തിരുമാന്ധാംകുന്ന് ശിവകേശാദിപാദം (ഭാഗം- 13)
ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങള്‍
സത്യാനന്ദസുധാ വ്യാഖ്യാനം : ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍
അകമലരു മഴകിഴുകി നില്ക്കും പ്രപഞ്ചവും
ഗുണമിളിതമാകും കപോലം തൊഴുന്നേന്‍.
ത്രിഗുണാത്മികയായ പ്രകൃതിയുടെ രജസ്സിനോ തമസ്സിനോ ശിവന്റെ ജ്ഞാനാന്ദങ്ങളെ മറയ്ക്കാനോ നിയന്ത്രിക്കാനോ വേണ്ടുന്ന ശേഷിയില്ല. അതിനാല്‍ സൃഷ്ടിക്കായി പ്രകൃതിയെ അംഗീകരിച്ച് ഈശ്വരഭാവം കൈക്കൊള്ളുമ്പോഴും ശിവന്റെ സര്‍വജ്ഞത്വം അധീശത്വം മുതലായ കഴിവുകള്‍ക്ക് തെല്ലും മങ്ങലേല്ക്കുന്നില്ല. ശിവന്റെ ഹൃദയകമലം അപ്പോഴും സാത്വികഗുണസമ്പന്നമായിത്തന്നെ ഇരിക്കും. ആ മഹാത്മാവിന്റെ പ്രപഞ്ചസങ്കല്പം അത്യന്തസുന്ദരവും ശുദ്ധവുമായിരിക്കും. ആ സങ്കല്പത്തിന്റെ സ്ഫുരണമാണ് കവിള്‍ത്തടത്തില്‍ കാണുന്നത്. ഇതുജ്ഞാനിയുടെ ദര്‍ശനമാകുന്നു.
ജഗത്തിന്റെ ഉപാദാനരകാരണവും നിമിത്തകാരണവും പരമാത്മാവുതന്നെയാണെന്നു പ്രതിപാദിച്ചു. അതുകൊണ്ടുതന്നെ പരമാത്മാവിന്റെ മഹത്വം ജഗത്തില്‍ ദര്‍ശിക്കാനാകും. തമോലിപ്തമായ മലീനവാസനകളാല്‍ ഭരിക്കപ്പെടുന്നവര്‍ക്കുമാത്രമേ ജഗത്തില്‍ പരമാത്മ പ്രഭാവദര്‍ശനം അസാദ്ധ്യമായിരിക്കൂ. അവര്‍ക്ക് ഈശ്വരനുണ്ടെന്നു മനസ്സിലാക്കാന്‍ പോലുമാവുകയില്ല. ജഗത്തിനെ ജഡമയമായ ഭൗതികപിണ്ഡം മാത്രമായേ അവര്‍ക്കു കരുതാനാകൂ.
‘ശിവഃശക്ത്യായുക്തോയദിഭവതി ശക്തഃപ്രഭവിതുഃ
ന ചേ ദേവം ദേവോ നഖലുകുശലഃസ്പന്ദിതുമപി
അതസ്ത്വാമാരാദ്ധ്യം ഹരിഹരവിരിഞ്ചാദിഭിരപി
പ്രണന്തും സ്‌തോതുംവാ കഥമകൃതപുണ്യഃപ്രഭവതി’
*ശ്രീശങ്കരാചാര്യസ്വാമികള്‍, സൗന്ദര്യലഹരി
എന്നു ആചാര്യ സ്വാമികള്‍ ചോദിക്കുന്നതിനു കാരണമതാണ്. അനേകജന്മങ്ങളില്‍ ചെയ്ത പുണ്യകര്‍മ്മങ്ങളുടെ ഫലമായി മാനസികപാകം വന്നു അദ്ധ്യാത്മമായ ഉയര്‍ച്ച നേടിയവര്‍ക്കുമാത്രമേ ഈശ്വരനുണ്ടെന്നും ഈശ്വരോപാസന ചെയ്യണമെന്നും തോന്നൂ. ആര്‍ക്കാണോ ജഗത്ത് ജഡപിണ്ഡമായിരിക്കുന്നത് അവരുടെ ദൃഷ്ടിയില്‍ അതു അസുന്ദരമായുമിരിക്കും. പോരാത്തതിന് ക്രൂരമായെന്നുംവരാം. എന്തെന്നാല്‍ സര്‍വവ്യാപിയായ, സുന്ദരവും കരുണാമയവുമായ, ഈശ്വരസത്ത അവരില്‍ നിന്നു അജ്ഞാനത്താല്‍ മറയ്ക്കപ്പെട്ടിരിക്കുന്നു.
