തിരുവനന്തപുരം: നെഹ്റു ട്രോഫി ജലോത്സവത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ നെഹ്റു ട്രോഫി മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. എന്‍.ടി.ബി.ആര്‍. സൊസൈറ്റിയുടെയും അവാര്‍ഡ് കമ്മിറ്റിയുടെയും ചെയര്‍മാനായ ജില്ലാ കളക്ടര്‍ പി. വേണുഗോപാലാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്. ഫലകവും 10,001 രൂപയും സാക്ഷ്യപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
അച്ചടി-ദൃശ്യ-ശ്രവ്യമാധ്യമങ്ങളില്‍ 2012 ജൂലൈ 12 മുതല്‍ ആഗസ്റ് 12 വരെ വന്ന, വജ്രജൂബിലി നെഹ്റു ട്രോഫി ജലമേളയുടെ പ്രചാരണത്തിനു സഹായകമായ റിപ്പോര്‍ട്ട്, വാര്‍ത്താചിത്രം, ശ്രവ്യമാധ്യമ റിപ്പോര്‍ട്ട് എന്നീ വിഭാഗങ്ങള്‍ക്കും ടി.വി. വാര്‍ത്താ റിപ്പോര്‍ട്ടര്‍ക്കും കാമറാമാനുമാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പ്രഥമ നെഹ്റു ട്രോഫി മാധ്യമ അവാര്‍ഡ് -2012ന് അര്‍ഹരായവരുടെ പേരുവിവരം ചുവടെ:
അച്ചടി മാധ്യമങ്ങളിലെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള അവാര്‍ഡ് മാതൃഭൂമി സ്റാഫ് റിപ്പോര്‍ട്ടര്‍ കെ.എ. ബാബുവും (ആഗസ്റ് അഞ്ചിനു പ്രസിദ്ധീകരിച്ച ‘അറുപതിന്റെ തുഴക്കരുത്തില്‍’ എന്ന ഫീച്ചര്‍) മികച്ച വാര്‍ത്താചിത്രത്തിനുള്ള പുരസ്കാരം ‘മാതൃഭൂമി’ സീനിയര്‍ ന്യൂസ് ഫോട്ടോഗ്രാഫര്‍ ബി. മുരളീകൃഷ്ണനും (ആഗസ്റ് 10നു ‘തുഴക്കരുത്തില്‍’ എന്ന അടിക്കുറിപ്പോടെ പ്രസിദ്ധീകരിച്ച ഫോട്ടോ) നേടി. ദൃശ്യമാധ്യമങ്ങളിലെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള അവാര്‍ഡ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ സുജിത് ചന്ദ്രനും (ആഗസ്റില്‍ സംപ്രേഷണം ചെയ്ത ‘പുന്നമടപ്പൂരം’ എന്ന വാര്‍ത്ത) മികച്ച കാമറാമാനുള്ള പുരസ്കാരം മനോരമ ന്യൂസിലെ കാമറാമാനായ ബോണി ജോസഫും (ആഗസ്റ് എട്ടിനു സംപ്രേഷണം ചെയ്ത ‘വഞ്ചിപ്പാട്ടും നെഹ്രു ട്രോഫിയും’ എന്ന വാര്‍ത്തയുടെ ഛായാഗ്രഹണം) നേടി. ശ്രവ്യമാധ്യമത്തിലൂടെ നെഹ്റു ട്രോഫി ജലമേളയുടെ പ്രചാരണത്തിനു നല്‍കിയ സമഗ്രസംഭാവന പരിഗണിച്ച് ആകാശവാണി തിരുവനന്തപുരം ഡയറക്ടര്‍ക്കും പുരസ്കാരം നല്‍കും. നിലയം ഡയറക്ടറായിരുന്ന കെ.എ. മുരളീധരന്‍, പ്രോഗ്രാം എക്സിക്യൂട്ടീവ് അരുവിക്കര വിജയകുമാര്‍, മോഡി. പി. ജോര്‍ജ് പത്തിയൂര്‍ എന്നിവരാണ് ആകാശവാണിയില്‍ പ്രചാരണത്തിനു ചുക്കാന്‍ പിടിച്ചത്.
മുന്‍ എം.പി.യും മാധ്യമനിരൂപകനുമായ ഡോ. സെബാസ്റ്യന്‍ പോള്‍, പ്രസിദ്ധ പത്രപ്രവര്‍ത്തകരായ ലീലാ മേനോന്‍, കെ.എം. റോയ് എന്നിവരാണ് അച്ചടി മാധ്യമങ്ങളിലെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള അവാര്‍ഡിനു ലഭിച്ച എന്‍ട്രികള്‍ പരിശോധിച്ചത്. മികച്ച ദൃശ്യമാധ്യമറിപ്പോര്‍ട്ടര്‍ക്കും കാമറാമാനുമുള്ള അവാര്‍ഡിനു ലഭിച്ച എന്‍ട്രികള്‍ പരിശോധിച്ചത് പ്രസിദ്ധ ദൃശ്യമാധ്യമപ്രവര്‍ത്തകരായ ബൈജു ചന്ദ്രന്‍, കെ. ജ്യോതിഷ് കുമാര്‍, കെ. മോഹന്‍ കുമാര്‍ എന്നിവരും മികച്ച വാര്‍ത്താചിത്രത്തിനുള്ള എന്‍ട്രികള്‍ പരിശോധിച്ചത് മാധ്യമപ്രവര്‍ത്തകരായ രവികുമാര്‍, ജെക്കോബി, ഫിറോസ് ബാബു എന്നിവരുമാണ്.
ജനുവരി 28ന് ആലപ്പുഴ കളക്ട്രേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കുന്ന നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി ജനറല്‍ ബോഡി യോഗത്തില്‍ കേന്ദ്ര വ്യോമയാനസഹമന്ത്രി കെ.സി. വേണുഗോപാല്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ നടന്ന അവാര്‍ഡ് കമ്മിറ്റി യോഗത്തില്‍ കമ്മിറ്റി സെക്രട്ടറിയായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.ആര്‍. റോയി, അംഗങ്ങളായ കല്ലേലി രാഘവന്‍ പിള്ള, ദേവദത്ത് ജി. പുറക്കാട്, നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി സെക്രട്ടറി കൂടിയായ ആലപ്പുഴ ആര്‍.ഡി.ഒ. ആന്റണി ഡൊമിനിക് എന്നിവര്‍ പങ്കെടുത്തു.
Discussion about this post