ശബരിമല: മകരവിളക്ക് കഴിഞ്ഞ് രണ്ടാം ദിനത്തിലും സന്നിധാനത്ത് അയ്യപ്പഭക്തരുടെ തിരക്കേറി. ലക്ഷങ്ങളാണ് അയ്യപ്പജ്യോതി ദര്‍ശിച്ച് മലയിറങ്ങിയതെങ്കിലും തിരിച്ചിറങ്ങുന്ന ഭക്തന്മാരുടെ നീണ്ടനിരയും മലചവിട്ടി വരുന്ന ഭക്തരുടെ എണ്ണവും കൂടിയായപ്പോള്‍ സന്നിധാനം ജനസാഗരമായി മാറി. ആന്ധ്രാ, തമിഴ്‌നാട് ഭക്തന്മാരുടെ നീണ്ടനിരയ്‌ക്കൊപ്പം കേരളത്തിലെ അയ്യപ്പഭക്തന്മാരും ശബരീശനെ ദര്‍ശിക്കാനുള്ള ഒഴുക്ക് തുടരുകയാണ്. ഇന്നലെ രാത്രി എട്ട് മണിവരെ ആറായിരത്തി അഞ്ഞൂറോളം പേരാണ് വെര്‍ച്ച്വല്‍ ക്യൂ സംവിധാനം വഴി മാത്രം പതിനെട്ടാംപടി ചവിട്ടിയത്. രാത്രി വൈകിയും തിരക്ക് തുടരുകയാണ്. പോലീസ്, ഫോറസ്റ്റ്, ഫയര്‍ഫോഴ്‌സ്, എന്‍.ഡി.ആര്‍.എഫ്, ഐ.ആര്‍.ബി., ആര്‍.എ.എഫ്, സേനാംഗങ്ങളും ദേവസ്വം അധികൃതരും മറ്റുവകുപ്പുകളും സംയുക്തമായി പ്രവര്‍ത്തിക്കുന്നത് തിരക്ക് നിയന്ത്രണാധീനമാക്കിയിട്ടുണ്ട്. സന്നിധാനത്തെ സുരക്ഷാ ക്രമീകരണങ്ങളും ശക്തമായി തുടരുന്നു. ഇതോടൊപ്പം സന്നിധാനത്തും പമ്പയിലും പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളും ഭക്തന്മാര്‍ക്ക് 24 മണിക്കൂറും സേവനവുമായി രംഗത്തുണ്ട്. പോക്കറ്റടി, പിടിച്ചുപറി മുതലായ പ്രവണതകള്‍ കണ്ടുതുടങ്ങിയപ്പോള്‍തന്നെ കൈയോടെ നിയന്ത്രിക്കാന്‍ പോലീസിനു കഴിഞ്ഞു. ഇതോടൊപ്പം അനൗണ്‍സ്‌മെന്റ് വഴി ഇത്തരം കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്താന്‍ ഭക്തന്മാര്‍ ശ്രദ്ധിക്കണമെന്ന ദേവസ്വം ബോര്‍ഡിന്റെ അറിയിപ്പും ഭക്തര്‍ക്ക് അനുഗ്രഹമായി.
ശബരിമലയിലെ സുരക്ഷയ്ക്കും തിരക്ക് നിയന്ത്രണത്തിനുമായി സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളെ മൂന്ന് മേഖലകളായി തിരിച്ച് വിന്യസിച്ചിരുന്ന പോലീസ് സംവിധാനം പഴുതുകളടച്ചുള്ള സുരക്ഷാ ക്രമീകരണത്തിനും മാതൃകയായി. തീര്‍ത്ഥാടകര്‍ കൂടുതലായി വന്നെത്തിയിരുന്ന പാണ്ടിത്താവളം, മാളികപ്പുറം ഭാഗങ്ങളിലും സന്നിധാനത്തും കുടിവെള്ള വിതരണത്തിനായി നിലവിലുണ്ടായിരുന്ന ക്രമീകരണങ്ങള്‍ക്കു പുറമേ കൂടുതല്‍ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയത് സഹായമായി. ശരംകുത്തിയില്‍ 40 ലക്ഷത്തോളവും സന്നിധാനത്ത് 75 ലക്ഷത്തോളവും ലീറ്റര്‍ വെള്ളം നിലവില്‍ സംഭരിച്ചിട്ടുണ്ട്. മകരവിളക്ക് ദര്‍ശനം കഴിഞ്ഞ് ഭക്തര്‍ മലയിറങ്ങിയതോടെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായിട്ടുള്ള മാലിന്യം നീക്കുന്നതിനും അധികൃതര്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി മുമ്പുതന്നെ സന്നിധാനത്തുള്‍പ്പെടെ നടത്തിപ്പോരുന്ന പുണ്യം പൂങ്കാവനം പദ്ധതി കൂടുതല്‍ ഫലപ്രദമായി നടപ്പാക്കിയിട്ടുണ്ട്. ഇതുവഴി വലിയൊരളവുവരെ മാലിന്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും അധികൃതര്‍ക്ക് കഴിഞ്ഞു.
വിവിധ സന്നദ്ധ സംഘടനകളും ദേവസ്വം അധികൃതരും, ഭക്തരും, വിവിധ വകുപ്പ് ഉദ്യോഗസ്ഥരും കൈമെയ് മറന്ന് അയ്യപ്പന്റെ പൂങ്കാവനം മാലിന്യമുക്തമാക്കാന്‍ അഹോരാത്രം പ്രവര്‍ത്തിക്കുന്നുണ്ട്. അപ്പം, അരവണ പ്ലാന്റുകളും ഭക്തന്മാര്‍ക്ക് അയ്യപ്പന്റെ പ്രസാദം ക്ഷാമമില്ലാതെ ലഭിക്കാനുള്ള സംവിധാനങ്ങളും ക്രമീകരണങ്ങളും തുടര്‍ന്നുവരുന്നു. ഒരു ലക്ഷം പായ്ക്കറ്റ് അപ്പമാണ് പ്രതിദിനം ഉത്പാദിപ്പിക്കുന്നത്. ആവശ്യത്തിന് അപ്പം നിലവില്‍ സ്‌റ്റോക്കുണ്ട്. മകരവിളക്കിന് മുന്നോടിയായി സ്ഥാപിച്ച ബാരിക്കേഡുകള്‍ ഭക്തരുടെ തിരക്കിനെ നിയന്ത്രിച്ച് നിരയായി കടത്തിവിടാന്‍ ഏറെ സഹായം ചെയ്യുന്നുണ്ട്. വെര്‍ച്ച്വല്‍ ക്യൂവിനൊപ്പം തന്നെ സാധാരണ ക്യൂവിലും ഭക്തന്മാരുടെ വന്‍ തിരക്കാണ് കാണാന്‍ കഴിയുന്നത്. ഭക്തരുടെ സൗകര്യാര്‍ത്ഥം ദര്‍ശനസമയം ദീര്‍ഘിപ്പിച്ചത് അനുഗ്രഹമായി മാറി. അന്നദാനകേന്ദ്രത്തിലും ഭക്തന്മാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Discussion about this post