ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടമാനഭംഗ കേസില്‍ അതിവേഗ കോടതിയില്‍ വിചാരണ തുടങ്ങി. സാകേതിലെ അതിവേഗ കോടതിയിലാണ് വിചാരണ. ജസ്റ്റിസ് യോഗേഷ് ഖന്ന അദ്ധ്യക്ഷനായ ബഞ്ചിലാണ് കൂട്ടമാനഭംഗ കേസിന്റെ വിചാരണ നടക്കുന്നത്. അഞ്ചു പ്രതികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. കൊലപാതകം, മാനഭംഗം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ജനുവരി മൂന്നിനാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതികള്‍ക്കെല്ലാം ശിക്ഷ ഉറപ്പാക്കുന്ന തരത്തിലാണ് കുറ്റപത്രം. സംഭവം നടന്ന് 18 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
കേസില്‍ ആകെ 30 സാക്ഷിമൊഴികളാണുള്ളത്. പെണ്‍കുട്ടിയുടെ മരണമൊഴിയും സുഹൃത്തിന്റെ സാക്ഷിമൊഴിയും നിര്‍ണായകമാകും. പെണ്‍കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍മാരുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് കൂട്ടമാനഭംഗ കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ അതിവേഗ കോടതി സാകേതില്‍ സ്ഥാപിച്ചത്. 45 ദിവസത്തിനകം വിചാരണ പൂര്‍ത്തിയാക്കാനാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.
അതേസമയം വിചാരണ ഡല്‍ഹിക്കു പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും.
Discussion about this post