ബാംഗളൂര്‍: തിരുവനന്തപുരം മുട്ടടയിലെ ഒരു വീട്ടില്‍ നിന്ന് 28 ലക്ഷം രൂപ വിലവരുന്ന ആഢംബര കാര്‍ ഉള്‍പ്പെടെ കവര്‍ന്ന് സംസ്ഥാനം വിട്ട കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ പിടികൂടാനായിട്ടില്ലെന്ന് കര്‍ണാടക പോലീസ് സ്ഥിരീകരിച്ചു. കര്‍ണാടക പോലീസിലെ ക്രൈം ഐജി പ്രണാബ് മൊഹന്തിയാണ് ഇക്കാര്യം അറിയിച്ചത്. ബണ്ടി ചോറിനായി തെരച്ചില്‍ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിയെ കസ്റഡിയില്‍ വാങ്ങാനായി കര്‍ണാടകത്തിലേക്ക് പോയ കേരള പോലീസ് നിരാശരാകേണ്ടി വന്നു. ബണ്ടി ചോര്‍ തങ്ങളുടെ പിടിയിലായെന്ന വാര്‍ത്ത എങ്ങനെയാണ് പുറത്തുവന്നതെന്നതെന്ന് അറിയില്ലെന്നാണ് കര്‍ണാടക പോലീസ് ഇപ്പോള്‍ പറയുന്നത്. തങ്ങളെ ബന്ധപ്പെട്ട കേരള പോലീസിലെ ഉന്നത ഉദ്യോഗസ്ഥരോടെല്ലാം ബണ്ടിയെ പിടികൂടാനായിട്ടില്ലെന്ന് അറിയിച്ചിട്ടുണ്ടെന്നും കര്‍ണാടക പോലീസിലെ ഉന്നതര്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരത്തു നിന്നും ബണ്ടി ചോര്‍ മോഷ്ടിച്ച 28 ലക്ഷം രൂപ വിലമതിക്കുന്ന മിസ്തുബിഷി കാര്‍ തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ കേളപുരത്തിനടുത്തുനിന്നു ഷാഡോ പോലീസ് കണ്െടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ രാത്രിയോടെ ഇയാള്‍ കര്‍ണാടക പോലീസിന്റെ പിടിയിലായതായി വാര്‍ത്ത പുറത്തുവന്നത്. ബണ്ടിയെ തിരിച്ചറിഞ്ഞ മൂന്നംഗ മലയാളിസംഘം നല്‍കിയ വിവരമനുസരിച്ച് പോലീസ് പിന്തുടര്‍ന്നപ്പോഴാണ് ഇയാള്‍ കാറുപേക്ഷിച്ച് കടന്നതെന്നും പിന്നീട് വാടകയ്ക്ക് വിളിച്ച ടാറ്റാ സുമോ വാഹനത്തില്‍ രക്ഷപെടാന്‍ ശ്രമിച്ച ഇയാളെ കര്‍ണാടക പോലീസും മലയാളികളുടെ സംഘവും പിന്തുടര്‍ന്ന് പിടികൂടിയെന്നുമായിരുന്നു വാര്‍ത്ത. വിവരത്തിന്റെ അടിസ്ഥാനത്തില്‍ പുലര്‍ച്ചെ പേരൂര്‍ക്കട സി.ഐ പ്രതാപന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കര്‍ണാടകത്തിലേക്ക് യാത്ര തിരിക്കുകയും ചെയ്തു. ഇതിനുശേഷമാണ് കാര്യങ്ങളില്‍ അവ്യക്തത വന്നത്.
Discussion about this post