സത്യാനന്ദപ്രകാശം-3
ഡോ. പൂജപ്പുര കൃഷ്ണന്‍നായര്‍
അറിവിന്റെയും വാഗ്മിതയുടെയും അക്ഷയഖനി
സ്വാമി വിവേകാനന്ദന്‍ ശ്രദ്ധിക്കപ്പെട്ടത് ചിക്കാഗോ പ്രസംഗത്തോടെയാണ്. അതിനുമുമ്പ് ഖേത്രി മഹാരാജാവ്, രാമനാട്ട് രാജാവായ ഭാസ്‌കരസേതുപതി തുടങ്ങി വളരെ കുറച്ചുപേര്‍ മാത്രമേ ആ മഹാപ്രതിഭയെ തിരിച്ചറിഞ്ഞിരുന്നുള്ളു. ശ്രീഹനുമാന്‍ ശ്രദ്ധിക്കപ്പെടുന്നത് പമ്പാസരസ്സിന്‍ തീരത്തുവച്ച് ശ്രീരാമനോടുചെയ്ത സംഭാഷണത്തിലൂടെയാണെന്നു പ്രസിദ്ധമാണ്. രണ്ടു മഹാപുരുഷന്മാരുടെയും തുടക്കങ്ങള്‍ക്കു തമ്മില്‍ വലിയ സാദൃശ്യമുണ്ട്. അടിച്ചമര്‍ത്തപ്പെട്ടുപോയ വലിയൊരു സംസ്‌കൃതിയുടെ പ്രാര്‍ത്ഥനകളും പ്രതീക്ഷകളുമാണ് വിവേകാനന്ദനു പിന്നില്‍ അണിയിട്ടത്. അടിച്ചമര്‍ത്തപ്പെട്ട ധാര്‍മ്മിക സമ്പത്തിന്റെ പ്രാര്‍ത്ഥനകള്‍ ശ്രീഹനുമാനും പശ്ചാത്തലമായുണ്ടായിരുന്നു. അറിവിന്റെ കാര്യത്തില്‍ രണ്ടുപേരും അദ്വിതീയരായിരുന്നു. പ്രപഞ്ച തേജസ്സായ ആദിത്യഭഗവാനില്‍ നിന്നായിരുന്നു ഹനുമാന്‍ വിദ്യ അഭ്യസിച്ചതെങ്കില്‍ പരമാത്മസാക്ഷാത്കാരം നേടിയ ആദ്ധ്യാത്മികാദിത്യനായിരുന്നു – ശ്രീരാമകൃഷ്ണദേവനായിരുന്നു – സ്വാമി വിവേകാനന്ദന്റെ ഗുരു. അതേവിധമുള്ള ഗുരുക്കന്മാരെയും അതേവിധമുള്ള ശിഷ്യരെയും കണ്ടെത്തുക എളുപ്പമല്ല. ആചാര്യന്മാരുടെ സമ്പൂര്‍ണ്ണ തേജസ്സ് അവരില്‍ ജ്വലിച്ചുനിന്നു. ഗുരുഭക്തിയുടെ കാര്യത്തിലും അവര്‍ അന്യാദൃശരായിരുന്നു. ഗുരുദക്ഷിണയായി സൂര്യപുത്രനായ സുഗ്രീവന്റെ സാചിവ്യം ഏറ്റെടുത്തയാളാണു ഹനുമാന്‍. ജീവിതകാലം മുഴുവന്‍ നിര്‍വഹിക്കേണ്ട ചുമതലയായിരുന്നു അത്. സമര്‍ത്ഥമായി അതു അദ്ദേഹം നിറവേറ്റുകയും ചെയ്തു. ഗുരുനാഥനേല്പിച്ച ദൗത്യം നിര്‍വഹിക്കാന്‍ ജീവിതം ഉഴിഞ്ഞുവച്ചയാളാണു സ്വാമി വിവേദകാനന്ദനും. അത് അദ്ദേഹം നിര്‍വഹിച്ചതിലെ സങ്കല്പശുദ്ധി പ്രവഞ്ചത്തിന്റെ ചിന്താമണ്ഡലത്തെ ആകെ മാറ്റിമറിച്ചു. അത് ലോകചരിത്രത്തെ ഇന്നും സ്വാധീനിച്ചുകൊണ്ടിരിക്കുന്നു.
