ശബരിമല: ശരണമന്ത്രങ്ങള്‍ ഉയര്‍ന്ന മകരസംക്രമ സന്ധ്യയില്‍ പൊന്നമ്പലമേട്ടില്‍ ദിവ്യജ്യോതി തെളിഞ്ഞപ്പോള്‍ ഭക്തലക്ഷങ്ങള്‍ ആനന്ദലഹരിയില്‍ ആറാടി. ശരണംവിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ വൈകുന്നേരം 6.35ന് ആണ് പൊന്നമ്പലമേട്ടില്‍ മകരജ്യോതി ദൃശ്യമായത്. സന്നിധാനത്ത് എത്തിയ തിരുവാഭരണഘോഷയാത്രയെ സ്വീകരിച്ച് തിരുവാഭരണങ്ങള്‍ അടങ്ങിയ പേടകം ശ്രീകോവിലില്‍ എത്തിച്ചു. തന്ത്രി കണ്ഠരര് രാജീവരും മേല്‍ശാന്തി ദാമോദരന്‍ പോറ്റിയും ചേര്‍ന്ന് അയ്യപ്പവിഗ്രഹത്തില്‍ തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടത്തി. ഈ സമയം പൊന്നമ്പലമേട്ടില്‍ മകരനക്ഷത്രം തെളിഞ്ഞു. തുടര്‍ന്ന് മൂന്ന് പ്രാവശ്യം മകരജ്യോതിസ് തെളിയുകയുണ്ടായി. അയ്യപ്പഭക്തര്‍ ശരണം വിളികളോടെ മകരജ്യോതിസിനെ വണങ്ങി.
തിരുവാഭരണ ഘോഷയാത്രയെ കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ്, ദേവസ്വം മന്ത്രി വി.എസ്.ശിവകുമാര്‍, ദേവസ്വം പ്രസിഡണ്ട് എം.പി.ഗോവിന്ദന്‍ നായര്‍, മെമ്പര്‍ സുഭാഷ് വാസു, ഗവ.ചീഫ് കോര്‍ഡിനേറ്റര്‍ കെ.ജയകുമാര്‍, ദേവസ്വം പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍, സ്‌പെഷ്യല്‍ കമ്മീഷണര്‍ കെ.ബാബു, ദേവസ്വം കമ്മീഷണര്‍ എന്‍.വാസു, പത്തനംതിട്ട ജില്ലാ കളക്ടര്‍ വി.എന്‍.ജിതേന്ദ്രന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഈ മംഗളമുഹൂര്‍ത്തത്തിന് സാക്ഷിയാകാന്‍ സന്നിധാനത്തും പരിസരത്തും വന്‍ തിരക്ക് അനുഭവപ്പെട്ടു. പുല്‍മേട്, പാണ്ടിത്താവളം, പാഞ്ചാലിമേട്, പരുന്തുംപാറ തുടങ്ങിയ പരമ്പരാഗത പാതകളിലൂടെ മകരജ്യോതിദര്‍ശനം കണ്ടതിനുശേഷമുള്ള അയ്യപ്പന്മാരുടെ പ്രവാഹം വന്‍ തിരക്ക് ഉളവാക്കി.
Discussion about this post