ഈശ്വരന്‍ സൗന്ദര്യസ്വരൂപനാണ്. അതിനാല്‍ അദ്ദേഹത്തിന്റെ വിരട് രൂപമായ ഈ പ്രപഞ്ചത്തില്‍ വൈരൂപ്യം സാദ്ധ്യമല്ല. പക്ഷേ അതുകാണാന്‍ ഈശ്വരദര്‍ശനം ലഭിക്കണം. അതുവരെ ജഗത്തിന്റെ സൗന്ദര്യം കണ്ടെത്തുക ദുഷ്‌കരംതന്നെ. അക്കാലമത്രയും ശിവന്‍ കിരാതനായികാണപ്പെടും അനുഭവപ്പെടും. പലവിധത്തിലുള്ള യോഗ്യതകളെല്ലാമുണ്ടായിരുന്നിട്ടും കൗന്തേയനായ അര്‍ജ്ജുനന് ശിവനെ കണ്ടപ്പോള്‍ കിരാതന്‍ മുന്നില്‍നില്ക്കുന്നു എന്നാണു തോന്നിയത്. പാണ്ഡവന്മാര്‍ ചൂതില്‍തോറ്റ് കാട്ടില്‍പാര്‍ക്കുന്ന കാലത്ത് വ്യാസമഹര്‍ഷിയുടെ നിര്‍ദ്ദേശമനുസരിച്ച് പാശുപതാസ്ത്രലബ്ദ്ധിക്കായി അര്‍ജ്ജുനന്‍ കൈലാസത്തിലെത്തി തപസ്സാരംഭിച്ചു. അര്‍ജ്ജുനന്റെ നിഷ്ഠകണ്ട് സന്തുഷ്ടയായ ദേവി അര്‍ജ്ജുനനെ അനുഗ്രഹിക്കണമെന്ന് ശ്രീമഹാദേവനോട് പലതവണ അഭ്യര്‍ത്ഥിച്ചു. പക്ഷേ വരട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നാല്‍ അര്‍ജ്ജുനനെ കൊല്ലാനായി ദുര്യോധനനയച്ച മൂകാസുരന്‍ പന്നിയായി പാഞ്ഞുചെന്നപ്പോള്‍ തന്റെ ഭക്തനെ രക്ഷിക്കാനും അനുഗ്രഹിപ്പാനുമായി അദ്ദേഹം സപരിവാരം പുറപ്പെട്ടു.