വാഗ്മിതയുടെ കാര്യത്തിലും അത്ഭുതം സൃഷ്ടിച്ചവരാണ് സ്വാമി വിവേകാനന്ദനും ശ്രീഹനുമാനും. ആരെയും വശീകരിക്കാന്‍ പോന്നതായിരുന്നു ആ വാണീവിലാസം. സ്വാമി വിവേകാനന്ദന്‍ നല്ല സംഗീതജ്ഞനാണെന്ന് ഏവര്‍ക്കും നന്നായറിയും. അദ്ദേഹം ശാസ്ത്രീയസംഗീതം പഠിച്ചിട്ടുമുണ്ട്. അനുഗൃഹീതമായ സ്വരമാധുരി അദ്ദേഹത്തിന്റെ സവിശേഷതയാണ്. ശ്രീരാമകൃഷ്ണദേവന്‍ നരേന്ദ്രനെക്കൊണ്ട് ഭജനകീര്‍ത്തനങ്ങള്‍ പാടിക്കുമായിരുന്നു. അതുകേട്ട് അദ്ദേഹം സമാധിയില്‍ ലയിക്കുമായിരുന്നു. ഗുരുദേവന്റെ അംഗീകാരം ലഭിച്ച ആ സംഗീതവൈഭവം അദ്ദേഹത്തിന്റെ പ്രസംഗകലാവൈദഗ്ധ്യത്തിനു നിറകതിര്‍ ചൂടിച്ചു. ശ്രീരാമകീര്‍ത്തനങ്ങളാലപിക്കുന്നതില്‍ അമിതവിഭവനാണ് ഹനുമാനെന്ന് പ്രസിദ്ധമാണ്. സംഭാഷണമികവിലും ആ സാമര്‍ത്ഥ്യം തെളിഞ്ഞുകേള്‍ക്കാം. വടുവേഷത്തില്‍ ശ്രീരാമസമീപമെത്തി സുവിശദം സംസാരിച്ച ഹനുമാന്റെ വാഗ്‌വൈഭവം രാമനെ ഹഠാദാകര്‍ഷിച്ചത് ലക്ഷ്മണോടുള്ള വാക്കുകളില്‍ സ്പഷ്ടമാണ്.
‘പശ്യ സഖേ വടുരൂപിണം ലക്ഷ്മണ
നിശ്ശേഷ ശബ്ദശാസ്ത്രമനേന ശ്രുതം
ഇല്ലൊരപശബ്ദമേതുമേ വാക്കിങ്കല്‍
നല്ലവൈയാകരണന്‍ വടുനിര്‍ണ്ണയം.’
– അദ്ധ്യാത്മരാമായണം, കിഷ്‌ക്കിന്ധാകാണ്ഡം –
ഹനുമാന്റെ വ്യാകരണമികവും വാഗ്മിതയും സര്‍വശസ്ത്രവിശദേത്വവും ഇവിടെ പ്രശംസിക്കപ്പെട്ടിരിക്കുന്നു.
സ്വാമി വിവേകാനന്ദന്റെ വശ്യഭാഷണശൈലി ലോകം ആദ്യം കേട്ടത് ചിക്കാഗോ നഗരത്തില്‍ നടന്ന സര്‍വമതസമ്മേളനത്തിലായിരുന്നു. അന്നു സദസ്സിലുണ്ടായ പ്രതികരണങ്ങള്‍ക്കു സമാനമായൊന്ന് വിശ്വചരിത്രത്തില്‍ വേറേ ചൂണ്ടിക്കാണിക്കാനില്ല. സഹായിപ്പാന്‍ ആരുമില്ലാതെ കൈയില്‍ ധനമോ തണുപ്പില്‍നിന്നു രക്ഷപ്പെടാന്‍ വേണ്ടുന്ന വസ്ത്രങ്ങളോ ഇല്ലാതെ പലനാള്‍ പട്ടിണികിടന്ന് സമ്മേളനത്തലേന്നു റയില്‍വേ ഗുഡ്‌സ്‌യാഡില്‍ ഒഴിഞ്ഞ വാഗണില്‍ മരംകോച്ചുന്ന തണുപ്പ് സഹിച്ചു രാത്രി തള്ളിനീക്കിയ ‘വിചിത്ര’വേഷധാരിയായ ഒരു ചെറുപ്പക്കാരന്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് എത്തിച്ചേര്‍ന്ന ഏഴായിരത്തോളം പ്രതിനിധികളെ മന്ത്രമുഗ്ധരാക്കിത്തീര്‍ത്തു. ‘അമേരിക്കയിലെ സഹോദരീസഹോദരന്മാരെ’ എന്ന ഒരൊറ്റ സംബോധനകൊണ്ടുമാത്രം. ഭാരതത്തില്‍നിന്നുവന്ന ഈ ഹിന്ദു സന്യാസിയെക്കുറിച്ചല്ലാതെ മറ്റൊന്നും പറയാന്‍ അമേരിക്കയിലെ പത്രങ്ങള്‍ക്കില്ലാത്ത അവസ്ഥ. അതായിരുന്നു ആ വാഗ്‌വിലാസത്തിന്റെ മാസ്മര ശക്തി. എന്തുകൊണ്ടിതെല്ലാം സാധിക്കുന്നു. ആ മഹാപുരുഷന്മാരില്‍ വാക്കുകള്‍ പുറപ്പെടുന്നത് ഉള്ളിന്റെ ഉള്ളില്‍ നിന്നാണ്. സാങ്കേതികമായി പറഞ്ഞാന്‍ എല്ല്‌പേരിലും വാക്കു പുറപ്പെടുന്ന പ്രക്രിയ ഒരേ വിധമാണെങ്കിലും തപസ്സിന്റെ ഊഷ്മളതയും ഗുരുഭക്തിയും ഇതുപോലെ മറ്റുള്ളവരിലില്ല. വാക്കുകളെ മന്ത്രമാക്കിമാറ്റുന്നത് തപസ്സാണ്. അതായിരുന്നു ആ മഹാത്മാക്കളുടെ ദിവ്യശക്തി.
