കേരളത്തിലെ ഏറ്റവും ശക്തമായ അടിത്തറയുള്ള രാഷ്ട്രീയ പ്രസ്ഥാനമായ സി.പി.എമ്മും അന്തഛിദ്രത്തിന്റെ വഴിയിലേക്ക് നീങ്ങുന്നതായാണ് പുതിയ സംഭവവികാസങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദനും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായ പിണറായി വിജയനും തമ്മിലുള്ള പോര് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിരുന്നു. അത് സംസ്ഥാനത്തിന്റെ വികസനത്തെയും ജനോപകാരപ്രദമായ പദ്ധതികളെയുമൊക്കെ പിന്നോട്ടടിച്ചു എന്ന കാര്യത്തില്‍ സംശയമില്ല. പ്രധാനമായും ലാവ്‌ലിന്‍ വിഷയത്തിലൂന്നിയ അഭിപ്രായഭിന്നതയാണ് പാര്‍ട്ടിയിലെ രണ്ട് ഉന്നത നേതാക്കളെ വിരുദ്ധ ചേരിയിലാക്കി പോരിന് ഇടയാക്കിയത്.
സി.പി.എം നേതൃത്വം പോലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള നേട്ടമാണ് അവര്‍ക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിലുണ്ടായത്. ഏതാനും സീറ്റുകളുടെ വ്യത്യാസത്തിലാണ് കപ്പിനും ചുണ്ടിനുമിടയില്‍ എല്‍.ഡി.എഫിന് തുടര്‍ച്ചയായി രണ്ടുവട്ടം ഭരിക്കാനുള്ള അവസരം നഷ്ടമായത്. വി.എസ് അച്യുതാനന്ദനെന്ന ജനകീയ നേതാവിന്റെ പ്രതിഛായ ആണ് ഇടതുപക്ഷത്തെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേട്ടത്തിനിടയാക്കിയത്. വി.എസിനെ മുന്‍നിര്‍ത്തി പടനയിച്ചില്ലായിരുന്നുവെങ്കില്‍ നൂറ് സീറ്റോളം നേടി യു.ഡി.എഫ് അധികാരത്തിലെത്തുമായിരുന്നു. ഇത് പിണറായി വിജയന്‍ ഉള്‍പ്പടെയുള്ള എല്ലാ നേതാക്കള്‍ക്കും അറിയാവുന്ന കാര്യമാണ്; അവര്‍ പരസ്യമായി സമ്മതിച്ചില്ലെങ്കിലും.
പ്രതിപക്ഷനേതാവായി വി.എസ് അച്യുതാനന്ദന്‍ എത്തിയതിനുശേഷവും അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്നുതന്നെ പുകച്ചു പുറത്താക്കാനുള്ള സംഘടിതശ്രമമാണ് മൃഗീയ ഭൂരിപക്ഷമുള്ള ഔദ്യോഗികപക്ഷം നടത്തിക്കൊണ്ടിരിക്കുന്നത്. വാര്‍ത്ത ചോര്‍ത്തിക്കൊടുത്തു എന്ന പേരില്‍ വി.എസിന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ മൂന്നുപേരെ പുറത്താക്കാനുള്ള സംസ്ഥാന സമിതിയുടെ തീരുമാനത്തിലൂടെ വി.എസിന്റെ ചിറകരിയാനുള്ള ശ്രമമാണ് സംസ്ഥാന സമിതി നടത്തിയത്. എന്നാല്‍ കേന്ദ്ര കമ്മിറ്റി ഇത് തടഞ്ഞത് കേരളത്തിലെ ഔദ്യോഗികപക്ഷത്തിന് തിരിച്ചടിയായി.
സദാചാരപരമായ വിഷയത്തിന്റെ പേരിലാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ശശിയും എറണാകുളം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിയ്ക്കലും പാര്‍ട്ടിക്ക് പുറത്തായത്. സി.പി.എമ്മിനെ ബാധിച്ചിരിക്കുന്ന അപചയത്തിന്റെ സൂചനയായാണ് ഇത് കാണേണ്ടത്. ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റിന്റെ ചുമതലയുണ്ടായിരുന്ന വരദരാജന്റെ പേരിലും ഇത്തരത്തില്‍ ആരോപണമുയര്‍ന്നു. സംസ്ഥാന സമിതിയംഗമായ മേഴ്‌സിക്കുട്ടിയമ്മയാണ് ഇതു സംബന്ധിച്ച് പരാതി നല്‍കിയത്. എന്നാല്‍ ഇത് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ കമ്മിഷന്‍ പരാതി ശരിയല്ലെന്നു കണ്ടെത്തി വരദരാജന് ക്ലീന്‍ ചിറ്റ് നല്‍കുകയായിരുന്നു. മാത്രമല്ല പരാതി ഉന്നയിച്ച മേഴ്‌സിക്കുട്ടിയമ്മയെ ക്രൂശിക്കാനുള്ള നടപടികളുമുണ്ടായി. സംസ്ഥാന സമിതിയില്‍ ഭൂരിപക്ഷം ഉണ്ടെന്നതിന്റെ പേരിലാണ് വരദരാജന്‍ രക്ഷപ്പെട്ടത്.
എസ്.എന്‍.സി ലാവ്‌ലിന്റെ കേസില്‍ സി.പി.എം സെക്രട്ടറിയായ പിണറായി വിജയനെ കുടുക്കാന്‍ മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദന്‍ നീക്കം നടത്തിയെന്ന റിപ്പോര്‍ട്ടാണ് ഏറ്റവും ഒടുവിലായി പുറത്തുവന്നിരിക്കുന്നത്. ഔദ്യോഗികപക്ഷത്തെ ശക്തനും പാര്‍ട്ടി കേന്ദ്രകമ്മിറ്റിയംഗവുമായ പി. കരുണാകരനാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് ജനം പുച്ഛിച്ചു തള്ളുമെന്നാണ് വി.എസ്. പ്രതികരിച്ചത്.
ധാര്‍മ്മികതയുടെയും സത്യത്തിന്റെയും അടിസ്ഥാനത്തില്‍ ശരിതെറ്റുകള്‍ നോക്കിക്കാണുന്നതിനു പകരം ഏതുപക്ഷത്താണ് നേതാക്കള്‍ നില്‍ക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാരനെയും നിരപരാധിയെയും തീരുമാനിക്കുന്ന തലത്തിലേക്ക് സി.പി.എമ്മിന്റെ സംസ്ഥാനത്തെ ഔദ്യോഗികപക്ഷം നീങ്ങുകയാണ്. ഇത് തിരിച്ചറിയാന്‍ പ്രബുദ്ധരായ കേരളീയ സമൂഹത്തിന് കഴിയുന്നു എന്ന കാര്യം മറക്കുകയാണെങ്കില്‍ സി.പി.എം എന്ന പാര്‍ട്ടി സ്വത്വം നഷ്ടപ്പെട്ട ഒരു രാഷ്ട്രീയ പ്രസ്ഥാനമായി മാറാന്‍ അധികകാലം വേണ്ട. ഇത് തിരിച്ചറിയാനുള്ള ബുദ്ധി പാര്‍ട്ടിനേതൃത്വത്തിലെ വിവേകമതികള്‍ കാട്ടണം.
Discussion about this post