ഉള്ളിലിരിക്കുന്ന ഭഗവാന്റെ നിര്‍ദ്ദേശത്താല്‍ കണ്ണുതുറന്നുനോക്കിയ അര്‍ജ്ജുനന്‍ പന്നിയെക്കണ്ട് എയ്തുവീഴ്ത്തിയപ്പോള്‍ വേറെയും ഒരമ്പ് ആ ജന്തുവിന്റെ പുറത്ത് തറച്ചതായിക്കണ്ട് ചൊടിച്ചു. അതിന്റെ ഉടമ ആരെന്നു കണ്ണകുള്‍കൊണ്ടു തിരയുമ്പോള്‍ ഭീമാകാരനായ ഒരു കിരാതന്‍ പത്‌നിയും പരിവാരങ്ങളുമായി നില്ക്കുന്നതായിക്കണ്ടു. പിന്നെ വൈകിച്ചില്ല ചന്ദ്രകുലീനനായ തന്നോടു മത്സരിച്ച ആ കിരാതനെ ശിക്ഷിക്കാന്‍ അര്‍ജ്ജുനന്‍പുറപ്പെട്ടു. ആ കിരാതന്റെ അസ്ത്രപ്രയോഗ കൗശലം അര്‍ജ്ജുനനെ കൂടുതല്‍ കോപാകുലനാക്കി. സവ്യസാചി തന്റെ കരുത്തുകളെല്ലാമെടുത്തു. അതു കാട്ടാളനല്ലെന്നും മട്ടലര്‍ബാണവൈരിയായ അഷ്ടമൂര്‍ത്തിയാണെന്നും വേടത്തിപറഞ്ഞത് അര്‍ജ്ജുനന്‍ വകവച്ചില്ല. പാര്‍വതി അര്‍ജ്ജുനന്റെ ബാണങ്ങളെ പൂക്കളാക്കി. പിന്നെ തൂണീരം ശൂന്യമാക്കി. ഗംഗാദേവി വില്ലും പിടിച്ചുവാങ്ങി. എന്നാല്‍ മുഷ്ടിയുദ്ധമാകാമെന്നായി പാര്‍ത്ഥന്‍. ഒടുവില്‍ ആ മഹാമല്ലന്റെ തല്ലും ചവിട്ടുംകൊണ്ട് ഭൂമിയില്‍വീണ് അര്‍ജ്ജുനന്‍ അഹങ്കാരം ശമിപ്പിച്ച് പരിദേവനം ചെയ്തു.
ശിവലിംഗത്തിലര്‍പ്പിക്കുന്ന പുഷ്പങ്ങള്‍ കാട്ടാളന്റെ ശിരസ്സില്‍ വീഴുന്നതുകണ്ട് കാര്യമറിയാതെ വീണ്ടും ഭഗവാനെ വിളിച്ചുകരഞ്ഞു. അപ്പോഴാണ് ആ മഹാദ്ഭുതം കണ്ടത്. കിരാതന്റെ തലമുടിക്കെട്ട് ഗംഗനുരണ്ട ചന്ദ്രക്കലചേര്‍ന്ന മനോഹരമായ കപര്‍ദ്ദമായി മാറുന്നു. അര്‍ജ്ജുനനു തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. വിസ്തൃതമായ ലലാടവും മൂന്നുകണ്ണുകളും പുഞ്ചിരിതൂകുന്ന കോമളവദനവും തലയുയര്‍ത്തിപ്പിടിച്ച വാസുകിയും കടുത്തുടിയും ദിവ്യായുധങ്ങളുമേന്തിയ കരങ്ങളും അരയില്‍പുലിത്തോലും പാദങ്ങളില്‍ പ്രകാശം ചിതറുന്ന കാല്‍ത്തളകളും ദൃശ്യമായി. അരികില്‍ ജഗന്മാതാവായ പര്‍വതരാജകന്യയെയും പിന്നില്‍ ഭൂതഗണങ്ങളെയും കണ്ട് യാഥാര്‍ത്ഥ്യം മനസ്സിലാക്കിയ അര്‍ജ്ജുനന്‍ തന്റെ തെറ്റുകള്‍ പൊറുക്കണമെന്നഭ്യര്‍ത്ഥിച്ചു നിലത്തുവീണു വന്ദിച്ചു. ഭഗവാന്‍ അര്‍ജ്ജുനനെ കനിഞ്ഞനുഗ്രഹിച്ചു. പാശുപതം നല്‍കി. ഗാണ്ഡീവവും അമ്പൊടുങ്ങാത്ത ആവനാഴിയും മടക്കിക്കൊടുത്തു ധന്യനാക്കി.