വശ്യമായ വാങ്മാധുരികൊണ്ട് ഭാരതീയമായ അറിവിന്റെ അക്ഷയ ഭണ്ഡാകാരങ്ങളെ സ്വാമിജി വിശ്വത്തിനായി തുറന്നു നല്‍കി. അദ്ദേഹം കൈകാര്യം ചെയ്യാത്ത വിഷയമില്ല. ഭക്തിയും ജ്ഞാനവും രാജയോഗവും ഇതിഹാസ പുരാണങ്ങളും ചരിത്രവും ശാസ്ത്രവുമെല്ലാം അനുഭവരസികതയോടെ ആ നാവിന്‍തുമ്പില്‍ വിളങ്ങിനിന്നു. ജാതിചിന്തയുടെയും സാമൂഹ്യവ്യവസ്ഥയുടെയും കാഠിന്യങ്ങളാല്‍ ഹിന്ദുക്കളില്‍പോലും വലിയൊരു വിഭാഗത്തിന് കിട്ടാതിരുന്ന സ്വന്തം പൈതൃകത്തിലെ മുതല്‍ക്കൂട്ടുകള്‍ ലഭായമാക്കിത്തീര്‍ത്തത് സ്വാമി വിവേകാനന്ദനിലൂടെയാണ്. അന്ധവിശ്വാസങ്ങളുടെയും അടിച്ചമര്‍ത്തല്‍ തന്ത്രങ്ങളുടെയും കന്മതിലുകളെ ആ വാക്കുകള്‍ ഭേദിച്ചു. പലേടങ്ങളില്‍നിന്നും പ്രതിഷേധ സ്വരങ്ങളുയര്‍ന്നു. പക്ഷേ ശാസ്ത്രദൃഷ്ടാന്തങ്ങളോടെ അദ്ദേഹം നല്‍കിയ വ്യക്തവും സുധീരവുമായ മറുപടി അത്തരം മുരട്ടുവാദങ്ങളെ നിശ്ശബ്ദമാക്കി. പാശ്ചാത്യ മേലാളന്മാര്‍ ഭാരതത്തെക്കുറിച്ചു പ്രചരിപ്പിച്ചിരുന്ന നുണകളെയും ഭാരതീയ ഗ്രന്ഥങ്ങളില്‍ അവര്‍ നടത്തിയ വളച്ചൊടിക്കലുകളെയും നേരിട്ടു പ്രതിരോധിച്ചതും ആ വിജ്ഞാന മഹാഗംഗയായിരുന്നു. ഭാരതമെന്താണെന്നും ആദ്ധ്യാത്മികത എന്താണെന്നും തപസ്സെന്താണെന്നും ലോകം അറിഞ്ഞത് സ്വാമിജിയില്‍നിന്നാണ്. ഒരു പുത്തന്‍ അനുഭവമായിരുന്നു അവരെ സംബന്ധിച്ചിടത്തോളും സ്വാമിജിയുടെ ഓരോ വാക്കും. അതിന്റെ ഊഷ്മളത അസംഖ്യം പത്രവാര്‍ത്തകളില്‍, അനേകരുടെ ലേഖനങ്ങളില്‍, ഡയറിക്കുറിപ്പുകളില്‍, പുസ്തകങ്ങളില്‍ കാണാനാകും. സ്വാമിജി രാഷ്ട്രീയം കൈകാര്യം ചെയ്തിരുന്നില്ല. എങ്കിലും കാപട്യങ്ങള്‍ക്കു മുകളില്‍ പടുത്തുയര്‍ത്തിയിരിക്കുന്ന കോളണി ഭരണത്തിന് സത്യത്തിന്റേ ഈ രാജപാത അപകടകാരിയാണെന്ന് മേലാളന്മാര്‍ മുന്‍കൂട്ടിക്കണ്ട് പ്രതിബന്ധങ്ങളും ഉപദ്രവങ്ങളും പലതും സൃഷ്ടിച്ചു. പക്ഷേ ഗുരുകാരുണ്യം അവിടെയെല്ലാം സ്വാമിജിക്കു തുണയായിനിന്നു.
