കണ്ണൂര്‍: പങ്കാളിത്ത പെന്‍ഷനെതിരെ ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍ നടത്തുന്ന സമരം അഞ്ചാം ദിവസത്തില്‍. സമരം നടത്തുന്നവരെ ചര്‍ച്ചയ്ക്ക് വിളിച്ച് അവഹേളിക്കപ്പെടാനില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അക്രമം നടത്തുന്നത് സമരം പരാജയപ്പെട്ടതിനാലാണ്. നേതാക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും തന്നെ വന്ന് കാണാം. എന്നാല്‍ സമരക്കാരോട് പുതുതായി ചര്‍ച്ച ചെയ്യാന്‍ ഒന്നുമില്ല. പങ്കാളിത്ത പെന്‍ഷനുമായി ബന്ധപ്പെട്ടുള്ള എന്ത് ആശങ്കകളും പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സമരം ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ പ്രകോപനപരമായാണ് പെരുമാറുന്നതെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചുര്‍ പറഞ്ഞു. നൂറ് ശതമാനം ആത്മസംയമനം പാലിച്ചാണ് പോലീസ് അക്രമത്തെ നേരിടുന്നത്. സമരത്തിനിടെ കെഎസ്‌യുക്കാര്‍ അക്രമം നടത്തിയെങ്കില്‍ നടപടിയെടുക്കേണ്ടത് കെഎസ്‌യു നേതൃത്വമാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
ജീവനക്കാരുമായി ധനമന്ത്രി കെ.എം മാണി കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. സമരം തുടരുമെന്ന് ചര്‍ച്ചയ്ക്കുശേഷം സമരസമിതി വ്യക്തമാക്കി. ഇതിനു ശേഷമാണ് ഞായറാഴ്ച മുഖ്യമന്ത്രിയുമായി വീണ്ടും ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്. പങ്കാളിത്ത പെന്‍ഷന്‍ ഏപ്രില്‍ മാസം മുതല്‍ നടപ്പാക്കുമെന്നും ആശങ്കകള്‍ ചൂണ്ടിക്കാണിച്ചാല്‍ തുറന്ന മനസോടെ ചര്‍ച്ച ചെയ്യാന്‍ തയാറെന്നും ചര്‍ച്ചക്കു ശേഷം മാണി പറഞ്ഞു.
അതേസമയം സര്‍ക്കാര്‍ ജീവനക്കാരുടെ സമരം അനാവശ്യമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. രാഷ്ട്രീയ ദുഷ്ടലാക്കോടെയാണ് സമരം. സമരത്തിന് ജീവനക്കാരുടെയോ ജനങ്ങളുടെയോ പിന്തുണയില്ലെന്നും ചെന്നിത്തല പറഞ്ഞു. അനാവശ്യ സമരത്തിനെതിരെ ജനങ്ങളെ ബോധവാന്മാരാക്കുന്നതിനായി കെപിസിസിയുടെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മ നടത്തുമെന്നും ചെന്നിത്തല പറഞ്ഞു.
Discussion about this post