പാര്‍വതീ സമേതനായി ഭഗവാന്‍മുന്നില്‍ എഴുന്നള്ളിനിന്നിട്ടും അര്‍ജ്ജുനന്‍ കണ്ടത് കിരാതനെയാണ്. എന്താണിതിനുകാരണം? അര്‍ജ്ജുനന്റെ മനസ്സില്‍ അപ്പോഴും ജ്വലിച്ചു നിന്നഗര്‍വംതന്നെ. തല്ലുംചവിട്ടുംകൊണ്ട് ഗര്‍വം ശമിച്ചപ്പോള്‍ കിരാതന്‍ തന്നെ ശിവനായി കാണപ്പെട്ടു. മാറ്റമുണ്ടായത് ശിവനിലല്ല. മാറ്റമുണ്ടായത് അര്‍ജ്ജുനനിലാണ് എന്തെന്നാല്‍ അര്‍ജ്ജുനന്‍ കിരാതനെകണ്ടുകോപിക്കുമ്പോഴും ശിവന്‍ കിരാതനായിരുന്നില്ല ശിവന്‍തന്നെയായിരുന്നു. കാമക്രോധാദികള്‍ ഹൃദയത്തിലുള്ളപ്പോള്‍ ഈശ്വരദര്‍ശനം സാധ്യമല്ല. അപ്പോഴെല്ലാം പ്രപഞ്ചം ജഡമായും ക്രൂരമായും ഭീകരമായുമെല്ലാം തോന്നും. ക്രോധവും ദുഃഖവും ഭയവുമാണ് അതിന്റെ ഫലം. എന്നാല്‍ കാമക്രോധാദികളൊഴിഞ്ഞ് ഹൃദയം സാത്വികഭാവപൂര്‍ണ്ണമായാലോ എമ്പാടും ഈശ്വരചൈതന്യം പ്രസരിക്കുന്നതുകണ്ടു ആനന്ദിയ്ക്കാനാകും. എങ്കിലേ അകമലരുമഴകിഴുകി നില്‍ക്കും പ്രപഞ്ചവും ശോഭിക്കുന്ന കപോലദര്‍ശനം സാദ്ധ്യമാകൂ.
മനുഷ്യമനസ്സിലെ കാമാദിവാസനകളാണ് ഭഗവാനില്‍ കിരാതനെ ആരോപിക്കുന്നത്. കിരാതനെ കാണുമ്പോള്‍ കലഹിക്കാനും യുദ്ധം ചെയ്യാനുമെല്ലാം തോന്നും. പക്ഷേ ആ കിരാതനോട് ഏറ്റുമുട്ടി ജയിച്ചവരാരുമില്ല. ആ കിരാതന്റെ നന്നേ നിസ്സാരമായ അംശംമാത്രമായ മനുഷ്യന് എങ്ങനെയാണ് പ്രപഞ്ചത്തിനുമുഴുവന്‍ ആദികാരണമായ ആ മഹാത്മാവിനെ ജയിക്കാനാവുക? ലോകംമുഴുവന്‍ പിടിച്ചടക്കാന്‍ ചാടിപ്പുറപ്പെട്ട ഭരണാധിപന്മാരെല്ലാം എങ്ങോട്ടുപോയെന്നു ചിന്തിക്കും. കാലസ്വരൂപനായ ഭഗവാനുമുന്നില്‍ ഏവരും കീഴടങ്ങി. തദവസരത്തില്‍ ആര്‍ക്കാണോ വിവേകമുദിക്കുന്നത് അവര്‍ക്കു കിരാതന്‍ സര്‍വാനുഗ്രഹദാതാവായ കിരാതമൂര്‍ത്തിയായി കാണാനാകും. കിരാതദര്‍ശനം മിഥ്യാദര്‍ശനമാണ്. സത്യദര്‍ശനം കിരാതമൂര്‍ത്തിയുടെ അഥവാ ശിവന്റെ ദര്‍ശനമാകുന്നു.
Discussion about this post