ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ശിക്ഷ വര്‍ധിപ്പിക്കണമെന്ന് ജസ്റ്റിസ് വര്‍മ്മ കമ്മീഷന്‍ ശുപാര്‍ശ നല്‍കി. ജസ്റ്റിസ് ജെ.എസ്. വര്‍മ്മ കമ്മീഷന്‍ 200 പേജുള്ള റിപ്പോര്‍ട്ടാണ് ആഭ്യന്തരവകുപ്പിന് സമര്‍പ്പിച്ചത്. സ്ത്രീസുരക്ഷ ഉറപ്പാക്കാനാവാത്തത് ഭരണ പരാജയമാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.സ്ത്രീ പീഡന കേസുകളില്‍ മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തു.
ബലാത്സംഗ കേസുകളില്‍ വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കണം. ജുവനൈല്‍ കേസില്‍ പ്രായ പരിധി 16 ആക്കണം, ബലാല്‍സംഗ കേസിലെ സാക്ഷികള്‍ക്ക് സംരക്ഷണം വേണം എന്നീ ശുപാര്‍ശകളും കമ്മീഷന്‍ റിപ്പോര്‍ട്ടിലുണ്ട്. പോലീസില്‍ ഡിജിപിമാരെ നിയമിക്കുന്നതില്‍ അവലോകനം നടത്തണം. സംസ്ഥാന പോലീസ് മേധാവികളില്‍ നിന്ന് പുതിയ നിയമ നിര്‍മ്മാണത്തിനായി പ്രതികരണങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇവരൊന്നും ഈ പദവിയിലിരിക്കാന്‍ യോഗ്യരല്ലെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി സംഭവത്തില്‍ ജോലിയില്‍ വീഴ്ച വരുത്തിയ പോലീസ് മേധാവി മാപ്പു പറയണം. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഡല്‍ഹി പോലീസ് മേധാവിയെ പ്രകീര്‍ത്തിച്ചത് തന്നെ ഞെട്ടിച്ചുവെന്നും ജസ്റ്റീസ് ജെ.എസ്. വര്‍മ്മ പറഞ്ഞു
ഡല്‍ഹി മാനഭംഗത്തിനു ശേഷം സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് ശിക്ഷ വര്‍ധിപ്പിക്കുന്ന കാര്യം പരിഗണിച്ച ജസ്റ്റിസ് വര്‍മ കമ്മിറ്റി ഒരു മാസം നീണ്ട ചര്‍ച്ചകള്‍ക്കു ശേഷമാണ് ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും സന്നദ്ധ സംഘടനകളില്‍ നിന്നും വ്യക്തികളില്‍ നിന്നുമായി എണ്‍പതിനായിരത്തോളം നിര്‍ദേശങ്ങള്‍ കമ്മിറ്റിക്ക് ലഭിച്ചു. സര്‍ക്കാര്‍ സന്നദ്ധ സംഘടനാ പ്രതിനിധികളുമായി ജസ്റ്റിസ് വര്‍മ നേരിട്ട് അന്വേഷണം നടത്തി. പ്രതികള്‍ക്ക് വധശിക്ഷ നല്‍കുന്ന കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യത്യസ്ത നിലപാടാണ് സ്വീകരിച്ചത്. രാസവസ്തുക്കള്‍ ഉപയോഗിച്ചുള്ള ഷണ്ഡീകരണം, ആജീവനാന്ത വിലക്ക് തുടങ്ങിയ ശിക്ഷാരീതികളും പരിഗണനയിലുണ്ട്. ജുവനൈല്‍ നിയമപ്രകാരം പ്രായപൂര്‍ത്തിയാകുന്നതിനുള്ള പരിധി 18ല്‍ നിന്നും 16 ആയി കുറയ്ക്കണമെന്ന അഭിപ്രായവും ഉയര്‍ന്നു.
ജെ എസ് വര്‍മയുടെ ശുപാര്‍ശകള്‍ ലഭിച്ച ശേഷം മാനഭംഗകേസുകളുടെ നിയമങ്ങളും അനുബന്ധ നിയമങ്ങളും ഭേദഗതി ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post