്ടില്ലെന്ന് പാക് സൈനിക മേധാവി അഷ്‌റഫ് പര്‍വേസ് കയാനി പറഞ്ഞു. ഏത് സാഹചര്യത്തേയും നേരിടാന്‍ തയ്യാറാണ്. ഇന്ത്യന്‍ സൈനികരുടെ ആക്രമണത്തില്‍ ഒരു പാക് സൈനികന്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് പാകിസ്ഥാന്‍ കുറ്റപ്പെടുത്തി. എന്നാല്‍ ഇന്ത്യന്‍ സൈന്യം ഈ വാര്‍ത്ത നിഷേധിച്ചു. നിയന്ത്രണ രേഖയ്ക്ക് അടുത്തുളള ഉറി മേഖലയില്‍ ഞായറാഴ്ച്ചയും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ ആക്രമണം നടത്തിയിരുന്നു.
Discussion about this post