ശ്രീഹനുമാന്റെ സംഭാഷണങ്ങളും രണ്ടു പ്രസംഗങ്ങളും രാമായണത്തില്‍നിന്നു ലഭ്യമാണ്. ഉപനിഷത്തുകളില്‍നിന്നു തെല്ലും വ്യതിചലിക്കാത്ത ഹനുമദ്ഭാഷിതങ്ങളില്‍ വിവേകാനന്ദസ്വാമികളുടെ ശബ്ദം കേള്‍ക്കാം. വിജ്ഞാനത്തിന്റെ മഹാസമുദ്രമാണ് ഹനുമാന്‍. അവിടെ വിളങ്ങാത്ത അറിവിന്റെ ശാഖകളില്ല. ശ്രീരാമസഭയിലും രാവണ സഭയിലും അദ്ദേഹം ചെയ്യുന്ന പ്രസംഗങ്ങള്‍ വിവേകാനന്ദസാഹിത്യസര്‍വസ്വത്തിന്റെ ത്രേതായുഗപ്പതിപ്പാകുന്നു. ജാതി-മത-വര്‍ഗ്ഗ-വര്‍ണ്ണ-ദേശ-രാഷ്ട്ര-സാമ്രാജ്യഭേദങ്ങളില്ലാതെ എല്ലാ മനുഷ്യരിലും കുടികൊള്ളുന്ന നന്മയെ കണ്ടെത്തുന്നതിലും ആദരിച്ചു പ്രോത്സാഹിപ്പിക്കുന്നതിലും സ്വാമിജിയും ഹനുമാനും ഒരുപോലെ കാട്ടുന്ന ഉത്സാഹം ആരെയും അത്ഭുതപ്പെടുത്തും.
‘നക്തഞ്ചരാന്വയത്തിങ്കല്‍ ജനിച്ചവര്‍
ശത്രുക്കളേവരുമെന്നു വന്നീടുമോ?
നല്ലവരുണ്ടാമവരിലുമെന്നുള്ള-
തെല്ലാവരും നിരൂപിച്ചുകൊള്ളേണമേ.
ജാതിനാമാദികള്‍ക്കല്ല ഗുണഗണ
ഭേദമെന്നേ്രത ബുധന്മാരുടെ മതം.’
-അദ്ധ്യാത്മരാമായണം, യുദ്ധകാണ്ഡം
വിഭീഷണനെ സ്വീകരിക്കണമോ വേണ്ടയോ എന്ന ആലോചന ശ്രീരാമസഭയില്‍ നടന്നപ്പോള്‍ വിഭീഷണനെ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഹനുമാന്‍ ചെയ്യുന്ന പ്രസംഗത്തിലെ ഈ വരികളില്‍ ശ്രീ വിവേകാനന്ദഹൃദയം സ്പന്ദിക്കുന്നത് ആര്‍ക്കും കേള്‍ക്കാം. അപഥത്തില്‍ നടക്കുന്ന മികവായിക്കണ്ട രാവണനോട് ഹനുമാന്‍ പറഞ്ഞ വാക്കുകള്‍ പുതിയകാലത്തിനിണങ്ങുംവിധം പുതുയുഗ രാവണന്മാരോട് സ്വാമിജി പറയുന്നത് ആ ജീവിതസന്ദേശങ്ങളുടെ ഐക്യത്തെ സ്പഷ്ടമാക്കുന്നു.
‘പരധനകളത്രമോഹേന നിത്യം വൃഥാ
പാപമാര്‍ജ്ജിച്ചു കീഴ്‌പോട്ടു വീണീടൊലാ
നളിനദലനയനമഖിലേശ്വരം മാധവം
നാരായണം ശരണാഗത വത്സലം
പരമപുരുഷം പരമാത്മാനമദ്വയം
ഭക്തി വിശ്വാസേന സേവിക്ക സന്തതം.’
-അദ്ധ്യാത്മരാമായണം, സുന്ദരകാണ്ഡം
Discussion about this post